കൊച്ചി: ആംഗ്യഭാഷാ പരിശീലകയെന്ന നിലയിൽ ശബ്ദമില്ലാത്ത ആയിരങ്ങളുടെ ആശ്രയമായി മാറിയ സിസ്റ്റർ അഭയ നാളെ ഔദ്യോഗിക ജീവിതത്തിൽ നിന്ന് പടിയിറങ്ങും. നീണ്ട 32 വർഷത്തെ സേവനത്തിന് ശേഷമാണ് മാണിക്കമംഗലം സെന്റ് ക്ലെയർ ബധിരവിദ്യാലയത്തിന്റെ പ്രിൻസിപ്പൽ പദവിയിൽ നിന്ന് സിസ്റ്റർ വിരമിക്കുന്നത്.
ആംഗ്യഭാഷാ പരിശീലനത്തിൽ അഗ്രഗണ്യയായ സി. അഭയ കേൾവിയും സംസാരശേഷിയുമില്ലാത്ത വിദ്യാർത്ഥികൾക്ക് വഴികാട്ടിയായതിനൊപ്പം സിനിമാരംഗത്തും കോടതി വ്യവഹാര രംഗത്തും സഹായ ഹസ്തവുമായെത്താറുണ്ട്.
മഞ്ഞപ്ര തവളപ്പാറ തിരുത്താനത്തിൽ ഔസേഫ്‌കുട്ടി - മേരി ദമ്പതികളുടെ അഞ്ചു മക്കളിൽ രണ്ടാമത്തെയാളാണ് സിജിയാണ് സന്ന്യസ്തം സ്വീകരിച്ച് സിസ്റ്റർ അഭയയായത്.
എം.എ, എം.എഡ് ബിരുദധാരിയായ സിസ്റ്റർ ഇന്ത്യൻ സൈൻ ലാംഗ്വേജിൽ മദ്രാസ് സർവകലാശാലയിൽ നിന്ന് സർട്ടിഫിക്കറ്റ് കോഴ്സും എം.ജി. സർവകലാശാലയിൽ നിന്ന് പി.ജി ഡിപ്ലോമയും നേടി. സെന്റ് ക്ലെയർ സ്കൂളിന്റെ തുടക്കം മുതൽ അവിടെ അദ്ധ്യാപികയാണ്.
'സിനിമക്കാരെയും’ പഠിപ്പിക്കും
'ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യൻ' സിനിമയിലടക്കം മൂക കഥാപാത്രങ്ങളെ ആംഗ്യഭാഷ പഠിപ്പിക്കാനും ബധിരരുടെ വാദങ്ങൾ കോടതിയിൽ വ്യാഖ്യാനിക്കാനുമാണ് സിസ്റ്റർക്ക് ക്ഷണംകിട്ടാറുള്ളത്.
ആംഗ്യഭാഷയും വിവരണവുമായി ബൈബിളിന്റെ ആദ്യമലയാള വ്യാഖ്യാനം നിർവഹിച്ചത് സിസ്റ്റർ അഭയയാണ്. ബധിരർക്കായി മാർപാപ്പയുടെ ചാക്രിക ലേഖനങ്ങളുടെ വിവരണവും നിർവഹിക്കുന്നു. ബധിരവിദ്യാലയങ്ങൾക്കായി എസ്.സി.ഇ.ആർ.ടി നിയോഗിച്ച റിസോഴ്സ് പേഴ്സൺ കൂടിയായിരുന്നു സിസ്റ്റർ അഭയ.
245 വിദ്യാർത്ഥികൾ
നാലു കുട്ടികളുമായി തുടങ്ങിയ വിദ്യാലയത്തിൽ ഇന്ന് 245 വിദ്യാർത്ഥികളുണ്ട്. ബധിരമൂകരടക്കം 40 അദ്ധ്യാപകരും. എൽ.കെ.ജി മുതൽ ബധിരർക്കുള്ള ബിരുദ കോഴ്സുകൾ വരെ ഈ വിദ്യാലയത്തിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |