കൊച്ചി: ഇടയ്ക്കയുടെ മൃദുതാളത്തിനൊപ്പം ഭക്തിരസ പ്രധാനമായ സ്ഫുടനാദം. ഉത്സവാഘോഷങ്ങളിൽ തരംഗമാവുകയാണ് സോപാന സംഗീതത്തിലെ സ്ത്രീസാന്നിദ്ധ്യമായ ആശാ സുരേഷ്. അഞ്ചു വർഷത്തിനിടെ മുന്നൂറിലധികം വേദികൾ ഈ ഇരുപത്താറുകാരിയെ തേടിയെത്തി.
ഇരിങ്ങാലക്കുട കൂടൽമാണിക്യ ക്ഷേത്ര പരിസരത്താണ് ആശയുടെ വീട്. പതിവ് ക്ഷേത്രദർശനത്തിനിടെ കുഞ്ഞുനാളിലേ ഇഷ്ടം കൂടിയതാണ് ഇടയ്ക്കയോട്. അതിന്റെ പൂച്ചെണ്ട് പോലുള്ള തൊങ്ങലുകളാണ് ആദ്യം ആകർഷിച്ചത്. പിന്നെ ശ്രീകോവിലിന് മുന്നിലെ സ്വരമധുരവും.
ഇടയ്ക്ക പഠിക്കണമെന്ന ആഗ്രഹം മർച്ചന്റ് നേവി ഉദ്യോഗസ്ഥനായിരുന്ന അച്ഛൻ സുരേഷ്‌കുമാറിനെ അറിയിച്ചു. പി. നന്ദകുമാർ മാരാരുടെ ശിഷ്യയായി. അനുഷ്ഠാനകല പഠിക്കാൻ ഒരു പെൺകുട്ടിയെത്തുക എന്ന അപൂർവത.
അഞ്ചാം ക്ലാസിലെത്തിയപ്പോൾ ആശാൻ ഇടയ്ക്ക കൈവശം നൽകി. കൂടെ സോപാന സംഗീതവും പഠിച്ചു. ശാസ്ത്രീയ നൃത്തവും ചെണ്ടയിൽ പഞ്ചാരിമേളവും അഭ്യസിച്ചു. അക്ഷരശ്ലോകത്തിലും മലയാള - സംസ്കൃത പദ്യം ചൊല്ലലിലും പതിവായി മത്സരിച്ചു.
ഇക്കണോമിക്സിലും ലൈബ്രറി സയൻസിലും ബിരുദാനന്തര ബിരുദങ്ങൾ നേടിയിട്ടുള്ള ആശ, ക്രൈസ്റ്റ് കോളേജിലെ പഠനത്തിനിടെ കൂടുതൽ നേട്ടങ്ങൾ കൊയ്തു. 2019ൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി കലാതിലകമായി. കൊവിഡ് കാലത്തെ സർഗപരീക്ഷണങ്ങളാണ് വൈറൽ താരമാക്കിയത്. ഇടയ്ക്കകൊട്ടി പാടി ഇരുനൂറിലധികം ഫേസ്‌ബുക്ക് പേജുകളിൽ ലൈവ് ചെയ്തു. ഇതിൽ പ്രമുഖ ക്ഷേത്രങ്ങളുടെ പേജും ഉണ്ടായിരുന്നു. ഇന്ത്യയ്ക്കകത്തും പുറത്തും ഒട്ടേറെ ആരാധകരെ ലഭിച്ചു. തുടർന്നാണ് ഉത്സവ വേദികളിലേക്ക് ക്ഷണം കിട്ടുന്നത്.
ഒന്നര മണിക്കൂർ
'ദാരികന്റെ ശിരസ്സുകൊയ്തൊരു ഘോര രൂപിണിയംബികേ..." എന്ന സോപാന ഗീതമാണ് ഏറ്റവുമധികം പേർ ആവശ്യപ്പെടുന്നത്. 'മഹാദേവാ മനോഹര..." എന്ന ശിവസ്തുതിയും ജനപ്രിയമാണ്. ആശയുടെ ഒന്നരമണിക്കൂർ പരിപാടിയിൽ 12 പാട്ടുകളുണ്ടാകും. അച്ഛൻ രചിച്ച 'മാണിക്യ കളഭം" എന്ന കീർത്തനവും ആശയ്ക്ക് പ്രിയതരമാണ്. ഗജവീരൻ കൂടൽമാണിക്യം മേഘാർജുന വർണനയിലൂടെ ഭഗവാനെ സ്തുതിക്കുന്നതാണിത്. അമ്മ രാജലക്ഷ്മിയും സഹോദരൻ അർജുനും വേദികൾ തോറുമുള്ള യാത്രകളിൽ പിന്തുണയുമായുണ്ട്.
കേന്ദ്രസർക്കാർ അംഗീകാരം
സാംസ്കാരിക മന്ത്രാലയത്തിന് കീഴിൽ തഞ്ചാവൂരിലുള്ള സൗത്ത് സോൺ കൾച്ചറൽ സെന്റർ ഭരണസമിതിയംഗമാണ് ആശാ സുരേഷ്. മൂന്നു വർഷത്തേക്കാണ് നിയമനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |