
ന്യൂഡൽഹി: ദേശീയ ഗുസ്തിമത്സരത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പെട്ട കായികസംഘം ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ കവർച്ചയ്‌ക്കിരയായി. സ്റ്റേഷനിൽ നിറുത്തിയിട്ടിരുന്ന കേരളത്തിലേക്കുള്ള ട്രെയിനിൽനിന്ന് പണവും മെറിറ്റ് സർട്ടിഫിക്കറ്റുകളും ഉൾപ്പെടെ മോഷ്ടിച്ചു.
നവംബർ ഒന്നുമുതൽ അഞ്ചുവരെ പഞ്ചാബിലെ പാനിപ്പത്തിൽ നടന്ന അണ്ടർ19 ദേശീയ റെസ്‌ലിംഗ് മത്സരത്തിൽ പങ്കെടുത്ത സംഘമാണ് മോഷണത്തിന് ഇരയായത്. പെൺകുട്ടികൾ ഉൾപ്പെടെ 20 വിദ്യാർത്ഥികളും പനയപ്പള്ളി എം.എം സ്കൂളിലെ കായികഅദ്ധ്യാപകനും ടീം മാനേജരുമായ എം.ആർ. രാജീഷിന്റെ നേതൃത്വത്തിൽ നാല് ഒഫീഷ്യൽസുമാണ് സംഘത്തിലുണ്ടായിരുന്നത്.
പാനിപ്പത്തിൽനിന്ന് ന്യൂഡൽഹിയിലെത്തിയ സംഘം ആറിന് രാത്രി എട്ടിനാണ് സ്റ്റേഷനിൽനിന്ന് കേരള എക്സ്‌പ്രസിൽ കയറിയത്. എസ്-3, എസ്-4 റിസർവേഷൻ കോച്ചുകളിലായിരുന്നു ബെർത്തുകൾ. പണവും സർട്ടിഫിക്കറ്റുകളും അടങ്ങുന്ന ബാഗുമായി എസ്-3 കോച്ചിൽ കയറിയ രാജീഷ് ബാഗ് 59-ാം നമ്പർസീറ്റിൽ വച്ചശേഷം കോച്ച് നാലിൽപ്പോയി മടങ്ങിവരുന്നതിനിടെയായിരുന്നു മോഷണം. രാത്രി 8.10ന് ട്രെയിൻ സ്റ്റേഷൻവിട്ടതിനാൽ അവിടെ പരാതിപ്പെടാൻ സാധിച്ചില്ല.
കുട്ടികളുടെ യാത്രാച്ചെലവിന് കരുതിയ 28,000 രൂപയും റെയിൽവേ ടിക്കറ്റും വിമാനടിക്കറ്റും മെറിറ്റ്, പാർട്ടിസിപ്പേഷൻ, ഒഫീഷ്യൽ ടിക്കറ്റുകളും ബാഗിലുണ്ടായിരുന്നതായി രാജീഷ് പറഞ്ഞു. കഴിഞ്ഞദിവസമാണ് എറണാകുളം റെയിൽവേ പൊലീസ് കേസെടുത്തത്.
കോടതിയുടെ അനുമതിയോടെ കേസ് ഡൽഹി റെയിൽവേ പൊലീസിന് കൈമാറും. മോഷണം നടന്ന സീറ്റിന് സമീപം മഞ്ഞബനിയൻ ധരിച്ച യുവാവിനെ സംശയാസ്പദമായ നിലയിൽ കുട്ടികൾ കണ്ടിരുന്നു. ഇയാളാണ് മോഷ്ടാവെന്ന് സംശയിക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |