കൊവിഡിനെ കണ്ടില്ലെന്ന് നടിക്കരുതെന്ന് പഠനങ്ങൾ
കൊച്ചി: കൊവിഡിന്റെ തിരിച്ചു വരവ് ഗൗരവകരമെന്ന മുന്നറിയിപ്പുമായി വൈദ്യശാസ്ത്ര രംഗത്തെ പുതിയ പഠനം. വികസിത രാജ്യങ്ങളിൽ നടത്തിയ പഠനങ്ങളിലാണ് കണ്ടെത്തൽ.
ലോകമെമ്പാടും ജനങ്ങൾ കൊവിഡ് ബാധയെ അവഗണിക്കുന്നു. ഇത് കൂടുതൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിയൊരുക്കും.
മരണം മാത്രമാണ് കൊവിഡ് മൂലമുണ്ടാകുന്ന പ്രശ്‌നമെന്ന ധാരണ വേണ്ട. മറ്റ് ആരോഗ്യ പ്രശ്നങ്ങളെ ഗുരുതതരമാക്കുന്നതിന് കൊവിഡ് കാരണമാകും. കൊവിഡാനന്തര രോഗങ്ങളെ കരുതിയിരിക്കണമെന്ന് വിദേശ പഠനങ്ങളെ ഉദ്ധരിച്ച് ഐ.എം.എ കൊച്ചി ഘടകം മുൻ ചെയർമാൻ ഡോ. രാജീവ് ജയദേവൻ പറഞ്ഞു.
മരണം നേരത്തെയെത്താം
പനിയോ ജലദോഷമോ ഉള്ളവർ കൊവിഡ് പരിശോധനയ്ക്ക് തയ്യാറാകുന്നില്ലെന്ന് വ്യാപന സാദ്ധ്യത കൂട്ടുന്നു. കൊവിഡിന്റെ പ്രകടമായ ലക്ഷണങ്ങൾ ജലദോഷമാണെങ്കിലും ആന്തരികാവയവങ്ങളിൽ മാറ്റങ്ങൾ വരുത്താൻ വൈറസിന് കഴിയും. പിന്നീട് മറ്റു ലക്ഷണങ്ങൾ കണ്ടുതുടങ്ങും. മറ്റു രോഗങ്ങളുള്ളവർക്ക് കൊവിഡ് കൂടുതൽ ഗുരുതരമാകും. അതിജീവിച്ചവരിൽ പലപ്പോഴും മരണസാദ്ധ്യത കൂടുതലാണ്. അമേരിക്കയിലടക്കം ആയുർദൈർഘ്യം കുറഞ്ഞിട്ടുണ്ട്. ആവർത്തിച്ചുള്ള രോഗബാധ ഉണ്ടാവാതിരിക്കാൻ ശ്രദ്ധിക്കണമെന്നും പഠനങ്ങൾ പറയുന്നു.
ഹൃദ്രോഗം, പക്ഷാഘാതം, മറവി, പ്രമേഹം, രക്തസമ്മർദ്ദം, നാഡീരോഗങ്ങൾ തുടങ്ങിയവ വർദ്ധിച്ചു. കാരണം വ്യക്തമല്ല. ഒരു പക്ഷേ രക്തക്കുഴലുകളിൽ വരുത്തുന്ന മാറ്റങ്ങളാകാം കാരണമെന്നാണ് നിഗമനം. കൊവിഡാനന്തര ശാരീരിക മാറ്റം സംബന്ധിച്ച് വിദഗ്ദ്ധ പഠനവും ഗവേഷണവും രാജ്യത്തും നടക്കണം.
ശ്വാസകോശ
രോഗം പെരുകി
കൊവിഡിന് ശേഷം ശ്വാസകോശ രോഗികളുടെ എണ്ണം വർദ്ധിച്ചതായി വിദഗ്ദ്ധർ സാക്ഷ്യപ്പെടുത്തുന്നു. അലർജി രോഗങ്ങൾ കൂടി. ആസ്മ കുട്ടിക്കാലത്തുണ്ടായിരുന്നവർക്ക് രോഗം തിരിച്ചെത്തുന്നു. പുകവലിക്കുന്നവർക്ക് സി.ഒ.പി.ഡി രോഗം വർദ്ധിക്കുന്നു.
കൊവിഡ് വന്നവർക്ക് ശ്വാസകോശരോഗവും അലർജിയും വർദ്ധിക്കുന്നു.
ഡോ. കെ. വേണുഗോപാൽ
ചീഫ് കൺസൾട്ടന്റ് പൾമണോളജിസ്റ്റ്
സംസ്ഥാന ആരോഗ്യ വകുപ്പ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |