കൊച്ചി: സഹോദരനെയും അമ്മാവനെയും വെടിവച്ചുകൊന്ന കേസിലെ പ്രതി കാഞ്ഞിരപ്പള്ളി കരിമ്പനപ്പടിഭാഗം കരിമ്പനാൽവീട്ടിൽ പപ്പൻ എന്നു വിളിക്കുന്ന ജോർജ് കുര്യന്റെ (52) ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. 2022 മാർച്ച് ഏഴിനാണ് സാമ്പത്തിക തർക്കത്തെത്തുടർന്ന് രഞ്ജു കുര്യൻ, മാത്യു സ്‌കറിയ എന്നിവരെ ജോർജ് വെടിവച്ചുകൊന്നത്. തുടർന്ന് അറസ്റ്റിലായ പ്രതി ഒരു വർഷത്തിലേറെയായി ജയിലിലാണെന്നും വിചാരണ നടപടിക്കായി കേസ് ഏപ്രിലിലേക്ക് വച്ചിട്ടുണ്ടെങ്കിലും വിചാരണ വൈകാനിടയുണ്ടെന്നും ആരോപിച്ചാണ് ജോർജ് കുര്യൻ ജാമ്യാപേക്ഷ നൽകിയത്. എന്നാൽ പ്രോസിക്യൂഷൻ ഹർജിയെ എതിർത്തു.
പ്രതി ജാമ്യത്തിലിറങ്ങിയാൽ തങ്ങളെ കൊല്ലുമെന്ന് പ്രതിയുടെ മാതാപിതാക്കളും കൊല്ലപ്പെട്ട സഹോദരന്റെ ഭാര്യയും മൊഴി നൽകിയിരുന്നു. സഹോദരനെയും അമ്മാവനെയും കൊലപ്പെടുത്തുമെന്ന് സഹോദരിക്ക് വാട്ട്സ് ആപ്പ് സന്ദേശമയച്ചശേഷമാണ് പ്രതി കൃത്യം നടത്തിയതെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. ജയിലിൽ തനിക്കൊപ്പം കഴിഞ്ഞിരുന്ന മറ്റൊരു കേസിലെ പ്രതിയോട് ജൂലായിൽ പുറത്തിറങ്ങുമ്പോൾ അന്വേഷണ ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്താൻ നിർദ്ദേശിച്ചെന്നും അന്വേഷണ ഉദ്യോഗസ്ഥനെ വകവരുത്താൻ ക്വട്ടേഷൻ നൽകിയെന്നും പ്രോസിക്യൂഷൻ വിശദീകരിച്ചു. അടുത്ത ബന്ധുക്കൾ സാക്ഷികളായ ഈ കേസിൽ പ്രതിക്ക് ജാമ്യംനൽകുന്നത് സാക്ഷികളെ ഭീഷണിപ്പെടുത്താനിടയാക്കുമെന്നും വ്യക്തമാക്കി. ഈ വാദം കണക്കിലെടുത്ത് പ്രതിക്ക് ജാമ്യം നൽകിയാൽ നിർണായക സാക്ഷികളായ മാതാപിതാക്കളുടെയും സഹോദരഭാര്യയുടെയും ജീവൻ അപകടത്തിലാവുമെന്ന് ഹൈക്കോടതി വിലയിരുത്തി. അന്വേഷണ ഉദ്യോഗസ്ഥനെ വകവരുത്താൻ ക്വട്ടേഷൻ നൽകിയ സംഭവം ഞെട്ടിക്കുന്നതാണെന്നും അഭിപ്രായപ്പെട്ടു. തുടർന്നാണ് ജാമ്യഹർജി തള്ളിയത്. കേസിൽ വിചാരണ ഷെഡ്യൂൾ പ്രകാരം പൂർത്തിയാക്കാൻ സെഷൻസ് കോടതിക്ക് നിർദ്ദേശം നൽകിയിട്ടുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |