ആലപ്പുഴ: നഗരത്തിന്റെ മുഖച്ഛായ മാറ്റുന്ന ആലപ്പുഴ മൊബിലിറ്റി ഹബിന്റെ ഒന്നാംഘട്ട നിർമ്മാണപ്രവർത്തനത്തിന്റെ ഭാഗമായുള്ള 357 തൂണുകളുടെ നിർമ്മാണം വൈകുന്നു. നഗരസഭ നടത്തിയ പൈലിംഗ് ഭാരശേഷി പരിശോധനാ ഫലം തൃപ്തികരമല്ലാത്തതാണ് കാരണം. ഇൻകൽ കമ്പിനിയോട് പുതിയ പ്ലാൻ സമർപ്പിക്കാൻ നിർദ്ദേശിച്ചു.
ഈ പ്ലാനിന് അംഗീകാരം ലഭിച്ചാൽ മാത്രമേ നിർമ്മാണം ആരംഭിക്കാനാവൂ. ആദ്യം നടത്തിയ ടെസ്റ്റ് പൈലിംഗിന്റെ ഭാരശേഷി പരിശോധന നിർമ്മാണ ചുമതലയുള്ള ഇൻകൽ തന്നെയാണ് നടത്തിയത്. ഇതിനുശേഷം രണ്ട് ടെസ്റ്റ് പൈലിംഗുകൾ കൂടി നടത്തിയിരുന്നു. ഓരോന്നും താഴ്ത്തി 28 ദിവസം കഴിഞ്ഞിട്ടാണ് പരിശോധന. മൂന്നാമത്തെ പരിശോധനാഫലം തൃപ്തികരമല്ലാതിരുന്നതാണ് തൂണുകളുടെ നിർമ്മാണം വൈകിപ്പിക്കുന്നത്.
അതേസമയം, വളവനാട് നിർമ്മിക്കുന്ന താത്കാലിക ഗാര്യേജ്, വർക്ക് ഷോപ്പ് എന്നിവയുടെ നിർമ്മാണം പൂർത്തിയാകാൻ ഒരുമാസം കൂടി വേണ്ടിവരും. ഒക്ടോബർ 20ന് നിർമ്മാണം പൂർത്തിയാക്കാനായിരുന്നു തീരുമാനം. എന്നാൽ കാലവർഷത്തിൽ ഗാര്യേജിന്റെ നിർമ്മാണം വൈകി.
കെ.എസ്.ആർ.ടി.സി, ഇറിഗേഷൻ, ഇറിഗേഷൻ യാഡ് വകുപ്പുകളെ ഏകോപിപ്പിച്ചാണ് മൊബിലിറ്റി ഹബ് നിർമ്മാണം. ചുണ്ടൻവള്ളത്തിന്റെ ആകൃതിയിലാണ് ഹബ് നിർമ്മിക്കുക. കഴിഞ്ഞ ഫെബ്രുവരിയിൽ മുഖ്യമന്ത്രിയാണ് നിർമ്മാണ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ചത്. ജനുവരി മുതൽ ആലപ്പുഴ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന്റെ കിഴക്ക് ഭാഗത്ത് താത്കാലികമായി നിർമ്മിക്കുന്ന റോഡിലൂടെ ബസുകൾ കടത്തിവിടാനാണ് തീരുമാനിച്ചിരിക്കുന്നത്.
മൊബിലിറ്റി ഹബിലെ സൗകര്യങ്ങൾ
1. മൾട്ടിപ്ളസ് തീയേറ്റർ
2. ഹൈപ്പർ മാർക്കറ്റ്
3. ഹോട്ടൽ കോംപ്ളക്സ്
4. ബാർ, പത്ത് മുറികളുള്ള ഹോട്ടൽ
5. മൾട്ടി ലെവർ കാർ പാർക്കിംഗ് സൗകര്യം
നിലകൾ: 03
വിസ്തീർണം: 40,170 ചതുരശ്ര മീറ്റർ
പദ്ധതി ചെലവ്: ₹ 493.06 കോടി
""
ലോക്ക് ഡൗണും അസംസ്കൃത വസ്തുക്കളുടെ ലഭ്യതക്കുറവും നിർമ്മാണത്തെ ബാധിച്ചു. പുതിയ പ്ളാനിന് അംഗീകാരം ലഭിച്ചശേഷമേ തൂണുകളുടെ നിർമ്മാണം ആരംഭിക്കൂ.
ഇൻകൽ കമ്പിനി അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |