കൊച്ചി: മൂന്നാഴ്ച മാത്രം പ്രായമുള്ളപ്പോൾ ജാർഖണ്ഡ് സ്വദേശികളായ മാതാപിതാക്കൾ ഉപേക്ഷിച്ചതിനെത്തുടർന്ന് ആദ്യം സ്വകാര്യ ആശുപത്രിയിലേക്കും അവിടെ നിന്ന് ജനറൽ ആശുപത്രിയിലേക്കുമെത്തിയ കുരുന്ന് പെൺകുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമായെന്ന് അധികൃതർ. 35 ആഴ്ച വളർച്ചയെത്തിയ കുഞ്ഞിന് 36 ആഴ്ചവരെയാണ് ആശുപത്രിയിൽ പരിചരണം നൽകാനാകുക. എന്നാൽ, പ്രത്യേക സാഹചര്യം കണക്കിലെടുത്ത് മൂന്നാഴ്ച കൂടി കുഞ്ഞ് ഇവിടെ തുടരും. ഇതിനു ശേഷം കുട്ടിയെ സി.ഡബ്ല്യു.സിയുടെ അധീനതയിലുള്ള സ്‌പെഷ്യലൈസ്ഡ് അഡോപ്ഷൻ ഏജൻസി (സാ)യിലേക്ക് മാറ്റും. ചികിത്സയുടെ എല്ലാ ഘട്ടത്തിലും സി.ഡബ്ല്യു.സിയുടെ മേൽനോട്ടവുമുണ്ടായിരുന്നു. കുട്ടിയെ ആശുപത്രിയിൽ നിന്ന് എന്ന് ഡിസ്ചാർജ് ചെയ്യുന്നോ അന്ന് സി.ഡബ്ല്യു.സി ഏറ്റെടുക്കും.
ഫെബ്രവരി 22നാണ് കുഞ്ഞിനെ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ നിർദേശ പ്രകാരം ലൂർദ്ദ് ആശുപത്രിയിൽ നിന്ന് ജനറൽ ആശുപത്രിയിലെത്തിച്ചത്. ഇവിടെ ശിശുരോഗ വിഭാഗം മേധാവി ഡോ. വിനീത, ശിശുരോഗ വിദഗ്ദ്ധ ഡോ.വിജി എന്നിവരുടെ നേതൃത്വത്തിൽ മെഡിക്കൽ ടീം രൂപീകരിച്ചാണ് കുഞ്ഞിന്റെ ചികിത്സ തുടരുന്നത്.
ആശുപത്രിയിലെത്തിക്കുമ്പോൾ 950 ഗ്രാം മാത്രം തൂക്കമുണ്ടായിരുന്ന കുഞ്ഞിപ്പോൾ ഒരു കിലോ 800 ഗ്രാമിലേക്കെത്തിയെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. സ്‌പെഷ്യൽ ന്യൂബോൺകെയർ യൂണിറ്റിൽ ചികിത്സയിലുള്ള കുഞ്ഞിന് ആശുപത്രിയിലെ മുലപ്പാൽ ബാങ്കിൽ നിന്നുള്ള മുലപ്പാലാണ് നൽകുന്നത്. ആശുപത്രിയിലെത്തിച്ച് നാല് ദിവസത്തിനുള്ളിൽ ഓക്‌സിജൻ സപ്പോർട്ട് അവസാനിപ്പിച്ചു. തലയിലുണ്ടായിരുന്ന ചെറിയ രക്തസ്രാവം പൂർണമായി മാറി. ആന്റി ബയോട്ടിക് മരുന്നുകൾ നൽകുന്നതും അവസാനിപ്പിച്ചു.
മാതാപിതാക്കൾക്ക് കൈമാറാൻ സാദ്ധ്യത കുറവ്
കുട്ടിയുടെ മാതാപിതാക്കളേക്കുറിച്ചുള്ള പൊലീസ് അന്വേഷണം എങ്ങുമെത്തിയില്ല. എന്നാൽ, കുട്ടിയെ സി.ഡബ്ല്യു.സി ഏറ്റെടുത്തതിനു ശേഷം മാതാപിതാക്കൾ എത്തിയാലും ഇവർക്ക് വിട്ടു നൽകാൻ സാദ്ധ്യത കുറവാണെന്ന് സി.ഡബ്ല്യു.സി വൃത്തങ്ങൾ കേരളകൗമുദിയോട് പറഞ്ഞു. കുട്ടിയുടെ സുരക്ഷ, മാതാപിതാക്കൾക്ക് കുട്ടിയെ പോറ്റാൻ ശേഷിയുണ്ടോ തുടങ്ങിയ കാര്യങ്ങൾ അന്വേഷിച്ച് അനുകൂലമെങ്കിൽ മാത്രമേ വിട്ടു നൽകുന്ന സാദ്ധ്യതയെക്കുറിച്ച് ആലോചിക്കൂവെന്നും അധികൃതർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |