മട്ടാഞ്ചേരി: പൊട്ടിത്തെറിക്കുന്ന മിഠായി രൂപത്തിൽ സ്കൂൾ പരിസരങ്ങളിൽ പുതിയ മയക്കമരുന്ന് എത്തുന്നുവെന്ന വാർത്ത രക്ഷിതാക്കളിലും അധികൃതരിലും ആശങ്കയുയർത്തുന്നു. 'സ്ട്രോബെറി കിക്ക് ’ എന്ന പേരിൽ ഇത്തരം മയക്കുമിഠായികളെക്കുറിച്ച് സമൂഹമാദ്ധ്യമങ്ങളിൽ വാർത്തകൾ പ്രചരിക്കുന്നുണ്ട്. പൊലീസും എക്സൈസും പരിശോധനയും നിരീക്ഷണവും ശക്തമാക്കിയെങ്കിലും തുമ്പൊന്നും ലഭിച്ചിട്ടില്ല. പൊലീസിന്റെ പ്രത്യേക സ്ക്വഡും ഇവ തേടി രംഗത്തുണ്ട്.
സ്ട്രോബെറി മണം
സ്ട്രോബെറിയുടെ മണമുള്ളതാണത്രെ മയക്കുമിഠായി. സ്ട്രോബെറി മെത്ത്, സ്ട്രോബെറി കിക്ക് എന്നും വിളിപ്പേരുണ്ട്. ചോക്കലേറ്റ്, പീനട്ട് ബട്ടർ, കോള, ചെറി, മുന്തിരി, ഓറഞ്ച് എന്നീ രുചികളിൽ ഇറങ്ങുന്ന ചിലയിനം മിഠായികൾ സംശയനിഴലുലുണ്ട്. വാർത്തകളെ തുടർന്ന് പശ്ചിമകൊച്ചിയിലെ സ്കൂളുകൾ ജാഗ്രതയിലാണ്. 'സ്ഥിരീകരിക്കാനും നിഷേധിക്കാനും എക്സൈസ് - പൊലീസ് അധികൃതർക്കുമാകുന്നില്ല. വാർത്തകളുടെ ഉറവിടവും അന്വേഷിക്കുന്നുണ്ട്.
165 മയക്കുമരുന്ന് കേസുകൾ
കഴിഞ്ഞ വർഷം മാത്രം 165 മയക്കുമരുന്നു കേസുകളാണ് മട്ടാഞ്ചേരി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തതെന്ന് എസ്.എച്ച്.ഒ. ഷിബിൻ പറഞ്ഞു. മയക്കമരുന്നിന്റെ ഉപയോഗം മട്ടാഞ്ചേരി ഭാഗത്ത് വർദ്ധിക്കുന്നു. തമാശയ്ക്ക് പോലും എം.ഡി. എം.എ. ഉപയോഗിക്കരുത്. പിന്നെ അതിന് അടിമപ്പെടും. സ്കൂൾ വിദ്യാർത്ഥികളായ മക്കൾ വീട്ടിൽ വരുമ്പോൾ രക്ഷിതാക്കൾ ബാഗ് ഉൾപ്പെടെ പരിശോധിക്കണം. തന്റെ മക്കൾ മയക്കുമരുന്നിന് അടിമയാണെന്ന് അറിയുമ്പോൾ പലപ്പോഴും വൈകിപ്പോകുമെന്ന് അദ്ദേഹം പറഞ്ഞു.
പശ്ചിമകൊച്ചിയിൽ സ്കൂൾ പരിസരത്ത് മയക്കമരുന്ന് വില്പന തടയാൻ കർശന നടപടി സ്വീകരിക്കും. എക്സൈസുമായി ചേർന്ന് സ്ക്വാഡിന് രൂപം നൽകി അന്വേഷണം ഊർജിതമാക്കും.
മട്ടാഞ്ചേരി അസി. പൊലീസ് കമ്മിഷണർ
പശ്ചിമകൊച്ചിയിൽ മയക്കമരുന്ന് കലർന്ന മിഠായി വില്പന നടത്തുന്ന കടകളുടെ ലൈസൻസ് റദ്ദ് ചെയ്ത് ശിക്ഷാ നടപടികൾക്ക് വിധേയമാക്കണം. ആന്റണി കുരീത്തറ പ്രതിപക്ഷ നേതാവ് കൊച്ചി കോർപ്പറേഷൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |