SignIn
Kerala Kaumudi Online
Friday, 09 May 2025 8.49 PM IST

കാവുകൾ കാക്കാൻ വേണം കരുത്തുറ്റ നിയമം, നടപ്പാക്കാൻ വകുപ്പും

Increase Font Size Decrease Font Size Print Page
kav

കൊച്ചി: കാവുകൾ സംരക്ഷിക്കാനൊരു വകുപ്പുവേണം, നടപടിയെടുക്കാൻ കരുത്തുറ്റ നിയമവും. നിയമസഭയുടെ പരിസ്ഥിതി സംബന്ധിച്ച കമ്മിറ്റി ഇങ്ങനെയൊരു ശുപാർശ നൽകിയിട്ടു ഒരു വർഷമായി. കാവ് സംരക്ഷിക്കാൻ നടപടികൾ നിർദ്ദേശിച്ച് ഹൈക്കോടതിയുടെ വിധിയും വന്നു. എങ്കിലും ഒരുചോദ്യം ബാക്കി. കാവ് നശിപ്പിച്ചാൽ ഏതു നിയമപ്രകാരം ആരു നടപടിയെടുക്കും‌‌? ദേവസ്വം ബോർഡുകളുടെയും ട്രസ്‌റ്റുകളുടെയും കീഴിൽ നിരവധി കാവുകളുണ്ടെങ്കിലും സ്വകാര്യവ്യക്തികളുടെ കൈവശമുള്ള കാവുകളാണ് കൂടുതൽ.

പുതിയ കണക്കനുസരിച്ച് കേരളത്തിലാകെയുള്ള 10,742 കാവുകളിൽ 9,107 എണ്ണം സ്വകാര്യ ഉടമസ്ഥതയിലാണ്. ഇവയാണേറെയും നശിപ്പിക്കപ്പെടുന്നത്. ഭൂമി ഭാഗം വയ്‌ക്കേണ്ടിവരുമ്പോൾ പൂജകൾ നടത്തി കാവ് ഒഴിപ്പിച്ചെടുക്കുകയാണ് പതിവ്.

എന്തിന് കാവുകൾ ?

ഔഷധ സസ്യങ്ങൾ, വിവിധയിനം പക്ഷിമൃഗാദികൾ തുടങ്ങിയവയുടെ ആവാസ കേന്ദ്രമായ കാവുകൾ അന്തരീക്ഷ താപനില നിയന്ത്രിക്കുന്നു. കാലാവസ്ഥാ വ്യതിയാനം, മണ്ണൊലിപ്പ് തുടങ്ങിയവ തടയുന്നു. ജലസ്രോതസുകൾ സംരക്ഷിക്കുന്നു.

നിയമം നോക്കുകുത്തി
കാവു നശിപ്പിച്ചെന്ന് കാവുടമ പരാതി നൽകിയാൽ പൊലീസിന് ഇന്ത്യൻ ശിക്ഷാനിയമത്തിലെ സെക്ഷൻ 447പ്രകാരം (അതിക്രമിച്ചുകടക്കൽ) കേസെടുക്കാം. മൂന്നുമാസംവരെ തടവും പിഴയുമാണ് ശിക്ഷ. എന്നാൽ ഉടമ കാവുനശിപ്പിച്ചാൽ പൊലീസ് നടപടി സാദ്ധ്യമല്ല. അതിനാലാണ് കാവുകൾ സംരക്ഷിക്കാൻ ജൈവവൈവിദ്ധ്യ നിയമത്തിൽ പറയുന്ന പൈതൃക മേഖലകളായി ഇവയെ വിജ്ഞാപനം ചെയ്യണമെന്നു ഹൈക്കോടതി ഉത്തരവിട്ടത്. തദ്ദേശസ്ഥാപനങ്ങളിലെ ജൈവവൈവിദ്ധ്യ മാനേജ്മെന്റ് കമ്മിറ്റിയുമായി കൂടിയാലോചിച്ച് മൂന്നുമാസത്തിനകം നടപടി വേണമെന്നും വ്യക്തമാക്കിയിരുന്നു. സമയപരിധി കഴിഞ്ഞെങ്കിലും ജൈവ വൈവിദ്ധ്യ ബോർഡിൽ നിന്ന് നടപടി ആവശ്യപ്പെട്ട് തദ്ദേശ സ്ഥാപനങ്ങൾക്ക് നോട്ടീസ് പോയതല്ലാതെ തുടർ നടപടിയുണ്ടായിട്ടില്ല.

æ പൈതൃക മേഖലയായാൽ

കാവുകൾ വിജ്ഞാപനം ചെയ്താൽ ഇവ നശിപ്പിക്കുന്നവർക്ക് ജൈവവൈവിദ്ധ്യ നിയമപ്രകാരം അഞ്ചുവർഷം വരെ തടവും ഒരുലക്ഷംരൂപ പിഴയും ശിക്ഷ നൽകാനാവും. ഈ പൈതൃകമേഖലകളുടെ ചുമതല ഫോറസ്റ്റ് റേഞ്ച് ഓഫീസർമാർക്കാണ്. റേഞ്ച് ഓഫീസർ എങ്ങനെ കാവുകളുടെ സംരക്ഷണം ഉറപ്പാക്കുമെന്നതടക്കമുള്ള വിഷയത്തിൽ അവ്യക്തതയുണ്ടെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തിലാണ് കാവുകൾ സംരക്ഷിക്കാൻ വകുപ്പ് വേണമെന്ന ആവശ്യം പ്രസക്തമാകുന്നത്.

സംസ്ഥാനത്തെ

കാവുകളുടെ എണ്ണം

കാസർകോട് - 392

കണ്ണൂർ - 1096

വയനാട് - 137

കോഴിക്കോട് - 1231

മലപ്പുറം - 1120

പാലക്കാട് - 184

തൃശൂർ - 970

എറണാകുളം -708

കോട്ടയം - 562

ഇടുക്കി- 32

പത്തനംതിട്ട - 721

ആലപ്പുഴ - 2242

കൊല്ലം - 895

തിരുവനന്തപുരം - 452

'വനംവകുപ്പിൽ പരാതി നൽകിയാൽ വനമല്ലാത്തതിനാൽ ഇടപെടാനാവില്ലെന്ന് പറഞ്ഞ് പൊലീസിനു റഫർ ചെയ്യും. പൊലീസാണെങ്കിൽ തങ്ങളുടെ പരിധിയിലല്ലെന്നു പറഞ്ഞ് കൈമലർത്തും.

വിശ്വം കുത്തുപറ

കേരള സർപ്പക്കാവ് സംരക്ഷണ സമിതി ജനറൽ സെക്രട്ടറി

TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.