കൊച്ചി: അരങ്ങിൽ ചിലങ്കയണിയാൻ 47 വയസു വരെ കാത്തിരിക്കേണ്ടിവന്ന ഡോ. ചന്ദ്രിക സുന്ദരേശനെ ഒരു പതിറ്റാണ്ടിനിടെ നൃത്തം എത്തിച്ചത് പ്രമുഖരുടെ നിരയിൽ. നടി സുജ കാർത്തികയുടെ അമ്മയായ ചന്ദ്രിക (58) 29ന് മുംബയിൽ ഇന്റർനാഷണൽ ഡാൻസ് ഡേ ഫെസ്റ്റിവലിൽ നൃത്തം ചെയ്യാനൊരുങ്ങുകയാണ്.
ചെറുപ്പം മുതൽ നൃത്തം ചെയ്യുമായിരുന്ന ചന്ദ്രിക ശാസ്ത്രീയ പഠനം ആരംഭിച്ചത് 2012ൽ. അഞ്ചിലും ആറിലുമൊക്കെ പഠിക്കുന്ന കുട്ടികളായിരുന്നു സഹപാഠികൾ. സുജ പ്രസവത്തിനായി ആ സമയം വീട്ടിലുണ്ടായിരുന്നു. ഒരു മാസം കഴിഞ്ഞ്, പേരക്കുട്ടി ജനിച്ചതിന്റെ 12-ാം ദിവസം അടുത്തുള്ള അയ്യപ്പക്ഷേത്രത്തിൽ കുഞ്ഞു സഹപാഠികൾക്കൊപ്പം അരങ്ങേറി.
നൃത്താദ്ധ്യാപകർ മാറിയെങ്കിലും അന്നും ഇന്നും പഠനം കുട്ടികളുടെ കൂടെത്തന്നെ. മുതിർന്ന ശിഷ്യർ മുദ്രകളിൽ പിഴവു വരുത്തിയാൽ അദ്ധ്യാപകർ കണ്ണടയ്ക്കും. നേരെമറിച്ച് കുട്ടികളോട് ഒരു ദാക്ഷണ്യവും കാട്ടില്ല. കുട്ടികളുടെ ചുവടുകളിലെ ചടുലതയും ചുറുചുറുക്കും തനിക്ക് ഊർജം നൽകുമെന്ന് ഡോ. ചന്ദ്രിക പറയുന്നു. കോഴിക്കോട് സ്വദേശി മഞ്ജു വി. നായരുടെ കീഴിലാണ് ഇപ്പോൾ നൃത്തം അഭ്യസിക്കുന്നത്.
ഇടപ്പള്ളി നൃത്താസ്വാദക സദസിന്റെ സെക്രട്ടറിയെന്ന നിലയിലെ കഴിഞ്ഞ അഞ്ചു വർഷത്തെ ഭരണമികവ്, നൃത്ത അവതരണത്തിലും നൃത്ത അവലോകനത്തിലുമുള്ള പ്രാഗത്ഭ്യം എന്നിവ കണക്കിലെടുത്താണ് മുംബയ് വേദിയിലേക്ക് ക്ഷണം ലഭിച്ചത്, ഡോ. ചന്ദ്രിക പറഞ്ഞു.
ഓരോ സംസ്ഥാനത്തു നിന്നും മൂന്നു പ്രമുഖ നർത്തകരാണ് മുംബയ് ഫെസ്റ്റിവലിൽ പങ്കെടുക്കുന്നത്.
* തുടരുന്ന പഠനം
ബിരുദപഠനം കഴിഞ്ഞ് 25 വർഷങ്ങൾക്കുശേഷം 2013ൽ ഇഗ്നോയിൽ നിന്ന് എം.ബി.എയും ഭാരതീയാർ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാർക്കറ്റിംഗിൽ പി.എച്ച്.ഡിയും നേടി. കഴിഞ്ഞ വർഷം തമിഴ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഭരതനാട്യത്തിൽ എം.എ എടുത്തു. ഇപ്പോൾ ഇഗ്നോയിൽ എം.എ സോഷ്യോളജി വിദ്യാർത്ഥിയാണ്.
ഭർത്താവ് ഡോ. സുന്ദരേശൻ എറണാകുളം സെന്റ് ആൽബർട്‌സ് കോളേജിലെ കൊമേഴ്‌സ് വിഭാഗം മുൻ അദ്ധ്യാപകനാണ്. കൊച്ചിൻ യൂണിവേഴ്സിറ്റി ഒഫ് സയൻസ് ആൻഡ് ടെക്നോളയിൽ നിന്ന് കൊമേഴ്സിൽ പി.എച്ച്.ഡിയുള്ള സുജ കാർത്തിക നിലവിൽ ഹോങ്കോംഗ് മെട്രോപൊളിറ്റൻ യൂണിവേഴ്‌സിറ്റിയിൽ അദ്ധ്യാപികയാണ്. മകൻ ശ്രീശങ്കർ സൗണ്ട് എൻജിനിയറാണ്. രാകേഷ് കൃഷ്ണൻ (മർച്ചന്റ് നേവി). മരുമകൾ: വീണ (എൻജിനിയർ) എന്നിവരാണ് ഡോ. ചന്ദ്രികയുടെ മരുമക്കൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |