കൊച്ചി: വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി ആഘോഷവേളയിൽ ആമചാടി തേവരുടെ സ്മരണകളുറങ്ങുന്ന തുരുത്തിലേക്ക് ചരിത്ര വിദ്യാർത്ഥികളും സാംസ്കാരിക പ്രവർത്തകരും സ്മൃതിയാത്ര സംഘടിപ്പിച്ചു. കൊച്ചി ആസ്ഥാനമായ പ്രബോധ ട്രസ്റ്റ്, വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷസമിതി (എറണാകുളം) എന്നിവയുടെ നേതൃത്വത്തിൽ കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജിലെ ചരിത്രവിഭാഗം വിദ്യാർത്ഥികളും അദ്ധ്യാപകരും പ്രൊ. എം.എൻ. കാരശേരി, എൻ. മാധവൻകുട്ടി തുടങ്ങിയ സാംസ്കാരിക പ്രവർത്തകരുമാണ് ഇന്നലെ വേമ്പനാട്ട് കായലിൽ പൂത്തോട്ടയ്ക്ക് സമീപത്തെ ആമചാടി തുരുത്ത് സന്ദർശിച്ചത്.
തേവന്റെ സ്മൃതി കുടീരത്തിൽ പുഷ്പാഞ്ജലിയും അനുസ്മരണ സമ്മേളനവും നടത്തി. തേവന്റെ സ്മൃതികുടീരം ചരിത്ര സ്മാരകമായി പ്രഖ്യാപിക്കണമെന്ന് എം.എൻ. കാരശേരിയും സ്മൃതികുടീരം എന്തു വിലകൊടുത്തും സംരക്ഷിക്കണമെന്ന് എൻ. മാധവൻകുട്ടിയും അഭിപ്രായപെട്ടു.
ചരിത്രപ്രസിദ്ധമായ വൈക്കം സത്യഗ്രഹത്തിന്റെ മുന്നണിപ്പോരാളികളിൽ പ്രമുഖനായിരുന്നു ആമചാടി തേവൻ. ബാല്യത്തിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട അനാഥനായ ആമചാടി തേവനിലെ സമരപോരാളിയെ തിരിച്ചറിഞ്ഞതും പ്രോത്സാഹിപ്പിച്ചതും ടി.കെ. മാധവനായിരുന്നു. വൈക്കത്തെ സമരാവേശത്തിന്റെ പേരിൽ മഹാത്മാഗാന്ധിയുടെ സ്നേഹവാത്സ്യങ്ങൾക്കും തേവൻ പാത്രമായിട്ടുണ്ട്. സത്യഗ്രഹം കൊടുമ്പിരികൊണ്ടിരിക്കെ, ഒരുനാൾ സവർണ വിഭാഗത്തിന്റെ ആക്രമണത്തിൽ കാഴ്ചനട്ടപ്പെട്ട തേവനെ വടക്കേ ഇന്ത്യയിൽ നിന്നുള്ള വൈദ്യന്മാരെ വരുത്തി ചികിത്സിപ്പിച്ചതും മഹാത്മാഗാന്ധിയാണ്. അതിനുശേഷവും കാഴ്ചശക്തി പൂർണമായി തിരിച്ചുകിട്ടിയില്ല.
പൂത്തോട്ട ശ്രീവല്ലഭ ക്ഷേത്രത്തിൽ പ്രതിഷ്ഠ നടത്താനെത്തിയ ശ്രീനാരായണഗുരു തേവനെ ആദരസൂചകമായി 'ദേവൻ' എന്ന് വിശേഷിപ്പിച്ചു. അവശജനങ്ങളുടെ അവകാശപ്പോരാട്ട ചരിത്രത്തിൽ ആത്മസമർപ്പണം കൊണ്ട് ശ്രദ്ധേയനായ ആമചാടി തേവന്റെ സ്മൃതികുടീരം ഇന്ന് രക്തബന്ധുക്കൾക്കുപോലും അന്യമായിരിക്കുകയാണ്. ഇതിന്റെ വീണ്ടെടുപ്പ് ആവശ്യപ്പെട്ടായിരുന്നു വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി വർഷത്തിൽ ചരിത്രാന്വേഷികളുടെ സ്മൃതിയാത്ര. തേവന്റെ മകൻ പ്രഭാകരന്റെ വസതിയിൽ ചേർന്ന യോഗത്തിൽ ഡോ. ഹേമ, ഡോ. ശാന്തദേവി, ഡി.ജി. സുരേഷ്, ഡോ. എത്സമ്മ ജോസഫ് അറക്കൽ, എ.എസ്. ശ്യാംകുമാർ, ഷൈമോൻ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |