കൊച്ചി: അഞ്ഞൂറിനടുത്ത് പ്രതിഭകൾ... അണ്ടർ 14, അണ്ടർ 17, അണ്ടർ 19 വിഭാഗങ്ങളിലായി 56 ഇന മത്സരങ്ങൾ...മൂടിക്കെട്ടിയ അന്തരീക്ഷത്തിലും വാശിയേറിയ പോരാട്ടങ്ങൾ.. ഇന്നലെ നടന്ന കേരള സെൻട്രൽ സ്കൂൾ സ്പോർട്സ് മീറ്റിൽ പ്രതിഭകൾ മാറ്റുരച്ചു.
പൂത്തോട്ട ശ്രീനാരായണ സ്കൂൾ ഗ്രൗണ്ടിൽ നടന്ന മത്സരങ്ങളിൽ 100, 200, 400 മീറ്ററുകളിലെ വിവിധ വിഭാഗങ്ങളിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്. ത്രോ ഇനങ്ങളിലും ജംപ് ഇനങ്ങളിലും പതിവിലേറെ വാശിയോടെയാണ് താരങ്ങൾ പോരാടിയത്.
ഇന്നലെ രാവിലെ നാഷണൽ കൗൺസിൽ ഒഫ് സി.ബി.എസ്.ഇ സ്കൂൾസ് സെക്രട്ടറി ജനറൽ ഇന്ദിര രാജനാണ് മീറ്റ് ഫ്ളാഗ് ഓഫ് ചെയ്തു. എസ്.എൻ. എഡ്യുക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് മാനേജർ ഇ.എൻ. മണിയപ്പൻ അദ്ധ്യക്ഷനായ ചടങ്ങിൽ മീറ്റ് കൺവീനർ ഫാ. മാത്യു കരീത്തറ, കൗൺസിൽ ഒഫ് സി.ബി.എസ്.ഇ സ്കൂൾസ് കേരള സെക്രട്ടറിയും മീറ്റ് കോ-കൺവീനറുമായ സുചിത്ര ഷൈജിന്ത്, വിനുമോൻ മാത്യു തുടങ്ങിയവർ സംസാരിച്ചു.
മികച്ച സംഘാടനവുമായി
എസ്.എൻ സ്ഥാപനങ്ങൾ
കൊച്ചി: സി.ബി.എസ്.ഇ ക്ലസ്റ്റർ- 11 അത്ലറ്റിക് മീറ്റിനു പിന്നാലെ കേരള സെൻട്രൽ സ്കൂൾ സ്പോർട്സ് മീറ്റിലെ ജില്ലാതല മത്സരങ്ങൾക്കും വേദിയൊരുക്കി പൂത്തോട്ട ശ്രീനാരായണ പബ്ലിക് സ്കൂളും എസ്.എൻ. എഡ്യുക്കേഷണൽ സ്ഥാപനങ്ങളും.
ഇന്നലെ നടന്ന മീറ്റിൽ 500നടുത്ത് പ്രതിഭകളാണ് മാറ്റുരച്ചത്.
എസ്.എൻ. എഡ്യുക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് മാനേജർ ഇ.എൻ. മണിയപ്പന്റെ നേതൃത്വത്തിൽ കായികാദ്ധ്യാപകർ വിപുലമായ സജ്ജീകരണങ്ങളും ഒരുക്കിയിരുന്നു.
ട്രാക്ക് മാർക്കിംഗ് ഉൾപ്പെടെ മികവുറ്റ രീതിയിലാണ് നടത്തിയത്.
ദിവസങ്ങൾ നീണ്ട പ്രയത്നം വിജയകരമായതിന്റെ സന്തോഷത്തിലാണ് സംഘാടകർ.
മീറ്റിന്റെ നടത്തിപ്പിനായി വളന്റിയർമാരെ ഉൾപ്പെടെ സജ്ജമാക്കി. കാന്റീനിൽ നിന്ന് മുഴുവൻ പേർക്കും മിതമായ നിരക്കിൽ ഭക്ഷണവും ലഭ്യമാക്കി.
സി.ബി.എസ്.ഇയിൽ നിന്ന് ലഭിച്ച അറിയിപ്പ് പ്രകാരം സ്പോർട്സ് മീറ്റിന്റെ ആതിഥേയത്വം ഏറ്റെടുക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സ്കൂളിലെ അദ്ധ്യാപകരും വിദ്യാർത്ഥികളുമെല്ലാം ഒറ്റക്കെട്ടായി നിന്നു.
പൂത്തോട്ട എസ്.എൻ.ഡി.പി യോഗം 1103 -ാം നമ്പർ ശാഖയുടെ പിന്തുണയും ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
വീണ്ടും വ്യക്തിഗത
ചാമ്പ്യനാകാൻ ക്രിസ്റ്റസ്
കൊച്ചി: കേരള സെൻട്രൽ സ്കൂൾ സ്പോർട്സ് മീറ്റിനോട് അനുബന്ധിച്ചുള്ള ജില്ലാതല മത്സരങ്ങളിൽ 19 വയസിൽ താഴെയുള്ള ആൺകുട്ടികളുടെ വിഭാഗത്തിൽ 100 മീറ്ററിലും 400 മീറ്ററിലും മിന്നും പ്രകടനവുമായി ഒന്നാമതെത്തിയതോടെ ക്രിസ്റ്റസ് ജോബിക്ക് മുന്നിൽ വീണ്ടും ഒരു സ്വപ്നമുണർന്നു. സംസ്ഥാന തലത്തിലെ വ്യക്തിഗത ചാമ്പ്യൻപട്ടം....! മൂവാറ്റുപുഴ നിർമ്മല സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയായ ക്രസ്റ്റസ് നാല് തവണ സി.ബി.എസ്.സി സംസ്ഥാന കായികമേളയിൽ പങ്കെടുത്തു. കഴിഞ്ഞ വർഷം 400 മീറ്ററിലും ട്രിപ്പിൾ ജമ്പിലും ഒന്നാമതെത്തിയാണ് വ്യക്തിഗത ചാമ്പ്യനായത്. മൂവാറ്റുപുഴ സ്വദേശികളായ ജോബി-സിമി ദമ്പതികകളുടെ മകനാണ്. സഹോദരൻ റൂഫസിന്റെ പിന്തുണയും ക്രിസ്റ്റസിനുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |