ആലുവ: മുദ്രപ്പത്ര വില്പന ഇ സ്റ്റാമ്പിലൂടെയാക്കിയതോടെ ആലുവയിൽ മുദ്രപ്പത്രം വാങ്ങാൻ മണിക്കൂറോളം നീണ്ട നിര. ക്യൂവിൽ നിന്ന സ്ത്രീ ഉൾപ്പെടെ രണ്ട് പേർ ഇന്നലെ കുഴഞ്ഞു വീണു. ആലുവ ജലശുദ്ധീകരണശാലയ്ക്ക് സമീപമുള്ള വെണ്ടർ ഓഫീസിന് മുന്നിലാണ് മുദ്രപ്പത്രം വാങ്ങാനെത്തുന്നവരുടെ നീണ്ട നിര. ആറു മണിക്കൂറോളം സ്ത്രീകൾ ഉൾപ്പെടെ കാത്തിരിക്കുകയായിരുന്നു. പുത്തൻപറമ്പിൽ സ്റ്റീഫൻ, ഒരു വനിത എന്നിവരാണ് കുഴഞ്ഞ് വീണത്.
രാവിലെ ഏഴ് മണി മുതൽ മുദ്രപ്പത്രം വാങ്ങാൻ കാത്തു നിൽക്കുന്നവർക്ക് ഉച്ചയോടെയാണ് ലഭിക്കുന്നത്. ഇ സ്റ്റാമ്പാക്കിയതോടെ വിവരങ്ങളെല്ലാം ഓൺലൈനായി രേഖപ്പെടുത്തി ഒ.ടി.പി ലഭിച്ച് മുദ്രപ്പത്രം അച്ചടിച്ച് വാങ്ങുവാൻ ഏറെ സമയമെടുക്കുന്നതായാണ് പരാതി.
പലരും മണിക്കൂറുകൾ ക്യൂ നിന്ന് കൗണ്ടറിൽ എത്തുമ്പോഴാണ് പുതിയ രീതിയെ കുറിച്ചറിയുന്നത്. ഒ.ടി.പി വേണ്ടതിനാൽ മൊബൈൽ ഇല്ലാതെ മുദ്രപ്പത്രം വാങ്ങാനെത്തുന്ന വിദ്യാർത്ഥികളും പ്രായമായവരും ബുദ്ധിമുട്ടിലാകുന്നു. ഇ സ്റ്റാമ്പായപ്പോൾ സാങ്കേതികത്വം കൂടിയതോടെ ലൈസൻസുള്ള വെണ്ടർമാർ പലരും സ്റ്റാമ്പ് വില്പനയ്ക്ക് തയ്യാറാകുന്നില്ലെന്നും ആക്ഷേപമുണ്ട്.
വാടക കരാറുകൾക്കുള്ള മുദ്രപ്പത്രങ്ങൾ 200, 500 എന്നീ വിലകളിൽ ലഭ്യമായിരുന്നു. ഇപ്പോൾ സോഫ്റ്റ് വെയർ സംവിധാനം വന്നതോടെ 500 രൂപ മുതലുള്ള ഇ- മുദ്ര പേപ്പറുകളാണ് ലഭിക്കുന്നത്.
നടപടി ക്രമങ്ങൾ ഏറെ
മുദ്രപ്പത്രം ഇ സ്റ്റാമ്പിംഗ് ആക്കിയതിനാൽ നിരവധി നടപടി ക്രമങ്ങളുണ്ട്. വാങ്ങിക്കുന്നയാളിന്റെ പേരും, ഫോൺ നമ്പറും മാത്രമാണ് ഇതിനു മുമ്പ് രേഖപ്പെടുത്തിയിരുന്നതെങ്കിൽ എന്താണ് ആവശ്യം, കരാറിൽ ഏർപ്പെടുന്ന ആളുകളുടെ വിവരങ്ങളും രേഖപ്പെടുത്തണം. മേടിക്കുന്ന ആളുടെ ഫോണിലേക്ക് ഒ.ടി.പി വന്നാൽ മാത്രമേ മുദ്രപ്പത്രം കൈയിൽ ലഭിക്കൂ.നെറ്റ് വർക്കിലെ പ്രശ്നങ്ങൾ കാരണം ഇ- സ്റ്റാമ്പിംഗിനായി ഒ.ടി.പി ജനറേറ്റ് ചെയ്യുന്നതിലും പലപ്പോഴും പ്രശ്നം ഉണ്ടാകുന്നുണ്ട്. സോഫ്റ്റ് വെയറിലെ ഇടക്കിടെയുള്ള അപ്ഡേറ്റുകളും വിതരണത്തിൽ കാലതാമസം ഉണ്ടാക്കുന്നുണ്ട്. കൂടാതെ സോഫ്റ്റ് വെയർ അപ്ഡേറ്റുകളും നെറ്റ് വർക്കിന്റെ കട്ടായി പോകുന്നതും കാരണം നടപടികൾ വൈകുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |