കൊച്ചി: നൂറ് കണക്കിന് കുപ്പികൾ ഒന്നിച്ച് ചേർത്ത് എന്തോ ചെയ്തിരിക്കുന്നു. താഴെ മനസിലാകാത്ത ഭാഷയിൽ കുറേ എഴുത്തും. പിന്നെയൊന്നും നോക്കിയില്ല കുപ്പികളോരോന്നായി അഴിച്ചെടുത്ത് ചാക്കിലാക്കാൻ തുടങ്ങവേയാണ് മരട് നഗരസഭാ ആരോഗ്യവിഭാഗത്തിന്റെ പിടിവീണത്.
ആദ്യം കാര്യം മനസിലായില്ലെങ്കിലും പിടിക്കപ്പെട്ട് 10000 രൂപ പിഴ ചുമത്തിയപ്പോഴാണ് ആക്രിപെറുക്കാനെത്തിയ അന്യസംസ്ഥാനക്കാർക്ക് കാര്യം പിടികിട്ടിയത്.
പെറുക്കി ചാക്കിലിട്ടത് ആക്രിയല്ല. മരട് നഗരസഭ പ്ലാസ്റ്റികിനെതിരായ ബോധവത്കരണത്തിനായി സ്ഥാപിച്ച ഇൻസ്റ്റലേഷനാണെന്ന്.
മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായാണ് മരട് നഗരസഭ കുണ്ടന്നൂർ ജംഗ്ഷനിൽ ദിവസങ്ങളുടെ പ്രയത്‌നത്തിനൊടുവിൽ തീമാറ്റിക് സ്റ്റിൽ മോഡലിൽ ഇൻസ്റ്റലേഷൻ സ്ഥാപിച്ചത്.
പ്ലാസ്റ്റിക് ഉൾപ്പെടെ പാഴ്വസ്തുക്കളുടെ ക്രമാതീതമായ ഉപയോഗത്തിന്റെ ഭീകരത മനസിലാക്കുതിന് പൈപ്പിൽ നിന്ന് വെള്ളത്തിനു പകരം പ്ലാസ്റ്റിക് കുപ്പികൾ വരുന്ന തരത്തിൽ 20 അടി ഉയരത്തിലാണ് ഇൻസ്റ്റലേഷൻ ഒരുക്കിയത്.
ഇസ്മയിൽ, മിറാജ് എന്നിവരെ പൊലീസ് സ്റ്റേഷനിൽ ഹാജരാക്കി. ഇൻസ്റ്റലേഷൻ നിർമ്മിച്ച നഗരസഭാ കണ്ടിജന്റ് ജീവനക്കാർ നശിപ്പിക്കപ്പെട്ട ഭാഗങ്ങൾ പുനർനിർമ്മിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |