SignIn
Kerala Kaumudi Online
Saturday, 27 April 2024 12.44 AM IST

ബോയകളിൽ ഹൗസ് ബോട്ട് കെട്ടല്ലേ, വരുത്തും വലിയ അപകടം

photo

ദിശ കാട്ടേണ്ട ബോയകളിൽ ഹൗസ് ബോട്ട് കെട്ടിയിടുന്നു

ആലപ്പുഴ: ദേശീയ ജലപാതയിൽ യാത്രാബോട്ടുകളുടെ സഞ്ചാര ദിശ അറിയാൻ സ്ഥാപിച്ച ബോയകൾ ഹൗസ് ബോട്ടുകൾ കെട്ടിയിടുന്നത് കാരണം നശിക്കുന്നു. ഹൗസ് ബോട്ടുകൾ കായലിന്റെ മദ്ധ്യ ഭാഗത്ത് നിർത്തുമ്പോൾ നങ്കൂരമിടുന്നതിന് പകരം ബോയകളിൽ കെട്ടിയിടുന്നതാണ് വിനയാകുന്നത്.

ജില്ലയിലെ വിവിധ ജലപാതകളിൽ ദേശീയ ജലപാത അതോറട്ടറി ഒഫ് ഇന്ത്യ 45ഉം തുറമുഖ വകുപ്പ് ഏഴും ബോയകളാണ് സ്ഥാപിച്ചിട്ടുള്ളത്. മുഹമ്മ-കുമരകം ജലപാതയിൽ തുറമുഖ വകുപ്പും ആലപ്പുഴ, നെടുമുടി, കാവാലം, കോട്ടയം, ചങ്ങനാശേരി ജലപാതകളിൽ ദേശീയ ജലപാത അതോറട്ടറിയുമാണ് ബോയകൾ സ്ഥാപിച്ചത്. മുഹമ്മ-കുമരകം ജലപാതയിലാണ് ഹൗസ് ബോട്ടുകൾ ബോയകളിൽ കെട്ടിയിടുന്നത്.

# ക്ഷണിച്ച് വരുത്തുന്ന ദുരന്തം

കായൽ സൗന്ദര്യം ആസ്വദിക്കാൻ സഞ്ചാരികളുമായി എത്തുന്ന ഹൗസ് ബോട്ടുകൾ കായലിന്റെ മദ്ധ്യഭാഗത്ത് എത്തുമ്പോൾ നിർത്തും. ഈ സമയത്താണ് ബോയകളിൽ ഹൗസ്ബോട്ട് കെട്ടിയിടുന്നത്. ശക്തമായ കാറ്റിൽ ഹൗസ്ബോട്ടുകൾ കായലിൽ ഒഴുകുമ്പോൾ ബോയകൾ ഇളകിമാറും. ഇത് യാത്രാബോട്ടുകളും മത്സ്യബന്ധന വള്ളങ്ങളും ദിശമാറി സഞ്ചരിച്ച് അപകടത്തിൽപ്പെടാൻ വഴിയൊരുക്കും. രാത്രിയും കാ​റ്റും കോളുമുള്ള സമയങ്ങളിലും അപകട സാദ്ധ്യത കൂടുതലാകും. വിശാലമായ കായൽപരപ്പായതിനാൽ മുഹമ്മ- കുമരകം ജലപാതയിൽ ഓടുന്ന ബോട്ടുകൾക്കും മീൻപിടുത്തക്കാർക്കും ദിശ അറിയുന്നതിന് ബോയകൾ സഹായകരമായിരുന്നു.

വള്ളങ്ങളും ബോട്ടുകളും പെടും

ബോട്ട് ജീവനക്കാർ നിരന്തരമായി നൽകിയ പരാതികളെ തുടർന്നാണ് തുറമുഖ വകുപ്പ് മുഹമ്മ ജലപാതയിൽ ബോയകൾ സ്ഥാപിച്ചത്. വെള്ളം കുറയുന്ന അവസരങ്ങളിൽ ബോട്ടുകളും വള്ളങ്ങളും മണൽ തിട്ടയിൽ തട്ടിയും ദുരന്തത്തിന് സാദ്ധ്യത കൂടുതലാണ്. ദേശീയ ജലപാത അധികൃതർ വേമ്പനാട് കായലിലെ ജലപാതയിൽ സ്ഥാപിച്ചിട്ടുള്ള ബോയകളിലും ഹൗസ് ബോട്ടുകൾ കെട്ടി തകർക്കുന്നത് പതിവ് സംഭവമാണ്. ദിശമാറി ബോട്ട് സഞ്ചരിക്കുമ്പോൾ വെള്ളത്തിനടിയിലുള്ള മരകുറ്റികളിൽ ബോട്ടിന്റെ പങ്കായ ഇലകൾ തട്ടി അപകടമുണ്ടാകും. ഇതിന് പുറമേ കായലിൽ ബോട്ടുകൾ മറിഞ്ഞ് മുങ്ങിത്താഴാനുമുള്ള സാദ്ധ്യത ഏറെയാണ്. ബോയകളിൽ ഹൗസ്ബോട്ടുകൾ കെട്ടുന്ന ഉടമകൾക്ക് എതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജലഗതാഗത വകുപ്പ് ജീവനക്കാർ പൊലീസിലും തുറമുഖ വകുപ്പിലും പരാതി നൽകി.

....................................

"സ്രാങ്ക് അസോസിയേഷന്റെ ശക്തമായ ഇടപെടലിനെ തുടർന്നാണ് തുറമുഖവകുപ്പ് പുതിയതായി ബോയകൾ സ്ഥാപിച്ചത്. ഹൗസ്‌ബോട്ടുകൾ കെട്ടുന്നതുമൂലം ബോയകൾ നശിക്കുന്നത് അപകടമുണ്ടാക്കും. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണം.

ആദർശ് കുപ്പപ്പുറം, ജനറൽ സെക്രട്ടറി, സ്രാങ്ക് അസോസിയേഷൻ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.