കൊച്ചി: യാത്രാക്കാരെ കൂടുതൽ ആകർഷിക്കുക ലക്ഷ്യമിട്ട് ജലഗതാഗത വകുപ്പിന്റെ സൗരോർജ വിനോദ സഞ്ചാര ബോട്ട് ഇന്ദ്രയിൽ രാത്രി സർവീസ് ആരംഭിക്കുന്നു. ഏപ്രിലോടെ സർവീസുകൾ ആരംഭിക്കാനാണ് നീക്കം.
വേനൽ അവധിക്കാലത്തെ തിരക്ക് മുതൽക്കൂട്ടാകുമെന്ന പ്രതീക്ഷയിലാണിത്. നിലവിൽ രാവിലെ11നും വൈകിട്ട് നാലിനും പകൽ സർവീസ് നടത്തുന്ന ഇന്ദ്രബോട്ട് രാത്രി സർവീസ് തുടങ്ങുമെന്ന് കഴിഞ്ഞമാസം ഗതാഗതവകുപ്പ് മന്ത്രി പ്രഖ്യാപിച്ചിരുന്നു.
രാത്രി സർവീസ് കൂടുതൽ ആകർഷകമാക്കാനാണ് ജലഗതാഗത വകുപ്പിന്റെ ശ്രമം. എറണാകുളം ബോട്ട് ജെട്ടിയിൽ നിന്ന് രാത്രി ഏഴിന് തുടങ്ങി ഒമ്പത് മണിക്ക് മടങ്ങിയെത്തുന്നതാണ് സർവീസ്. റൂട്ടിൽ മട്ടാഞ്ചേരിയെ കൂടി ഉൾപ്പെടുത്തുന്നതും സജീവ പരിഗണനയിലാണ്. പകൽ യാത്രയിൽ ബോൾഗാട്ടി, വൈപ്പിൻ, ഫോർട്ട്കൊച്ചി ഭാഗങ്ങൾ കേന്ദ്രീകരിച്ചാണ് യാത്ര.
മട്ടാഞ്ചേരിയിലേക്കുള്ള ജലാഗതാഗത വകുപ്പിന്റെ യാത്രാ ബോട്ട് സർവീസ് അടുത്തിടെയാണ് പുനരാരംഭിച്ചത്.
ആഴക്കുറവ് വെല്ലുവിളി
രാത്രികാല വിനോദസഞ്ചാര സർവീസിന്റെ കാര്യത്തിൽ ആശങ്കകൾ നിലവിലുണ്ട്. കോസ്റ്റ്ഗാർഡിന്റെയും കൊച്ചിൻ പോർട്ട് ട്രസ്റ്റിന്റെയും ബെർത്തുകളുടെ സാമിപ്യവും മട്ടാഞ്ചേരി ബോട്ട് ജെട്ടിയുടെ ആഴക്കുറവും രാത്രി സർവീസിന് വെല്ലുവിളി ഉയർത്തുന്നു.
രാത്രികാല സർവീസ് തുടങ്ങുന്നതറിഞ്ഞ് നിരവധി വിനോദസഞ്ചാര ഏജൻസികൾ ജലഗതാഗത വകുപ്പിനെ സമീപിച്ചിട്ടുണ്ട്. സ്വകാര്യ ഏജൻസികളുമായി നേരിട്ട് കൈകോർക്കാൻ ജലഗതാഗത വകുപ്പിന് സാധിക്കില്ലെങ്കിലും യാത്രക്കാരെ ഉറപ്പാക്കാൻ അവരുടെ സഹകരണം തേടാനാണ് തീരുമാനം.
അവധിക്കാല പ്രതീക്ഷ
അവധിക്കാലത്ത് കൊച്ചിയിലെത്തുന്ന ഉത്തരേന്ത്യൻ വിനോദസഞ്ചാരികളുടെ എണ്ണം വലുതാണ്, അതിനാൽ രാത്രികാല സർവീസ് ലാഭകരമാകുമെന്ന കണക്കുകൂട്ടലിലാണ് അധികൃതർ. പൂർണ്ണമായി ശീതീകരിച്ച ഇന്ദ്ര രാത്രി സർവീസ് ആരംഭിക്കുന്നതിനു മുന്നോടിയായി ബോട്ടിൽ വൈദ്യുതാലങ്കാരത്തിന് നടപടി തുടങ്ങി.
100
പരമാവധി യാത്രക്കാർ
നിരക്ക്
300 രൂപ (കുട്ടികൾക്ക് 150)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |