നെടുമ്പാശേരി: സപ്ളൈകോ നെല്ല് ഏറ്റെടുത്ത് മാസങ്ങളായിട്ടും കർഷകന് പണം ലഭിച്ചില്ലെന്ന നടൻ ജയസൂര്യയുടെ പ്രതികരണം വിവാദമായിരിക്കെ നടനെ പിന്തുണച്ച് കുന്നുകരയിലെയും കർഷകർ. കുന്നുകര ഗ്രാമപഞ്ചായത്തിലെ എലിത്തുരുത്ത് പാടശേഖരത്തിൽ കൃഷിയിറക്കിയ കർഷകരാണ് സപ്ളൈകോയ്ക്ക് നെല്ല് നൽകിയ ഇനത്തിൽ 75 ശതമാനം പണവും ലഭിച്ചില്ലെന്ന പരാതിയുമായെത്തിയത്.
ജില്ലയുടെ നെല്ലറയായ കുന്നുകര പഞ്ചായത്തിലെ എലിത്തുരുത്ത് പാടശേഖരത്തിലെ 70 ഏക്കറിൽ കൃഷിയിറക്കിയ 45 കർഷർ 980 ക്വിന്റൽ നെല്ലാണ് മേയ് 17ന് സപ്ളൈകോയ്ക്ക് നൽകിയത്. ഒരു കിലോ നെല്ലിന് 29.20 രൂപ നിരക്കിൽ ഏകദേശം 30 ലക്ഷം രൂപ ലഭിക്കേണ്ടതിൽ കിലോയ്ക്ക് 7.90 രൂപ വച്ച് എട്ട് ലക്ഷത്തിൽ താഴെയാണ് ഓണത്തിന് മുമ്പായി ലഭിച്ചത്. ബാക്കി തുക ഓണത്തിന് ശേഷം ബാങ്കുകളിൽ നിന്ന് വായ്പയായി ലഭിക്കുമെന്ന് സപ്ളൈകോ അധികൃതർ പറഞ്ഞിരുന്നെങ്കിലും ഇതുവരെ ഇത് സംബന്ധിച്ച അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് ബാങ്ക് അധികൃതർ പറയുന്നത്.
എസ്.ബി.ഐ, കാനറ ബാങ്ക്, ഫെഡറൽ ബാങ്ക് എന്നിവിടങ്ങളിൽ നിന്നും പലിശ രഹിത വായ്പ അനുവദിക്കുമെന്ന് സപ്ളൈകോ അറിയിച്ചതിനെ തുടർന്ന് ഇന്നലെയും പാടശേഖര സമിതി ഭാരവാഹികൾ ബാങ്കുകളിൽ ബന്ധപ്പെട്ടെങ്കിലും നിരാശയായിരുന്നു ഫലം.
നെല്ലിന്റെ പണമോ പലിശ രഹിത വായ്പയോ ലഭിക്കാത്തതിനാൽ അടുത്ത കൃഷിയിറക്കാൻ കർഷകർ തയ്യാറായിട്ടില്ലെന്ന് എലിത്തുരുത്ത് പാടശേഖര സമിതി പ്രസിഡന്റ് ബേബി തോമസ്, സെക്രട്ടറി കെ.കെ. സുനിൽകുമാർ എന്നിവർ പറഞ്ഞു.
കൃഷി ഭവനിൽ നിന്ന് 57 ചാക്ക് 'ഉമ' വിത്തും പാടശേഖര സമിതിയുടെ ഓഫീസിൽ കെട്ടികിടക്കുകയാണ്. വീണ്ടും പലിശക്ക് പണം വാങ്ങി കൃഷിയിറക്കാനില്ലെന്ന നിലപാടിലാണ് കർഷകരെന്നും ഭാരവാഹികൾ പറയുന്നു.
2018 ലെ പ്രളയത്തിന് ശേഷം കുന്നുകരയിൽ ഇത്തവണ നന്നായി വിളവുണ്ടായതിനാൽ ആഘോഷപൂർവ്വമായിരുന്നു കൊയ്ത്തുത്സവം. എന്നാൽ സമയബന്ധിതമായി പണം ലഭിക്കാതെ കർഷകർ ദുരിതത്തിലാകുകയായിരുന്നു. അതേസമയം, മേയ് 15ന് മുമ്പ് നെല്ല് നൽകിയ പഞ്ചായത്തിലെ കുറ്റിപ്പുഴ, കുറ്റിയിൽ, ഈസ്റ്റ് കുറ്റിയിൽ, വയൽക്കര, ഒടിയപാടം പാടശേഖരങ്ങളിലെ കർഷകർക്കെല്ലാം ഓണത്തിന് മുമ്പായി പണം ലഭിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |