കൊച്ചി: 126 ജനപ്രതിനിധികൾ. അതിൽ 2 എം.പിയും 4 എം.എൽ.എമാരും. പുറമെ 4 ജില്ലാ പഞ്ചായത്ത് അംഗങ്ങളും 13 ബ്ലോക്ക് പ്രതിനിധികളും 103 ഗ്രാമപഞ്ചായത്ത് അംഗങ്ങളും. അവരിൽ 7 പേർ പ്രസിഡന്റുമാർ. തീർന്നില്ല എം.എൽ.എ മാരിൽ ഒരാൾ മന്ത്രിയും മറ്റൊരാൾ പ്രതിപക്ഷനേതാവും. ജനപ്രതിനിധികളെല്ലാവരും കൂടി ഒരുവേദിയിൽ ഒരുമിച്ചുവന്നാൽ പാറത്തോട് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി നക്ഷത്രമെണ്ണും. എല്ലാ ബ്ലോക്ക് പഞ്ചായത്തിനും സ്വന്തമെന്ന് അവകാശപ്പെടാൻ ഒരേയൊരു എം.എൽ.എ മാത്രമുള്ളപ്പോഴാണ് ആറ് ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്ന ബ്ലോക്ക് പരിധിയിൽ ജനപ്രതിനിധികളുടെ തേരോട്ടമെന്നതാണ് കൗതുകം.
ഇത്രയധികം നിയമസഭ, പാർലമെന്റ് സാമാജികർ ഒരുമിച്ച് പ്രതിനിധീകരിക്കുന്നൊരു തദ്ദേശഭരണകൂടം കേരളത്തിൽ വേറെയുണ്ടാവില്ല.
സാധാരണ ഒന്നോ ഒന്നിലേറെയൊ വികസന ബ്ലോക്കുകൾ ചേർന്ന് ഒരു നിയമസഭാ മണ്ഡലവും ഒന്നിലേറെ നിയമസഭാ മണ്ഡലങ്ങൾ ചേർന്ന് ഒരു പാർലമെന്റ് മണ്ഡലവും എന്നതാണ് കേരളത്തിലെ രീതി. ബ്ലോക്കിലെ പാറക്കടവ്, കുന്നുകര, നെടുമ്പാശേരി, ശ്രീമൂലനഗരം, പുത്തൻവേലിക്കര, ചെങ്ങമനാട് ഗ്രാമ പഞ്ചായത്തുകൾ വെവേറെ പാർലമെന്റ്, നിയമസഭ പാർലമെന്റ് മണ്ഡലങ്ങളിലായതാണ് ഈ അപൂർവതയ്ക്ക് കാരണം.
പാറക്കടവ് ഗ്രാമപഞ്ചായത്ത് അങ്കമാലി നിയമസഭാ മണ്ഡലത്തിലും കുന്നുകര - കളമശേരി മണ്ഡലത്തിലും നെടുമ്പാശേരി, ചെങ്ങമനാട്, ശ്രീമൂലനഗരം ഗ്രാമപഞ്ചായത്തുകൾ ആലുവ മണ്ഡലത്തിലും പുത്തൻവേലിക്കര പഞ്ചായത്ത് നോർത്ത് പറവൂർ മണ്ഡലത്തിലുമാണ്. കളമശേരിയുടെ എം.എൽ.എ. പി.രാജീവ് മന്ത്രിയും പുത്തൻവേലിക്കര ഉൾപ്പെടുന്ന പറവൂർ മണ്ഡലത്തിന്റെ പ്രതിനിധി വി.ഡി. സതീശൻ പ്രതിപക്ഷ നേതാവുമാണ്.
ബ്ലോക്ക് പഞ്ചായത്ത് ആസ്ഥാനത്ത് എന്തെങ്കിലും ഔദ്യോഗിക ചടങ്ങ് സംഘടിപ്പിച്ചാൽ പ്രോട്ടോക്കോൾ പ്രകാരം എല്ലാ ജനപ്രതിനിധികളെയും ക്ഷണിക്കണം. ഇല്ലെങ്കിൽ പരാതിയാകും. അതേസമയം, പണിപൂർത്തിയാക്കിയ പദ്ധതികളുടെ ഉദ്ഘാടനത്തിനായി ആകെയുള്ള ഏക എം.എൽ.എയുടെ പിന്നാലെ സമയം ചോദിച്ചുനടക്കുന്ന മറ്റ് ബ്ലോക്ക് പഞ്ചായത്തുകൾക്ക് പാറക്കടവുകാരോട് അസൂയ തോന്നിയാൽ കുറ്റം പറയാനുമാകില്ല. എം.പി മാരായ ഹൈബി ഈഡൻ, ബെന്നി ബെഹനാൻ, മന്ത്രി പി. രാജീവ്, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, എം.എൽ.എ മാരായ അൻവർ സാദത്ത് (ആലുവ), റോജി എം. ജോൺ (അങ്കമാലി) എന്നിവരാണ് എന്നിവരാണ് പാറക്കടവിന്റെ നേരവകാശികൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |