കൊച്ചി: കേരള മെഡിക്കൽ സർവീസ് കോർപ്പറേഷന്റെ (കെ.എം.എസ്.സി) ഏലൂർ മഞ്ഞുമ്മലിലെ ജില്ലാ മരുന്ന് സംഭരണകേന്ദ്രം അടിയന്തരമായി മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റണമെന്ന് നിർദ്ദേശിച്ച് ഫയർഫോഴ്സ് ജില്ലാ കളക്ടർക്ക് കത്തുനൽകി. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ സംഭരണകേന്ദ്രത്തിൽ അഗ്നിരക്ഷാ സംവിധാനങ്ങളില്ലെന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കത്ത് നൽകിയത്. കൊല്ലത്തും തിരുവനന്തപുരത്തും മെഡിക്കൽ സർവീസ് കോർപ്പറേഷൻ കേന്ദ്രങ്ങളിൽ തീപിടിത്തമുണ്ടായ സാഹചര്യത്തിലാണ് ഏലൂർ ഫയർഫോഴ്‌സ് ജില്ലാ മരുന്ന് സംഭരണ കേന്ദ്രത്തിൽ പരിശോധന നടത്തിയത്.
ജില്ലാ സംഭരണകേന്ദ്രത്തിൽ തീപിടിത്തമുണ്ടാകാനുള്ള മുന്നറിയിപ്പടക്കം ജില്ലാ കളക്ടർക്ക് നൽകിയ കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സ്വകാര്യ വ്യക്തിയിൽ നിന്ന് വാടകയ്ക്കെടുന്ന മൂന്നുനില കെട്ടിടത്തിലാണ് മരുന്ന് സംഭരണകേന്ദ്രം. 2012 പ്രവർത്തനം ആരംഭിച്ചപ്പോൾ സ്ഥാപിച്ച അഗ്നിരക്ഷാ ഉപകരണങ്ങൾ മാത്രമാണ് ആകെയുള്ളത്. കാലഹരണപ്പെട്ട ഉപകരണങ്ങൾ നീക്കം ചെയ്തിട്ടുമില്ല. തീപിടിത്തമുണ്ടായാൽ വെള്ളം എടുക്കുന്നതിനുള്ള ജലസംഭരണിയും ഉപയോഗശൂന്യമാണെന്നും പരിശോധനയിൽ കണ്ടെത്തി. സംഭവത്തിൽ കെട്ടിട ഉടമയ്ക്ക് ഫയർഫോഴ്സ് നോട്ടീസ് നൽകി. ഫയർഫോഴ്സ് പരിശോധനയിലെ കണ്ടെത്തലകുളും കെട്ടിടത്തിന്റെ അവസ്ഥയെക്കുറിച്ചും വിശദമായ റിപ്പോർട്ട് കെ.എം.എസ്.സി ആസ്ഥാനത്തേക്ക് കൈമാറിയിട്ടുണ്ടെന്നും തുടർനടപടി സ്വകരിക്കേണ്ടത് അവിടെ നിന്നാണെന്നും സംഭരണകേന്ദ്രത്തിന്റെ ജില്ലാ മേധാവി പറഞ്ഞു.
• 2019ലും ഇല്ല
കെട്ടിടത്തിൽ 2019ൽ നടത്തിയ പരിശോധനയിൽ അഗ്നിരക്ഷാ സംവിധാനങ്ങളില്ലാത്തതിനാൽ നോട്ടീസ് നൽകിയിരുന്നു. ഒരോ വർഷം പെർമിറ്റ് പുതുക്കുമ്പോൾ തദ്ദേശസ്ഥാപനം കെട്ടിടത്തിന് ഫയർ എൻ.ഒ.സി ഉറപ്പാക്കണം. ഇതിൽ വീഴ്ചയുണ്ടായെന്നാണ് ഫയർഫോഴ്സ് കണ്ടെത്തൽ.
ജില്ലാ മരുന്ന് സംഭരണ കേന്ദ്രത്തിൽ നടത്തിയ പരിശോധനുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ജില്ലാ കളക്ടർക്ക് നൽകിയിട്ടുണ്ട്.
കെ. ഹരികുമാർ
ഫയർ ഓഫീസർ
എറണാകുളം
ജില്ലാ മരുന്ന് സംഭരണ കേന്ദ്രത്തിൽ നടന്ന ഫയർഫോഴ്സ് പരിശോധനയുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ലഭിക്കുന്ന മുറയ്ക്ക് തുടർനടപടി സ്വീകരിക്കും.
അഡ്മിനിട്രേഷൻ വിഭാഗം
കെ.എം.എസ്.സി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |