കൊച്ചി: അണുകുടുംബങ്ങളിലെ ജീവിതം കുട്ടികളുടെ മാനസിക വികാസത്തെ ബാധിച്ചേക്കാമെന്ന് ഡോക്ടർമാർ. കളിപ്പാട്ടങ്ങൾക്ക് പകരം കുട്ടികൾക്ക് ഫോൺ നൽകി സമാധാനിപ്പിച്ച് മാതാപിതാക്കൾ ജോലിയിൽ മുഴുകുന്നതും പ്രശ്നങ്ങൾക്കിടയാക്കും. സംസാര വൈകല്യവും മറ്റുള്ളവരോട് ഇടപെടുന്നതിലെ ആത്മവിശ്വാസക്കുറവുമാണ് ഇതിന്റെ ഫലമെന്ന് ഇന്ത്യൻ അക്കാഡമി ഒഫ് പീഡിയാട്രിക്സ് മുൻ നാഷണൽ എക്സിക്യുട്ടീവ് അംഗം ഡോ. അനിൽ വിൻസന്റ് പറഞ്ഞു.
തിരുവനന്തപുരം ശിശു വികസന കേന്ദ്രത്തിന്റെ (സി.ഡി.സി) കണക്കുകൾ പ്രകാരം 2022ൽ 4081കുട്ടികളും 2024ൽ 4284 കുട്ടികളും വിവിധ തരത്തിലുള്ള വളർച്ചാ വെല്ലുവിളികൾക്ക് ചികിത്സ തേടി. ഓട്ടിസം, സംസാര വൈകല്യം എന്നിവയാണ് ഇതിലേറെയും.
ബുദ്ധിവികാസത്തിന്റെ ഘട്ടങ്ങൾ യഥാസമയം കൈവരിക്കാൻ സാധിക്കാതിരിക്കുക, സാമൂഹിക ഇടപെടലുകളിൽ ബുദ്ധിമുട്ട്, സംസാരത്തിൽ ബുദ്ധിമുട്ട് തുടങ്ങിയവയാണ് ഓട്ടിസത്തിന്റെ ലക്ഷണങ്ങൾ. നേരത്തേ കണ്ടെത്താനും കൃത്യമായ ചികിത്സയിലൂടെ പരിഹരിക്കാനും സാധിക്കും.
വളർച്ചാഘട്ടങ്ങൾ കൃത്യമാകണം
ഒരു വയസിൽ കുഞ്ഞുങ്ങൾ നടക്കാനും ഒന്നോ രണ്ടോ വാക്കുകൾ സംസാരിക്കാനും തുടങ്ങണം. കൈകാലുകളുടെ ചലനം രണ്ട്, നാല്, എട്ട്, പത്ത്, 12 മാസങ്ങളിലെങ്കിലും വിലയിരുത്തുന്നത് കുട്ടിയുടെ വികാസം സാധാരണ ഗതിയിലാണെന്ന് ഉറപ്പാക്കുന്നതിന് സഹായകമാകും.
രണ്ടാം മാസം മുഖത്തുനോക്കി ചിരിക്കുക, നാലിൽ കഴുത്തുറയ്‌ക്കുക, എട്ടാം മാസത്തിൽ തനിയെ എഴുന്നേറ്റിരിക്കുക, പത്തിൽ പരസഹായമില്ലാതെ നിൽക്കുക, ഒരുവയസിൽ നടന്നു തുടങ്ങുക, ഒന്നോ രണ്ടോ വാക്കെങ്കിലും സംസാരിക്കുക തുടങ്ങി വിവിധ ഘട്ടങ്ങളിൽ വേണ്ട വളർച്ച കൃത്യമാണോ എന്നതാണ് ഇതിലൂടെ പരിശോധിക്കേണ്ടത്. മൂന്നു വയസിനുള്ളിൽ കുട്ടികളുടെ പ്രശ്നങ്ങൾ തിരിച്ചറിയാൻ സാധിക്കും. ഇത്തരം കുട്ടികളെ ചികിത്സയോടൊപ്പം അങ്കണവാടി പോലെയുള്ള സംവിധാനങ്ങളിൽ അയയ്‌ക്കുന്നത് നല്ലതാണെന്ന് ഡോക്ടർമാർ പറയുന്നു.
കുട്ടികളിലെ മാനസിക വികസന വെല്ലുവിളികൾ എളുപ്പം കണ്ടെത്തി ചികിത്സിക്കാൻ കഴിയും. സാമൂഹിക തലത്തിൽ വിപുലമായ പഠനം നടത്തിയാലേ ഇതിന്റെ ആഴം മനസിലാക്കി പ്രത്യേകം പദ്ധതികൾ ആവിഷ്കരിക്കാൻ സാധിക്കൂ.
ഡോ. ദീപ ഭാസ്‌കരൻ
ഡയറക്ടർ ഇൻ ചാർജ്
ശിശു വികസന കേന്ദ്രം
വളർച്ചാ വെല്ലുവിളികൾക്ക് ചികിത്സ തേടിയവർ
2022ൽ 4081
2024ൽ 4284
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |