കൊച്ചിയെ ചിരിച്ചിത്രങ്ങളാക്കിയ സിദ്ദിഖ്
കൊച്ചി: വീര്യമുള്ള 'കളർഫുൾ" സമ്മാനം നൽകിയ പൊന്നപ്പനോട് നീ പൊന്നപ്പനല്ല തങ്കപ്പനാണെന്നു പറഞ്ഞ ഗർവാസീസ് ആശാനെ മലയാളികൾക്ക് മറക്കാനാവില്ല! ഉർവശി തിയേറ്റേഴ്‌സിന്റെ പ്രധാന നടനായ ഗോപാലകൃഷ്ണൻ സാറിന്റെ ചെറിയൊരു കാര്യം തീർത്തുകൊടുക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ, പത്തു മിനിറ്റ് കൊണ്ടു തീർത്തുതരാമെന്നു പറഞ്ഞ് കുപ്പി വായിലോട്ടുവച്ച ആശാനെ നമിച്ചുപോയ പ്രേക്ഷകർ ചിരിയടക്കാൻ പാടുപെട്ടു.
മാന്നാർ മത്തായി സ്പീക്കിംഗ് എന്ന സിദ്ദിഖ്-ലാൽ ചിത്രം ഇന്നു കാണുമ്പോഴും തിയേറ്ററുകളിൽ ചിരിപ്പൂരം കൊടിയേറും.
ഒരു സീനിലോ ഡയലോഗിലോ ചിരി അവസാനിക്കരുതെന്ന് സിദ്ദിഖിന് നിർബന്ധമുണ്ടായിരുന്നു. ആദ്യ ഡയലോഗിൽത്തന്നെ തിയേറ്ററിൽ പൊട്ടിച്ചിരി പടരുമ്പോൾ ബാക്കി ഡയലോഗുകൾ കേൾക്കാനാവാതെ വീണ്ടും സിനിമ കാണാനെത്തുന്നവരും ഏറെയായിരുന്നു. ആദ്യചിത്രമായ റാംജി റാവുവിലും ബെല്ലും ബ്രേക്കുമില്ലാതെയായിരുന്നു കൗണ്ടറുകൾ. ഫോണിൽ സംസാരിച്ചുകൊണ്ട് നടൻ ബാലകൃഷ്ണൻ മൂത്രശങ്ക തീർക്കുന്ന ശബ്ദം കേട്ട്, 'നിങ്ങളിപ്പൊ പ്രവർത്തിപ്പിക്കുന്ന ആ ഉപകരണം ഓഫ് ചെയ്യണം "എന്ന് റാംജി റാവു പറയുന്നത് ഇന്നും മലയാളത്തിലെ എവർഗ്രീൻ കോമഡി രംഗമാണ്.
ആശാന്റെ കാലുകൾ തല്ലിയൊടിച്ച ഗോപാലകൃഷ്ണന്റെ കാൽ തല്ലിയൊടിക്കാൻ പ്രിയശിഷ്യനായ എൽദോ (കൊച്ചിൻ ഹനീഫ) പാഞ്ഞെത്തുന്ന രംഗവും ചിരിയിൽ മുങ്ങി. 'നിന്നു കഥാപ്രസംഗം നടത്താതെ രണ്ടു കാലും തല്ലിയൊടിക്കടാ" എന്ന് ആശാൻ അലറിയപ്പോഴും പിന്നീടത് നിലവിളിയായപ്പോഴും തിയേറ്ററിൽ ചിരിയുടെ വേലിയേറ്റമായിരുന്നു.
മലയാളി ഏറ്റുപറഞ്ഞ് സംഭാഷങ്ങൾ
കാല് തല്ലിയൊടിച്ച ഗോപാലകൃഷ്ണനോട് വിശാലഹൃദയനായ ആശാൻ ക്ഷമിച്ചിരിക്കുന്നു, ഹെന്റമ്മേ, ഈ പത്രക്കാരെക്കൊണ്ട് തോറ്റു, ഹലോ കേൾക്കുന്നില്ല... കമ്പിളിപ്പുതപ്പ്, കമ്പിളിപ്പുതപ്പ് (മാന്നാർ മത്തായി സ്പീക്കിംഗ്), തോമസുകുട്ടി വിട്ടോടാ (ഇൻ ഹരിഹർ നഗർ), ഇതല്ല ഇതിനപ്പുറം ചാടിക്കടന്നവനാണ് ഈ കെ.കെ. ജോസഫ്, കൊടുകൈ... ഇവന്മാരെയെല്ലാം കുടിയൊഴിപ്പിക്കാനുള്ള രേഖ എന്റെ കൈയിലുണ്ട്, ഇതാണാ രേഖ...(വിയറ്റ്‌നാം കോളനി)
കൊച്ചിയെ വെള്ളിത്തിരയിലാക്കി
കൊച്ചിയിലെ ചിരിക്കാഴ്ചകളെ ചരിത്രമാക്കിയ പ്രതിഭയായിരുന്നു സിദ്ദിഖ്. മട്ടാഞ്ചേരിയിലും ഫോർട്ടുകൊച്ചിയിലുമെല്ലാം പരിചിത മുഖങ്ങളാണ് കഥാപാത്രങ്ങളായത്. ചവിട്ടുനാടകവേദിയിലെ സ്ഥിരം സാന്നിദ്ധ്യമായിരുന്ന ഗർവാസീസ് ആശാൻ, കലൂർ ഗവ. സ്‌കൂളിൽ രണ്ടാംക്ലാസ് മുതൽ ഏഴാം ക്ലാസ് വരെ ഒപ്പം പഠിച്ച കൂട്ടുകാരൻ സന്ധ്യാവ്, ഉറുമീസ് തമ്പാൻ, എൽദോ എന്നിവരെല്ലാം കൊച്ചിയുടെ വലിയ സംഭാവനകളാണ്. കഥ മാത്രമല്ല, കഥാപാത്രങ്ങളുടെ പേരുകളും എന്നെന്നും ഓർമ്മിക്കപ്പെടണമെന്ന് കൊച്ചിയെ ചിരിച്ചിത്രങ്ങളാക്കിയ കലാകാരന് നിർബന്ധമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |