കണ്ണൂർ: റംസാൻ നോമ്പ് തുടങ്ങിതോടെ ഈത്തപ്പഴ വിപണിയും ഉണർന്നു. മുൻവർഷങ്ങളെ അപേക്ഷിച്ച് 25 ശതമാനം വിലവർദ്ധനവാണ് ഇത്തവണ. എന്നാൽ വിപണിയിൽ ഈത്തപ്പഴം വാങ്ങാനെത്തുന്നവർ നിരവധിയാണ്. പ്രധാനമായും അറബ് രാജ്യങ്ങളായ സൗദി, ഇറാൻ എന്നിവിടങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് ഈത്തപ്പഴമെത്തുന്നത്. നിലവിൽ അവിടെ ഈത്തപ്പഴത്തിന് ക്ഷാമം നേരിടുന്നതിനാൽ കയറ്റുമതി നിർത്തിയിരിക്കുകയാണെന്ന് വ്യാപാരികൾ പറഞ്ഞു. നോമ്പ് പകുതിയാകുമ്പോഴേക്കും കയറ്രുമതി പുനരാരംഭിക്കാനാണ് സാധ്യത.
ഏകദേശം 400ഓളം വ്യത്യസ്ത തരത്തിലുള്ള ഈത്തപ്പഴങ്ങളുണ്ട്. ഇതിൽ കേരളത്തിലെ വിപണിയിൽ വിറ്റഴിയുന്നത് 20ഓളം തരത്തിലുള്ളവയാണ്. ഇറാനിൽ നിന്നുള്ള മുസാഫാത്തിക്കാണ് ആവശ്യക്കാർ കൂടുതലെന്ന് വ്യാപാരികൾ പറഞ്ഞു. ഇതിന് 200 രൂപ മുതലാണ് വില. ഏറ്റവും കൂടുതൽ വില ജോർദ്ദാനിൽ നിന്നെത്തുന്ന മജ്ദൂളിനാണ്. സൗദിയിൽ നിന്നെത്തുന്ന സഫാവി, ശുക്രി, തവായി എന്നിവ മാർക്കറ്റിൽ സുലഭമായി ലഭിക്കുന്നുണ്ട്.
ഈത്തപ്പഴത്തിന് പുറമെ കാലിഫോർണിയ, കാശ്മീർ എന്നിവിടങ്ങളിൽ നിന്നു വരുന്ന അക്റോട്ടിനും ജില്ലയിൽ ആവശ്യക്കാർ ഏറെയാണ്. ഇതിന് കിലോയ്ക്ക് 440 രൂപയാണ്. അഫ്ഗാനിസ്ഥാൻ, തുർക്കി എന്നിവിടങ്ങളിൽ നിന്നെത്തുന്ന ആപ്രിക്കോട്ടിനും ആവശ്യക്കാർ ഏറെയാണ്. കിലോയ്ക്ക് 850 രൂപയാണ് വില. പലയിടത്തും നിലവിലെ സ്റ്റോക്ക് മുക്കാൽഭാഗം കഴിഞ്ഞ സ്ഥിതിയാണ്. ഇനി പുതിയ സ്റ്റോക്ക് ലഭ്യമാകണമെങ്കിൽ അറബ് രാജ്യങ്ങളിൽ നിന്നുള്ള കയറ്റുമതി പുനരാരംഭിക്കണം. ഇക്കുറി നോമ്പ് കാലത്തിന്റെ തുടക്കത്തിൽ തന്നെ ഈത്തപ്പഴത്തിന് ആവശക്കാർ നിരവധിയാണ്.
പഴവിപണിയും സജീവം
വേനലും റമദാനും ഒന്നിച്ചെത്തിയതോടെ പഴവിപണിയും സജീവമായി. കഴിഞ്ഞ രണ്ടാഴ്ച വില കൂടുതലായിരുണെങ്കിലും ഈയാഴ്ച കുറഞ്ഞു. തണ്ണിമത്തനും മുന്തിരിയുമാണ് കൂടുതൽ വിൽപന നടക്കുന്നത്. ഒരുകിലോ തണ്ണിമത്തന് 25 രൂപയാണ് വില. ചെറുതിന് 30 മുതൽ 40 വരെ. സീസണായതിനാൽ മുന്തിരി വില വർദ്ധിച്ചിട്ടില്ല. കറുത്ത മുന്തിരി 140, മറ്റുള്ളവയ്ക്ക് 80 എന്നിങ്ങനെയാണ് കിലോ വില. മുസംബി 80, നാരങ്ങ 90, കൈതച്ചക്ക 80, സപ്പോട്ട 80, നേന്ത്റപ്പഴം 50, ഷമാം 80 എന്നിങ്ങനെയാണ് റീട്ടെയിൽ നിരക്ക്. സീസണായതിനാൽ മാമ്പഴങ്ങളും വിപണിയിൽ സജീവമാണ്. കിലോയ്ക്ക് 150രൂപ മുതലാണ് മാങ്ങയുടെ വില. വിഷു കൂടി വരുന്നതോടെ വിപണി ഇനിയും സജീവമാകുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |