കൊച്ചി: കള്ളക്കേസിൽ കുടുങ്ങി ജീവിതമാകെ ഇരുട്ടുപടർന്നപ്പോൾ ഓട്ടോത്തൊഴിലാളി തോമസ് ഔസേപ്പിന്റെ മനസിനെ തണുപ്പിച്ചത് ചിത്രരചനയാണ്. ഉറക്കമില്ലാത്ത രാത്രികളിൽ വരച്ചുവരച്ച് സ്വയം പഠിച്ച 62കാരൻ ഇപ്പോൾ കാൻവാസിൽ തീർക്കുന്നത് മനോഹരമായ പോർട്രെയ്റ്റുകൾ. ആരെയാണോ വരയ്‌ക്കുന്നത്, ആ ചിത്രം അവർക്ക് നേരിട്ടെത്തി സമ്മാനിക്കുന്നതാണ് തോമസിന്റെ രീതി.
പെരുമ്പാവൂർ ഇരിങ്ങോൾ സ്വദേശിയായ തോമസ് പെയിന്റിംഗ് തൊഴിലാളിയായിരുന്നു. ശാരീരികബുദ്ധിമുട്ടുകൾ അലട്ടിയപ്പോൾ പെയിന്റിംഗ് ജോലി ഉപേക്ഷിച്ച് കാക്കിക്കുപ്പായമിട്ട് ഓട്ടോയിൽ കയറി. അല്ലലില്ലാതെ കഴിയവേ, അഞ്ച് വർഷം മുമ്പേ കിടപ്പാടം പുറമ്പോക്കായി മാറ്റപ്പെട്ടു. വീട് പൊളിച്ചുകളയുമെന്ന ഭീഷണിവരെയുണ്ടായി.
ഉറക്കമില്ലാതായപ്പോഴാണ് പെയിന്റും ബ്രഷും വീണ്ടും കൈയ്യിലെടുത്തത്. ചിത്രങ്ങൾക്ക് ആദ്യമൊന്നും മികവുണ്ടായില്ല. പതിയെ ഓയിൽ പെയിന്റിൽ കാൻവാസിൽ അമ്പരപ്പിക്കുന്ന പോർട്രെയ്റ്റുകൾ വിരിഞ്ഞു. ഭാര്യ എൽസിയുടെ ചിത്രത്തിന് അവർ തന്നെ നൂറുമാർക്ക് നൽകിയോടെ ആത്മവിശ്വാസമായി. പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി പിണറായി വിജയൻ, ശിവസേന തേതാവ് ഉദ്ധവ് താക്കറെ, നടന്മാരായ ദിലീപ്, രമേഷ് പിഷാരടി... ചിത്രങ്ങളുടെ നിര നീണ്ടു. മക്കളായ സിഞ്ചുവും ബിഞ്ചുവും പ്രോത്സാഹനമേകി.
നേരിട്ട് സമ്മാനം
ചിത്രങ്ങൾ നേരിട്ട് സമ്മാനിക്കണമെന്നാണ് ആഗ്രഹമെങ്കിലും പ്രധാനമന്ത്രിയുടെ കാര്യത്തിൽ അതിനു കഴിഞ്ഞില്ല. പക്ഷേ ഒരുചിത്രം ബി.ജെ.പി അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ വഴി ഡൽഹിയിൽ എത്തിച്ചു. ഉദ്ധവ് താക്കറെയുടെ ചിത്രം മഹാരാഷ്ട്രയിലെ ശിവസേനാ ആസ്ഥാനത്തെത്തി സമ്മാനിച്ചു.
ലാലേട്ടനും മമ്മൂക്കയും
പുലർച്ചെയും രാത്രിയിലുമാണ് ചിത്രംവര. ആദ്യമെല്ലാം രണ്ടാഴ്ചയോളം എടുത്തിരുന്നു. ഇപ്പോൾ രണ്ട് ദിവസം മതി. ഇഷ്ടതാരങ്ങളായ മമ്മൂട്ടിയെയും മോഹൻലാലിനെയും വരയ്‌ക്കലാണ് അടുത്ത ലക്ഷ്യം. ഇവർക്ക് ചിത്രങ്ങൾ നേരിട്ട് സമ്മാനിക്കാൻ വഴിതുറക്കുമെന്നാണ് പ്രതീക്ഷ.
ഒരുഘട്ടത്തിൽ ജീവതത്തിന് കരുത്തായത് ചിത്രരചനയാണ്. നേരിട്ട് ചിത്രങ്ങൾ സമ്മാനിക്കുമ്പോൾ ലഭിക്കുന്ന സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല.
- തോമസ് ഔസേപ്പ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |