കൊച്ചി: ഹോട്ടൽ മാലിന്യങ്ങൾ സ്വയം സംസ്കരിക്കണമെന്ന സർക്കാർ നിർദ്ദേശം വന്നതോടെ ജില്ലയിലെ ഹോട്ടലുകൾ പ്രതിസന്ധിയിലായി. ഭക്ഷ്യാവശിഷ്ടങ്ങൾ പന്നിഫാമുകൾ ശേഖരിക്കുന്നതിനാൽ അക്കാര്യം മുമ്പേ തന്നെ വലിയ പ്രശ്നമല്ലായിരുന്നു. പക്ഷേ പച്ചക്കറി അവശിഷ്ടങ്ങൾ ഉൾപ്പടെയുള്ള ഖര മാലിന്യങ്ങളും പ്ളാസ്റ്റിക് മാലിന്യങ്ങളുമാണ് കീറാമുട്ടിയാകുന്നത്.
ചെറിയ തോതിൽ കഴിഞ്ഞ ദിവസങ്ങളിൽ ഖരമാലിന്യം ശേഖരിച്ചെങ്കിലും പ്രതിസന്ധി തീർന്നിട്ടില്ല. പ്ളാസ്റ്റിക് അവശിഷ്ടങ്ങൾ ഓരോ ഹോട്ടലുകളിലും കുന്നുകൂടുകയാണ്. ഏപ്രിൽ പത്തിന് ശേഷം ഹോട്ടൽ മാലിന്യങ്ങൾ ഒന്നും ശേഖരിക്കില്ലെന്ന് കഴിഞ്ഞ ദിവസം കളക്ടറേറ്റിൽ ഹോട്ടൽ ഉടമകളുടെ പ്രതിനിധികൾ കൂടി ഉൾപ്പെടുന്ന യോഗത്തിൽ തദ്ദേശ വകുപ്പ് മന്ത്രി എം.ബി.രാജേഷ് വ്യക്തമാക്കിയിരുന്നു.
ഇതേ തുടർന്ന് സ്വന്തം നിലയിൽ മാലിന്യസംസ്കരണ സാദ്ധ്യതകൾ തേടുകയാണ് നഗരത്തിലെ ഹോട്ടൽ മേഖല. ചെറുകിട ഹോട്ടലുകാർക്കും തട്ടുകടക്കാരുമാണ് മറ്റൊരു രീതിയിൽ വലയുന്നത്.
ഹോട്ടലുകാരുടെ പ്രതിസന്ധികൾ
ഖരമാലിന്യം എടുക്കാൻ ഇനി ആളില്ല.
ഹോട്ടലിലെ പ്ളാസ്റ്റിക് മാലിന്യം കീറാമുട്ടി. ഇത് ഹരിതകർമ്മസേന എടുക്കമോ എന്നറിയില്ല.
നിലവിൽ മാലിന്യം ശേഖരിക്കുന്ന സ്വകാര്യ ഏജൻസികൾ ഇല്ല. സന്നദ്ധരാകുന്നവർക്ക് അതിനുള്ള സ്ഥലസൗകര്യം ഇല്ല.
മാലിന്യവും മലിനജലവും സംസ്കരിക്കാൻ സ്വന്തം സംവിധാനം ഒരുക്കാൻ കെട്ടിട ഉടമകൾ അനുവദിക്കുന്നില്ല.
ചെറുകിട ഹോട്ടലുകൾക്ക് പുതിയ ചെലവുകൾ താങ്ങാനാവില്ല
ഗൗരവമായ പ്രതിസന്ധിയാണ് ഹോട്ടൽ മേഖല നേരിടുന്നത്. മാലിന്യം ശേഖരിക്കാൻ സ്വകാര്യ ഏജൻസികളില്ലാത്തത് വലിയ പ്രശ്നമാണ്. കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷന്റെ നേതൃത്വത്തിൽ പലരുമായി ചർച്ചകൾ നടത്തിവരികയാണ്. ഇതുവരെ പരിഹാരമായിട്ടില്ല.
കെ.ടി.റഹിം, ജില്ലാ സെക്രട്ടറി
കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |