അനുബന്ധ ഉപകരണങ്ങൾ നിർമ്മിക്കാൻ ചെറുകിട ഉത്പാദകരെ കണ്ടെത്തുന്ന പദ്ധതിക്ക് തുടക്കമായി
ആലപ്പുഴ: ചേർത്തലയിലെ പൊതമേഖലാ സ്ഥാപനമായ ഓട്ടോകാസ്റ്റിൽ പുതിയ വ്യവസായ വികസനവഴി തുറക്കുന്ന പദ്ധതിയായ റെയിൽവേ ചരക്കുവാഗണുകളിൽ ഉപയോഗിക്കുന്ന കാസ്നബ് ബോഗിയുടെ അനുബന്ധ ഉപകരണങ്ങൾ തദ്ദേശീയമായി നിർമ്മിക്കാൻ ചെറുകിട ഉത്പാദകരെ കണ്ടെത്തുന്ന പദ്ധതിക്ക് തുടക്കമിട്ടു. കഴിഞ്ഞ ദിവസം ചെറുകിട ഉത്പാദകരെ കണ്ടെത്താൻ ഓട്ടോകാസ്റ്റ് വിളിച്ച യോഗത്തിൽ 50 ചെറുകിട സംരംഭകർ പങ്കെടുത്തു. തുടർ നടപടിക്കായി 26 കമ്പനികൾ രജിസ്റ്റർ ചെയ്തു. റെയിൽവേ ചരക്കുവാഗണുകളിൽ ഉപയോഗിക്കുന്ന കാസ്നബ് ബോഗിയുടെ അനുബന്ധ ഉപകരണങ്ങൾ നിർമിക്കാൻ പ്രാപ്തരായ എൻജിനിയറിംഗ്– സേവന മേഖലകളിൽനിന്നുള്ള ചെറുകിട ഉത്പന്ന നിർമാതാക്കളെയാണ് (എം.എസ്.എം.ഇ) ഓട്ടോകാസ്റ്റ് നോളജ് സെന്ററിലെ യോഗത്തിലേയ്ക്ക് ക്ഷണിച്ചത്. ഇത്തരം ചെറുകിട ഉത്പാദകരെ കണ്ടെത്തുന്ന പദ്ധതിക്ക് തുടക്കമിടുന്നതിന്റെ ഭാഗമായിട്ടായിരുന്നു യോഗം. ചേർത്തല താലൂക്ക് വ്യവസായ ഓഫീസും ജില്ലാ വ്യവസായകേന്ദ്രവും ചേർന്നാണ് യോഗം സംഘടിപ്പിച്ചത്. ബോഗി നിർമാണത്തിന്റെ സാങ്കേതിക കാര്യങ്ങളും അനുബന്ധ ഉപകരണങ്ങളെക്കുറിച്ചും വിശദീകരിച്ചു. ബോഗി നിർമ്മാണ ഫാക്ടറിയും നിർമ്മാതക്കളെ പരിചയപ്പെടുത്തി. തിരഞ്ഞെടുക്കുന്ന കമ്പനികൾക്ക് ആവശ്യമായ മാർഗ നിർദ്ദേശം ഓട്ടോകാസ്റ്റ് നൽകും. ഓട്ടോകാസ്റ്റ് റെയിൽവേ ചരക്കുവാഗണുകളിൽ ഉപയോഗിക്കുന്ന കാസ്നബ് ബോഗിയുടെ വാണിജ്യ നിർമാണം വൻ വിജയമായതോടെയാണ് അടുത്തഘട്ടത്തിലേക്ക് കടക്കുന്നത്. ബോഗിയുടെ അനുബന്ധ ഉപകരണങ്ങൾ തദ്ദേശീയമായി നിർമ്മിക്കാൻ ചെറുകിട ഉത്പാദകരെ കണ്ടെത്തുന്ന പദ്ധതിക്കാണ് തുടക്കമിടുന്നത്. ബോഗി ഫ്രെയിം നിർമാണശേഷം കൂട്ടിയോജിപ്പിക്കൽ ജോലികൾക്ക് അടക്കം ആവശ്യമായ മറ്റ് എൻജിനിയറിംഗ് ഘടകങ്ങൾ ഇപ്പോൾ കൊൽക്കത്തയിൽനിന്നും മറ്റുമാണ് വാങ്ങുന്നത്. ബ്രേക്ക് ബീം, സ്പ്രിംഗ് പ്ലാങ്ക്, വിയർ പ്ലേറ്റ്, ഇലാസ്റ്റോമെറിക് പാഡ് തുടങ്ങിയ 14ഇന അനുബന്ധ ഉപകരണങ്ങളാണ് ആവശ്യമുള്ളത്. ഇവയ്ക്ക് ഓർഡർ കൊടുത്താൽ ലഭിക്കാൻ രണ്ടുമുതൽ മൂന്നുമാസം വരെ കാലതാമസം എടുക്കും. തദ്ദേശീയമായി നിർമ്മിച്ചാൽ കാലതാമസമൊഴിവാക്കാനും സംസ്ഥാനത്തെ വ്യവസായ വളർച്ചയ്ക്കും വഴിയൊരുക്കും. ബോഗി നിർമ്മാണവും കൂടുതൽ വേഗത്തിലാകും. നിർമാണത്തിന് ചെറുകിട സംരംഭകർക്ക് അനുമതി ആവശ്യമാണ്. ഇതിനുള്ള സഹായവും സാങ്കേതിക പരിജ്ഞാനവും ഓട്ടോകാസ്റ്റ് നൽകും.
ഓർഡർ 260
കാസ്നബ് ബോഗിയുടെ നിർമ്മാണമാരംഭിച്ചാൽ മറ്റ് റെയിൽവേ സോണുകളുടെ കരാറും ഇവർക്ക് ലഭിക്കും. ഉത്തര റെയിൽവേയുടെ അമൃതസർറെയിൽവേ വർക്ക്ഷോപ്പിൽ നിന്ന് ലഭിച്ച കാസ്നബ് ബോഗി ഓർഡർ പൂർത്തിയാക്കി. കരാർപ്രകാരം 31 ബോഗികളാണ് കൈമാറിയത്. ഇതുവരെ 260ബോഗികളുടെ ഓർഡർ ആണ് ലഭിച്ചത്. ഇനി കൈമാറാനുള്ളത് 229 ബോഗികളാണ്. ദക്ഷിണ റെയിൽവേയുടെ 94 ബോഗികളുടെ നിർമാണം പുരോഗമിക്കുന്നു. കിഴക്കൻ മദ്ധ്യ റെയിൽവേയുമായി 13 ബോഗികളുടെ കരാറുണ്ട്. ബംഗാളിലെ ബ്രൈത്ത്വൈറ്റുമായി 122 ബോഗി നിർമിക്കാനാണ് കരാർ.
"റെയിൽവേ ചരക്കുവാഗണുകളിൽ ഉപയോഗിക്കുന്ന കാസ്നബ് ബോഗിയുടെ അനുബന്ധ ഉപകരണങ്ങൾ നിർമ്മിക്കാൻ തിരഞ്ഞെടുക്കുന്ന കമ്പനികൾക്ക് ആവശ്യമായ മാർഗ നിർദ്ദേശവും ആർ.ഡി.എസിന്റെ അംഗീകാരം ലഭിക്കുന്നതിന് ആവശ്യമായ നിർദ്ദേശങ്ങളും സഹായവും നൽകും.
-അലക്സ് മാത്യു കണ്ണമല, ചെയർമാൻ, ഓട്ടോകാസ്റ്റ്
" കാസ്നബ് ബോഗിയുടെ നിർമ്മാണം മാസം പത്ത് എന്നത് 25യി വർദ്ധിപ്പിക്കുന്നതിന് ഓട്ടോകാസ്റ്റിന്റെ അടിസ്ഥാന സൗകര്യം ഒരുക്കാൻ സർക്കാർ സഹായം തേടും. ബംഗാളിലെ ബ്രൈത്ത്വൈറ്റ് കമ്പനി പ്രതിമാസം 200ബോഗികളുടെ നിർമ്മാണ ഓർഡർ നൽകാമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്.
വരദരാജൻ, എം.ഡി, ഓട്ടോകാസ്റ്റ്
# ചെറുകിട ഉത്പാദകർ
യോഗത്തിൽ ക്ഷണിച്ചത്.........70
പങ്കെടുത്തത്............................50
രജിസ്റ്റർ ചെയ്ത ഉത്പാദകർ......26
# കാസ്നബ് ബോഗി
ആകെ ലഭിച്ച ഓർഡർ...................260
പൂർത്തീകരിച്ച് കൈമാറിയത് ........31
പരർത്തികരിക്കാനുള്ളത്..............229
#ഉത്പാദനം പ്രതിമാസം
നിലവിൽ,,,,,,,,,,,,,,,...............10
വർദ്ധിപ്പിക്കാൻ ലക്ഷ്യം........25
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |