കൊച്ചി: ഡോക്ടർമാരുടെ പ്രതിഷേധം. രോഗികൾ വലഞ്ഞു.മാവേലിക്കര സർക്കാർ ആശുപത്രിയിൽ ഡ്യൂട്ടി ഡോക്ടറെ മർദ്ദിച്ച പ്രതിയെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് കേരള മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ( കെ.ജി.എം.ഒ.എ ) സംസ്ഥാനവ്യാപകമായി നടത്തിയ സമരത്തിന്റെ ഭാഗമായി ജില്ലയിലെ സർക്കാർ ഡോക്ടർമാർ പ്രതിഷേധ ദിനം ആചരിച്ചത് രോഗികളെ വലച്ചു. സ്പെഷ്യാലിറ്റി ഒ.പി പൂർണ്ണമായും ബഹിഷ്കരിച്ചും ജനറൽ ഒ.പിയിൽ നിന്നും ഒരു മണിക്കൂർ വിട്ടുനിന്നുമായിരുന്നു പ്രതിഷേധം.
മഹാമാരി പടർന്നു പിടിച്ചപ്പോൾ ജീവൻ പണയം വച്ച് സേവനം ചെയ്ത ആരോഗ്യപ്രവർത്തകർക്ക് ജീവന് ഭീഷണി ഇല്ലാതെ ജോലി ചെയ്യാനുള്ള അവസരമൊരുക്കേണ്ടത് സമൂഹത്തിന്റെ കടമയാണെന്ന് ജില്ലാ ഭാരവാഹികൾ പറഞ്ഞു.
ആലുവ ജില്ലാ ആശുപത്രിയിൽ കെ.ജി.എം.ഒ.എ ജില്ല പ്രസിഡന്റ് ഡോ.സിറിൽ.ജി.ചെറിയാൻ, ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രിയിൽ മിഡ് സോൺ വൈസ് പ്രസിഡന്റ് ഡോ.സുനിൽ പി.കെ, മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ മുൻ സംസ്ഥാന പ്രസിഡന്റ് ഡോ.ജോസഫ് ചാക്കോ, കരുവേലിപ്പടി താലൂക്ക് ആശുപത്രിയിലും എറണാകുളം ജനറൽ ആശുപത്രിയിലും ജില്ലാ സെക്രട്ടറി ഡോ.പ്രശാന്ത് കെ എന്നിവർ യോഗം ഉദ്ഘാടനം ചെയ്തു.
തൃപ്പൂണിതുറ, കോതമംഗലം, പെരുമ്പാവൂർ, കരുവേലിപ്പടി, പിറവം, ഫോർട്ട് കൊച്ചി, പള്ളുരുത്തി, അങ്കമാലി തുടങ്ങി ജില്ലയിലെ എല്ലാ താലൂക്ക്, ജില്ല ജനറൽ ആശുപത്രികളിലെയും സാമൂഹ്യ , പ്രാഥമിക , കുടുംബാരോഗ്യ കേന്ദ്രങ്ങളിലെയും ഡോക്ടർമാർ പ്രതിഷേധത്തിൽ പങ്കുചേർന്നു..
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |