കൊച്ചി: ഫീൽഡ് വിസിറ്റ് എന്ന പേരിൽ ഉല്ലാസകേന്ദ്രങ്ങളിലേക്ക് യാത്ര, എക്‌സിബിഷനുകളുടെയും മീറ്റിംഗുകളുടെയും പേരിൽ ലക്ഷങ്ങൾ പോക്കറ്റിലാക്കുന്ന ഉന്നതർ. ഉത്തരേന്ത്യൻ ലോബിയുടെ കുത്തഴിഞ്ഞ ഭരണത്തിൽ കയർബോർഡിൽ നിന്ന് പുറത്തുവരുന്നത് കോടികളുടെ തട്ടിപ്പിന്റെ വിവരങ്ങൾ. കെട്ടുപിണഞ്ഞ കണക്കുകളും ക്രമക്കേടുകളും ഞെട്ടിക്കുന്നതെന്ന് ഒരുവിഭാഗം ജീവനക്കാർ. തലപ്പത്തിരിക്കുന്നവരുടെ ക്രമക്കേടുകൾക്കെതിരെ ആർക്കും മിണ്ടാനാവാത്ത അവസ്ഥ.
ഉന്നത ഉദ്യോഗസ്ഥർ എപ്പോഴൊക്കെ, എവിടെയൊക്കെ ഫീൽഡ് വിസിറ്റ് നടത്തണം, യാത്ര നടത്തണം തുടങ്ങിയ കാര്യങ്ങളിലെല്ലാം കൃത്യമായ മാനദണ്ഡങ്ങൾ ഉണ്ടെങ്കിലും വർഷങ്ങളായി പാലിക്കപ്പെടുന്നില്ല.
തട്ടിപ്പ് ചോദ്യം ചെയ്താൽ ഭീഷണി
എക്‌സിബിഷൻ കഴിഞ്ഞാൽ സ്റ്റാളിന് ചെലവായത് ലക്ഷങ്ങളെന്ന് രേഖപ്പെടുത്തും. കീഴുദ്യോഗസ്ഥർക്ക് ചോദ്യം ചെയ്യാൻ അവകാശമില്ല. ഫയൽ നീങ്ങിയില്ലെങ്കിൽ കസേര വിദൂരങ്ങളിലേക്കു തെറിക്കും.
സംസ്ഥാനത്ത് നടത്തിയ എക്‌സിബിഷനിൽ മൂന്നര ദിവസം കയർ ബോർഡ് സ്റ്റാൾ ഇട്ടതിന് 25 ലക്ഷം രൂപ ചെലവായെന്ന് രേഖപ്പെടുത്തി. ചോദ്യം ചെയ്ത കീഴുദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി ഫയൽ ക്ലിയറാക്കി ഉന്നതർ ക്ലീനായെന്ന് ജീവനക്കാർ പറയുന്നു.
ഷോറൂമുകളാണ് എക്‌സിബിഷനിൽ സ്റ്റാളിന് പ്രൊപ്പോസൽ തയ്യറാക്കേണ്ടത്. പ്രപ്പോസൽ അംഗീകരിച്ചാൽ മാത്രമാണ് തുടർ നടപടികൾ. അടുത്ത കാലത്തായി സെക്രട്ടറിയും ചെയർമാനും ഉൾപ്പെടെയുള്ളവരാണ് ഇക്കാര്യം നിശ്ചയിക്കുന്നത്. കേട്ടുകേൾവി പോലും ഇല്ലാത്ത കാര്യങ്ങളാണ് നടക്കുന്നതെന്ന് കയർബോർഡ് പെൻഷനേഴ്‌സ് അസോസിയേഷൻ അംഗം പറയുന്നു.
മൂന്ന് ദിവസത്തെ
ടാക്‌സി ചാർജ് മൂന്ന് ലക്ഷം
ബോർഡിന്റെ പ്രവർത്തനം വ്യാപിപ്പിക്കാൻ ഉന്നതന്റെ ത്രിദിന സന്ദർശനം. മൂന്ന് ലക്ഷം ടാക്സി ചാർജ്ജ്. ടാക്സി ഓടിയ സ്ഥലങ്ങൾ കൊച്ചി, കുമരകം, ആലപ്പുഴ, കൊല്ലം, കണ്ണൂർ, മൂന്നാർ... വല്ലപ്പോഴും കയർബോർഡ് ആസ്ഥാനത്തെത്തുന്ന ഉന്നതൻ യാത്രാബത്ത ഇനത്തിൽ മാത്രം തട്ടിയത് ലക്ഷങ്ങൾ. കേവലം രണ്ടാഴ്ചകൊണ്ട് തുക പാസാക്കി ഉന്നതൻ പോക്കറ്റിലിട്ടു.
വല്ലപ്പോഴുമെത്തുന്ന ഉത്തരേന്ത്യൻ ഉദ്യോഗസ്ഥർക്ക് ഉല്ലാസയാത്രകൾ നിർബന്ധമാണ്. അതും കയറുമായി ബന്ധമില്ലാത്ത ഇടങ്ങളിലേക്ക്. കുടുംബത്തെയും കൂട്ടുകാരെയും കൂട്ടിയുള്ള ഇത്തരം യാത്രകളുടെ ചെലവ് കയർ ബോർഡ് വക.
നാളെ: മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള സ്ഥലം മാറ്റങ്ങൾ പതിവ്; അയിത്തവും അരിശവും കേരളീയരോട്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |