കൊച്ചി: കളമശേരി മേഖലയിലും പരിസര പ്രദേശങ്ങളിലും ദുരന്തങ്ങൾ തുടർക്കഥയാകുമ്പോൾ എറണാകുളം സർക്കാർ മെഡിക്കൽ കോളേജിൽ അടിസ്ഥാനസൗകര്യങ്ങൾ വർദ്ധിപ്പിക്കുകയും കൂടുതൽ വിദഗ്ദ്ധ ഡോക്ടർമാരെ നിയമിക്കുകയും വേണമെന്ന് ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ മൂവ്മെന്റ് ആവശ്യപ്പെട്ടു. വ്യവസായ നഗരമായ കൊച്ചിയുടെ ആവശ്യത്തിനനുസരിച്ച് കോളേജ് വികസനത്തിന് മാസ്റ്റർ പ്ളാൻ ആവിഷ്‌കരിക്കണമെന്നും മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, ജില്ലാ കളക്ടർ, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ എന്നിവർക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.
രണ്ടു വലിയ ദുരന്തങ്ങളാണ് 27 ദിവസത്തിനകം കളമശേരിയിലെ മെഡിക്കൽ കോളേജിന് സമീപത്തുണ്ടായത്. ബോംബ് സ്‌ഫോടനത്തിന്റെ ഭീതി മാറും മുമ്പാണ് കുസാറ്റിൽ നാലുപേരുടെ മരണത്തിനിടയാക്കിയ ദുരന്തം. കൂടുതൽ പേർ അപകടത്തിൽപ്പെടുന്ന ദുരന്തം നേരിടാൻ കഴിയുന്ന സംവിധാനങ്ങൾ ഒരുക്കണം.
അത്യാഹിതവിഭാഗത്തിൽ കൂടുതൽ പേരെ കൈകാര്യം ചെയ്യാൻ കഴിയില്ല. മറ്റു മെഡിക്കൽ കോളേജുകളിലുള്ളതുപോലെ അത്യാഹിതവിഭാഗത്തിൽ ശസ്ത്രക്രിയാ സൗകര്യങ്ങളില്ല. സർജറി, ഓർത്തോപീഡിക്‌സ്, അനസ്തീഷ്യ, ഗൈനക്കോളജി പി.ജി കോഴ്സുകൾ ഇല്ലാത്തതിനാൽ വിദ്യാർത്ഥികളുടെ സേവനം ലഭിക്കുന്നില്ല. ഹൗസ് സർജന്മാർ, മെഡിക്കൽ ഓഫീസർമാരുമാണുള്ളത്. ട്രോമോ കെയർ സെന്റർ ആരംഭിക്കണം.
വിദഗ്ദ്ധ ഡോക്ടർമാർ വേണം
വിദഗ്ദ്ധ ഡോക്ടർമാരുടെ കുറവുമൂലം തൃശൂർ, കോട്ടയം മെഡിക്കൽ കോളേജുകളിലെ ഡോക്ടർമാരെ അടിയന്തരഘട്ടങ്ങളിൽ വിളിച്ചുവരുത്തേണ്ടിവരുന്നുണ്ട്. ശ്വാസകോശത്തിനും ഹൃദയത്തിനും മുറിവുണ്ടായാൽ അടിയന്തര ശസ്ത്രക്രിയ നടത്താൻ വിദഗ്ദ്ധരില്ല. പ്ളാസ്റ്റിക് സർജറി, യൂറോളജി, ഗ്യാസ്ട്രോ സർജറി, പീഡിയാട്രിക് സർജറി എന്നിവയിൽ വിദഗ്ദ്ധരില്ല.
അടിയന്തര കമ്മിറ്റി വേണം
ആശുപത്രിയുടെ വികസനത്തിന് ജില്ലാ കളക്ടർ, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ, തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം മെഡിക്കൽ കോളേജുകളുടെ പ്രിൻസിപ്പൽമാർ, സൂപ്രണ്ടുമാർ എന്നിവരുൾപ്പെട്ട കമ്മിറ്റി അടിയന്തരമായി രൂപീകരിക്കണം. സമിതിയുടെ നേതൃത്വത്തിൽ മാസ്റ്റർ പ്ളാൻ തയ്യാറാക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |