കുന്നംകുളം: കഴിഞ്ഞ രണ്ട് സ്‌കൂൾ കായികമേളകളിലും വെള്ളിയും വെങ്കലവുമായിപ്പോയ മിയാ റോസ് തന്റെ അവസാന സ്‌കൂൾ കായികമേളയിൽ സ്വർണം നേടിയെടുത്തു. സീനിയർ ഗേൾസിന്റെ 3 കി.മീ നടത്ത മത്സരത്തിലാണ് എറണാകുളം മാതിരപ്പള്ളി ജി.വി.എച്ച്.എസിലെ പ്ലസ് ടു വിദ്യാർത്ഥിനി പൊന്നണിഞ്ഞത്. സമയം 16.20.91 സെക്കൻഡ്.
എട്ടം ക്ലാസിൽ പഠിക്കേയാണ് കോഴിക്കോട് കട്ടിപ്പാറ സ്വദേശിനിയായ മിയ നടത്ത മത്സരത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചത്. 2019ൽ കണ്ണൂരിൽ നടന്ന സംസ്ഥാന കായികമേളയിൽ ജൂനിയർ വിഭാഗത്തിലായിരുന്നു അരങ്ങേറ്റം. അന്ന് കോഴിക്കോട് ജില്ലക്കായി മത്സരിച്ച താരം വെങ്കലം നേടി. മിയയുടെ പ്രകടനം കണ്ട് കായികാദ്ധ്യാപകനായ ജോർജ് ഇമ്മാനുവൽ എറണാകുളം മാതിരപ്പള്ളി സ്‌കൂളിലേക്ക് ക്ഷണിക്കുകയായിരുന്നു. കഴിഞ്ഞ വർഷം ഇറങ്ങിയെങ്കിലും എറണാകുളത്തിനായി വെള്ളിനേടാനെ മിയയ്ക്ക് സാധിച്ചുള്ളൂ. എം.എ കോളേജ് അക്കാഡമിയിലാണ് പരിശീലനം. അവസാന സ്കൂൾ മീറ്റിൽ സ്വർണമെഡൽ സ്വന്തമാക്കാനായതിൽ അതിയായ സന്തോഷമുണ്ടെന്ന് മിയ പറഞ്ഞു.
കഴിഞ്ഞ സൗത്ത് സോൺ യൂത്ത് മീറ്റൽ 10 കീ.മി നടത്തത്തിൽ റണ്ണറപ്പായിരുന്ന മിയ, 2021ൽ ജൂനിയർ നാഷണൽ അത്‌ലറ്റിക്‌സ് മീറ്രിൽ മൂന്നാം സ്ഥാനം സ്വന്തമാക്കിയിട്ടുണ്ട്. താമരശേരി കട്ടിപ്പാറ താഴത്തെതയ്യിൽ ടി.ജെ. റോജിയും സ്മിതയുമാണ് മാതാപിതാക്കൾ. മലപ്പുറം അലത്തിയൂർ കെ.എച്ച്.എം.എച്ച്.എസിലെ പി. നിരഞ്ജനയും (16.25.42 സെക്കൻഡ് ) പാലക്കാട് കോട്ടായി ജി.എച്ച്.എസ്.സിലെ വി.ബി. നയനയുമാണ് (16.54.98 സെക്കൻഡ് ) ഈയിനത്തിൽ വെള്ളിയും വെങ്കലവും സ്വന്തമാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |