കൊച്ചി: ബി.ജെ.പി അനുകൂല പ്രസ്താവന നടത്തിയ സിറോമലബാർസഭാ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ ജോർജ് ആലഞ്ചേരി, തലശേരി ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ളാനി എന്നിവർക്കെതിരെ സഭയ്ക്കുള്ളിലും പ്രതിഷേധം മുറുകുന്നു. ബി.ജെ.പി അനുകൂല പ്രസ്താവന ക്രൈസ്തവരെ സംഘപരിവാറിന് ഒറ്റുകൊടുക്കുന്നതാണെന്ന് അൽമായ മുന്നേറ്റം ആരോപിച്ചു.
ക്രൈസ്തവരുടെ പുണ്യദിനങ്ങളിൽ അൾത്താരയിൽ കയറി കർദിനാൾ നടത്തിയ പ്രസ്താവനകൾ വിശ്വാസികൾ കേരളത്തിന് പുറത്ത് അനുഭവിക്കുന്ന അക്രമങ്ങൾ കണ്ടില്ലെന്ന് നടിക്കുന്നതാണ്. സ്വന്തം നിലനിൽപ്പിന് ക്രൈസ്തവരെ ഒറ്റുകൊടുക്കുന്ന നീക്കം വിശ്വാസികൾ തള്ളിക്കളയുമെന്ന് അൽമായ മുന്നേറ്റം കൺവീനർ ജെമി ആഗസ്റ്റിൻ, വക്താവ് റിജു കാഞ്ഞൂക്കാരൻ എന്നിവർ പറഞ്ഞു.
സാമ്പത്തിക തട്ടിപ്പിന് കേന്ദ്ര ഏജൻസികളുടെ അന്വേഷണം നേരിടുന്ന കർദിനാൾ ആലഞ്ചേരി ജയിലിൽ പോകാതിരിക്കാനാണ് ബി.ജെ.പി അനുകൂല പ്രസ്താവന നടത്തിയത്. അൾത്താരയിൽ നിന്ന് കോടതികളെയും ന്യായാധിപന്മാരെയും അവഹേളിച്ച് സന്ദേശം നൽകിയ കർദിനാളിനെതിരെ കോടതിയലക്ഷ്യത്തിന് കേസെടുക്കണം.
സ്ഥലമിടപാടിന് നേതൃത്വം നൽകിയ കർദിനാൾ ആലഞ്ചേരി വിചാരണ നേരിടണമെന്ന സുപ്രീംകോടതിയുടെ വിധിക്കെതിരെയാണ് പ്രസ്താവന. വരാനിരിക്കുന്ന കോടതിവിധിയെ അട്ടിമറിക്കാനാണ് പ്രസ്താവനകൊണ്ട് ആലഞ്ചേരി ലക്ഷ്യമിടുന്നതെന്ന് അൽമായ മുന്നേറ്റം ആരോപിച്ചു.
പാംപ്ളാനി തരംതാഴുന്നു
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രൈസ്തവർ നേരിടുന്ന അക്രമങ്ങൾ, ക്രിസ്ത്യൻ പള്ളികൾ തകർക്കൽ, സ്ഥലങ്ങൾ നശിപ്പിക്കൽ എന്നിവ നടക്കുമ്പോഴും സ്വാർത്ഥ താത്പര്യങ്ങൾക്ക് ക്രൈസ്തവ സമൂഹത്തെ ഒറ്റുകൊടുക്കുകയാണ് ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ളാനി.
സംഘപരിവാർ നിലപാടിന് പിന്തുണ നൽകുമ്പോൾ കേരളത്തിന് പുറത്ത് നടന്ന 700 ലധികം അക്രമങ്ങൾ, ഫാ. സ്റ്റാൻ സ്വാമിയുടെ മരണം, മദർ തെേസക്കെതിരായ അവഹേളനം എന്നിവ മറക്കരുത്, തന്നോടൊപ്പം താലത്തിൽ കൈമുക്കുന്നവൻ തന്നെ ഒറ്റിക്കൊടുക്കുമെന്ന് യൂദാസിനെക്കുറിച്ച് യേശു പറഞ്ഞത് പാംപ്ളാനിയെക്കുറിച്ച് ഭാവിയിൽ ക്രൈസ്തവസമൂഹം ആവർത്തിക്കുമെന്ന് മുന്നേറ്റം ഭാരവാഹികൾ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |