പറവൂർ: ഇടിഞ്ഞുപൊളിഞ്ഞ ഒറ്രമുറി ഷെഡിൽ കഴിഞ്ഞിരുന്ന വിജയേട്ടന് വടക്കുംപുറത്തെ സൗഹൃദ കൂട്ടായ്മ വിജയ എന്ന പേരിൽ വീട് നിർമ്മിച്ചു നൽകി. 73 വയസുള്ള വിജയേട്ടൻ അച്ഛനും അമ്മയും മരിച്ച ശേഷം ഒറ്റയ്ക്കാണ് താമസം. എട്ടാം ക്ളാസിൽ പഠിക്കുമ്പോൾ രാത്രിയിൽ എന്തോ കണ്ട് ഭയന്നു. കുറെ നാൾ വീടിന് പുറത്തിറങ്ങിയില്ല. പിന്നീട് പഠനം തുടരാനായില്ല.
ചേന്ദമംഗലം പഞ്ചായത്തിലെ പതിനാലാം വാർഡിൽ വടക്കുംപുറത്ത് കുടുംബ സ്വത്തായി കിട്ടിയ അഞ്ച് സെന്റ് ഭൂമിലെ ഒറ്റമുറി ഷെഡിലായിരുന്നു വർഷങ്ങളോളം താമസം. ഭൂമിയുടെ രേഖകളൊന്നും കൈവശമില്ലാത്തിനാൽ ലൈഫ് പദ്ധതിയിൽ വീട് ലഭിച്ചില്ല.
പഞ്ചായത്തിൽ നിന്ന് അതിദാരിദ്രർക്ക് നൽകുന്ന കിറ്റ് ലഭിക്കുന്നുണ്ട്. പാചകം ചെയ്തു കഴിക്കാനുള്ള ബുദ്ധിമുട്ട് കൊണ്ട് നാട്ടുകാരുടെ സഹായത്തിലാണ് ഭക്ഷണം കഴിക്കുന്നത്. വിജയേട്ടനെ കണ്ടാൽ ഭക്ഷണം നൽക്കാൻ നാട്ടുകാരാരും മടികാണിക്കാറില്ല.
ആരോഗ്യ പ്രശ്നങ്ങളും ഓർമ്മക്കുറവും ഉണ്ടായതോടെയാണ് കയറിക്കിടക്കാൻ വിജയേട്ടന് വീട് നിർമ്മിച്ച് നൽകണെന്ന ആശയം രൂപപ്പെട്ടത്. ഒരുമാസത്തിനുള്ളിൽ വീടിന്റെ നിർമ്മാണം പൂർത്തികരിച്ചു. ഗ്രാമപഞ്ചായത്ത് അംഗം ബെന്നി ജോസഫ് വീടിന്റെ ഉദ്ഘാടനം നിർവഹിച്ചു. സഹായസമിതി ചെയർമാൻ എബ്രാഹം സെൽവൻ, കൺവീനർ സി.കെ. കൃഷ്ണകുമാർ, കെ.കെ. സതീഷ്, സി.സി. തമ്പി, ശ്രീജിത്ത് മനോഹർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |