കോലഞ്ചേരി: പഞ്ചായത്ത് ഓഫീസിന്റെ മുക്കിലും മൂലയിലും രാവും പകലും കയറിയിറങ്ങാൻ സ്വാതന്ത്രമുള്ള ഒരേയൊരാളാണ് 'ലൂണ'. പഞ്ചായത്തിന്റെ സ്വന്തം നാടൻ ജെർമ്മൻ ഷെപ്പേഡ് ക്രോസ് ഇനം നായ്ക്കുട്ടി.
ലൂണയുടെ ജീവിതം പുത്തൻകുരിശ് പഞ്ചായത്ത് ഓഫീസിനെ ചുറ്റിപ്പറ്റിയാണ്. പഞ്ചായത്ത് അധികൃതർ കണ്ണിലുണ്ണിയെ പോലെ പരിപാലിക്കുന്ന ലൂണ മൂന്നര വർഷം മുമ്പാണ് പഞ്ചായത്ത് ഓഫീസിൽ എത്തിയത്. നിരവധി തവണ ആട്ടിപ്പായിച്ചെങ്കിലും ലൂണ പോകാൻ കൂട്ടാക്കാതായതോടെ പഞ്ചായത്തിൽ കുടികിടപ്പവകാശവും കിട്ടി.
സന്ധ്യമയങ്ങിയാൽ പുത്തൻകുരിശ് പഞ്ചായത്തോഫീസിന് മുന്നിൽ ഒരില അനങ്ങണമെങ്കിൽ ലൂണ അറിയണം. ഓഫീസിൽനിന്ന് ജീവനക്കാർ മടങ്ങുന്നതോടെ പിന്നീട് ലൂണയാണ് ഇവിടെ സ്വയംപ്രഖ്യാപിത കാവൽക്കാരിയാവും. രാവിലെ ജീവനക്കാർ എത്തുംവരെ ഒരാൾക്കും ഓഫീസ് പരിസരത്ത് അതിക്രമിച്ച് കടക്കാനാകില്ല.
മുൻ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.കെ. വേലായുധന്റെ മനസലിഞ്ഞതോടെ പഞ്ചായത്ത് അംഗങ്ങളും ജീവനക്കാരും കുടുംബശ്രീ പ്രവർത്തകരും ലൂണയുടെ പരിചരണത്തിന് മുന്നോട്ടുവന്നു. അങ്ങനെ ലൂണയെന്ന പേരും കിട്ടി. ഇവർ വീട്ടിൽ നിന്ന് കൊണ്ടുവരുന്ന ഭക്ഷണത്തിന്റെ ഒരോഹരി ലൂണക്കുള്ളതാണ്.
കുശാലാണ് ജീവിതം. വേലായുധൻ മാറി സോണിയ മുരുകേശൻ വന്നപ്പോഴും പതിവ് തെറ്റിയിട്ടില്ല. പകൽ സമയങ്ങളിൽ ഓഫീസ് വരാന്തകളിൽ കറങ്ങിനടന്ന് കാര്യന്വേഷകയാവുന്ന ലൂണ ഒരാളെപ്പോലും ഇതുവരെ ഉപദ്രവിച്ചിട്ടില്ല.
പഞ്ചായത്ത് ഓഫീസിന് സമീപം മൃഗാശുപത്രി ഉള്ളതിനാൽ കൃത്യ സമയത്ത് വാക്സിനേഷനുകളും നൽകുന്നുണ്ട്. കൊവിഡ് സമയത്ത് പഞ്ചായത്ത് ഓഫീസിന് സമീപത്തെ ഡൊമിസിലിയറി കെയർ സെന്ററിന്റെ കാവൽ കൂടി ഏറ്റെടുത്തതൊഴിച്ചാൽ ഇന്നും പഞ്ചായത്ത് ഓഫീസ് തന്നെയാണ് തട്ടകം. രാവിലെ പത്ത് മണി കഴിഞ്ഞാൽ സമീപത്ത് ചുറ്റി സഞ്ചരിച്ച് തിരിച്ചെത്തി വീണ്ടും ചുമതല ഏറ്റെടുക്കുന്ന ലൂണ ഓഫീസിലെത്തുന്നവരുടെ കണ്ണിലുണ്ണിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |