ആലപ്പുഴ: സുകന്യ സമൃദ്ധി യോജന പദ്ധതിക്ക് പിന്തുണയുമായി സംസ്ഥാന വനിതാ ശിശുവികസന വകുപ്പും. കേന്ദ്ര സർക്കാരിന്റെ ബേഠി ബചാവോ ബേഠി പഠാവോ പദ്ധതിയുടെ ഭാഗമായുള്ള സുകന്യ സമൃദ്ധി യോജന നിക്ഷേപം പോസ്റ്റൽ വകുപ്പ് മുഖേനയാണ് നടപ്പാക്കുന്നത്.
പദ്ധതിയുടെ സേവനം പരമാവധി ആളുകളിൽ എത്തിക്കുകയാണ് ലക്ഷ്യം. കേന്ദ്രസർക്കാരിന്റെ നിർദേശപ്രകാരമാണ് വനിതാ ശിശുവികസന വകുപ്പ് പദ്ധതിയുമായി സഹകരിക്കുന്നത്. എല്ലാ സാമ്പത്തിക വർഷത്തിലും അക്കൗണ്ടിലേക്ക് നിർബന്ധമായും കുറഞ്ഞ തുക നിക്ഷേപിക്കേണ്ടതുണ്ട്. 2020 ഏപ്രിൽ-ജൂൺ പാദത്തിൽ എസ്.എസ്.വൈ അക്കൗണ്ടിന്റെ പലിശ നിരക്ക് പ്രതിവർഷം 7.6 ശതമാനമാണ്. ഇത് വാർഷിക അടിസ്ഥാനത്തിൽ വർദ്ധിപ്പിക്കും. പോസ്റ്റ് ഓഫീസ് സേവിംഗ് ബാങ്ക് പലിശ നിരക്ക് നിലവിൽ നാലു ശതമാനമാണ്. നിലവിൽ 1961ലെ ഐ.ടി ആക്ടിന്റെ 80 സി പ്രകാരം സുകന്യ സമൃദ്ധി യോജന സ്കീം അക്കൗണ്ടിൽ നിക്ഷേപിക്കുന്ന ഏത് തുകയും പരമാവധി 1.5 ലക്ഷം രൂപ വരെ നികുതിയിൽ നിന്ന് ഒഴിവാക്കും. അക്കൗണ്ടിന് നോമിനേഷൻ നിർബന്ധമാണ്. പെൺകുട്ടിയുടെ 15 വയസുവരെ പദ്ധതി തുടരാം. 21 വയസാകുമ്പോൾ കാലാവധി പൂർത്തിയാകും. 18 വയസ് മുതൽ പെൺകുട്ടിക്ക് അക്കൗണ്ട് സ്വന്തമായി കൈകാര്യം ചെയ്യാം. ഉന്നത വിദ്യാഭ്യാസത്തിനായി കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് തന്നെ ഒരു സാമ്പത്തിക വർഷത്തിൽ ഒരു തവണ എന്ന ക്രമത്തിൽ നിക്ഷേപത്തിന്റെ പരമാവധി 50 ശതമാനം രേഖകളോടെ പിൻവലിക്കാം. പരമാവധി അഞ്ചുതവണ വരെ പിൻവലിക്കാൻ അവസരമുണ്ട്. കാലാവധി പൂർത്തിയാകുമ്പോൾ പെൺകുട്ടിക്ക് മാത്രമേ പണം നൽകൂ. പലിശ നിരക്ക് അതത് സമയങ്ങളിൽ കേന്ദ്ര സർക്കാർ വിജ്ഞാപനം മുഖേന അറിയിക്കും.
സുകന്യ സമൃദ്ധി യോജന
1. പെൺകുട്ടികളുടെ ജനനം മുതൽ 10 വയസ് തികയുന്നതിനു മുമ്പ് വരെ അക്കൗണ്ടിൽ പണം നിക്ഷേപിക്കണം.
2. പ്രതിവർഷം 250 രൂപയാണ് അക്കൗണ്ടിലേക്കുള്ള കുറഞ്ഞ നിക്ഷേപം
3. 1.5 ലക്ഷം രൂപ വരെ പ്രതിവർഷം നിക്ഷേപിക്കാം
4. 21 വയസിൽ പണം പിൻവലിക്കാം
അക്കൗണ്ട് എങ്ങനെ തുടങ്ങാം
സമീപ പ്രദേശത്തുള്ള ഏതൊരു വാണിജ്യ ബാങ്ക് ശാഖയിലോ, അംഗീകൃത പോസ്റ്റ് ഓഫീസ് ശാഖയിലോ അക്കൗണ്ട് ആരംഭിക്കാം. അപേക്ഷാ ഫാറത്തിനൊപ്പം കുട്ടിയുടെ ജനനസർട്ടിഫിക്കറ്റും സമർപ്പിക്കണം. പാൻകാർഡ്, റേഷൻ കാർഡ്, ലൈസൻസ് തുടങ്ങി രക്ഷിതാവിന്റെയും കുട്ടിയുടെയും ഏതെങ്കിലും തിരച്ചറിയൽ രേഖയും വിലാസം തെളിയിക്കുന്ന രേഖയും നൽകണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |