ആലുവ: ആലുവ മഹാശിവരാത്രിയുമായി ബന്ധപ്പെട്ട് മണപ്പുറത്ത് പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തും. കഴിഞ്ഞ വർഷം നിർമ്മിക്കാനാകാതിരുന്ന വാച്ച് ടവർ പ്രധാന കേന്ദ്രങ്ങളിൽ സ്ഥാപിക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് വിളിച്ചു ചേർത്ത വിവിധ വകുപ്പുകളുടെ അവലോകന യോഗത്തിലാണ് തീരുമാനം.
ബലിയിടൽ കർമ്മങ്ങൾ കൂടാതെ 26 മുതൽ ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന വ്യാപാര മേള, അമ്യൂസ്മെന്റ് പാർക്ക്, ഒരാഴ്ച നീണ്ടു നിൽക്കുന്ന ദൃശ്യോത്സവം എന്നിവ നഗരസഭയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുമെന്ന് നഗരസഭ ചെയർമാൻ എം.ഒ. ജോൺ പറഞ്ഞു.
പ്രസിഡന്റ് അഡ്വ. പി.എസ്. പ്രശാന്ത് അദ്ധ്യക്ഷനായി. ഡെപ്യൂട്ടി ദേവസ്വം കമ്മിഷണർ കെ.ആർ. ശ്രീലത, വിജിലൻസ് എസ്.പി. സുനിൽ കുമാർ, എസ്.ആർ. രാജീവ്, തുടങ്ങിയവർ പങ്കെടുത്തു.
ബലിയിടാൻ നിരക്ക് 75
ആലുവ മണപ്പുറത്ത് ബലിയിടാനുള്ള നിരക്ക് ഈ വർഷവും 75 ആയിരിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അറിയിച്ചു. തുക കൂടുതൽ ഈടാക്കിയാൽ നടപടികൾ ഉണ്ടാകുമെന്നും ദേവസ്വം വിജിലൻസ് അറിയിച്ചു.
ബലിത്തറകൾക്ക് ആവശ്യക്കാരില്ല
ശിവരാത്രി നടപ്പാലത്തിലൂടെ മണപ്പുറത്തേക്ക് നിയന്ത്രണം വരത്തുന്നതിനാൽ പെരിയാർ തീരത്തോട് ചേർന്നുള്ള ബലിത്തറകൾ ലേലത്തിന് പോകുന്നില്ലെന്ന് ദേവസ്വം ബോർഡ്. അതിനാൽ നടപ്പാലത്തിൽ രണ്ട് ഭാഗത്തേക്കും സഞ്ചാരയോഗ്യമാക്കണമെന്ന് ദേവസ്വം ബോർഡും ആലുവ നഗരസഭയും ആവശ്യപ്പെട്ടു. ശിവരാത്രി മണപ്പുറത്ത് ബലിത്തറകൾ 53 എണ്ണമാണ് ലേലം പോയിട്ടുള്ളത്. ആകെയുള്ള 116 എണ്ണമുണ്ട്. ദേവസ്വം ബോർഡിന് കീഴിലുള്ള 31 വ്യാപാരശാലകളിൽ 18 എണ്ണം ലേലത്തിൽ പോയി. 80 ബലത്തറകളേ പാടുള്ളുവെന്ന ഹൈക്കോടതി വിധിയുടെ ലംഘനമാണ് ദേവസ്വം നടപടിയെന്ന് ഹിന്ദു ഐക്യവേദി ആരോപിച്ചു.
യോഗത്തിലെ തീരുമാനങ്ങൾ
മണപ്പുറത്ത് 116 ബലിത്തറകളും 31 വ്യാപാര സ്റ്റാളുകളും ലേലം ചെയ്തു നൽകും.
സുരക്ഷയ്ക്കായി മണപ്പുറത്തും പുഴയിലും ബാരിക്കേഡുകൾ സ്ഥാപിക്കും
ബലിതർപ്പണത്തിനുള്ള കടവുകൾ അതിവേഗം വൃത്തിയാക്കും.
വ്യാപാര സ്റ്റാളുകൾ, നഗരസഭ താത്കാലിക ഓഫീസ്, ഫയർ സ്റ്റേഷൻ, ആശുപത്രി, പൊലീസ് സ്‌റ്റേഷൻ എന്നിവ ഒരുക്കും.
നിരീക്ഷണത്തിനായി എട്ട് വാച്ച് ടവറുകൾ സ്ഥാപിക്കും.
1200 പൊലീസുകാരെ നിയോഗിക്കും.
സി.സി ടിവികൾ സ്ഥാപിക്കും.
എക്സൈസ് പ്രത്യേക പരിശോധന നടത്തും. അഗ്നി രക്ഷാസേന, നാവിക സേന, സ്‌കൂബാ ഡൈവേഴ്‌സ് എന്നിവരുടെ സേവനവും ഉണ്ടാകും. ക്ലോറിഫിക്കേഷൻ, ആംബുലൻസ് സൗകര്യം എന്നിവ ഒരുക്കം.
ശിവരാത്രി നാളിൽ മദ്യനിരോധനം ആചരിക്കുന്നതിന് കലക്ടർക്ക് കത്ത് നൽകും. മണപ്പുറത്തെ കെഎസ്ആർടിസി താൽക്കാലിക സ്റ്റാൻഡ് കേന്ദ്രീകരിച്ച് ബസുകൾ സർവീസ് നടത്തും.
ശിവരാത്രി നാളിൽ അർദ്ധരാത്രി വരെയും പിറ്റേന്ന് പുലർച്ചെ മുതലും കൊച്ചി മെട്രോ സർവീസ് നടത്തും.
കെഎസ്ഇബിയുടെ നേതൃത്വത്തിൽ എൽഇഡി, എംഎച്ച് ലൈറ്റുകൾ ഉപയോഗിച്ച് വെളിച്ച സംവിധാനം ഒരുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |