കാസർകോട്: ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച ചട്ടഞ്ചാൽ വ്യവസായ പാർക്കിലെ ഓക്സിജൻ പ്ലാന്റ് നടത്തിപ്പിന് പരിചയ സമ്പന്നരിൽ നിന്ന് താല്പര്യപത്രം ക്ഷണിക്കാൻ തീരുമാനം. പ്രതിദിനം 200 സിലിണ്ടർ പരമാവധി ഉത്പാദനശേഷിയുള്ള പ്ലാന്റിൽ മെഡിക്കൽ ആവശ്യങ്ങൾക്കും വ്യവസായിക ആവശ്യങ്ങൾക്കും ഓക്സിജൻ ഉത്പാദിപ്പിക്കും. അന്തരീക്ഷ ഓക്സിജന് ഉപയോഗിച്ചാണ് ഉത്പാദനം നടത്തുന്നത്. പദ്ധതിയുടെ പൂർണമായ തോതിലുള്ള നടത്തിപ്പ് ലക്ഷ്യമിട്ടാണ് ഓക്സിജൻ പ്ലാന്റ് വിജയകരമായി നടത്തിയിട്ടുള്ള പരിചയ സമ്പന്നരിൽ നിന്ന് താൽപര്യപത്രം ക്ഷണിക്കുന്നതിന് യോഗം തീരുമാനിച്ചത്. ജില്ലാ പഞ്ചായത്തിന്റെ മേൽനോട്ടത്തിലായിരിക്കും പ്ലാന്റിന്റെ പ്രവർത്തനം. മഹാമാരികൾ ഉൾപ്പെടെയുള്ള അടിയന്തര സാഹചര്യങ്ങളിൽ സിലിണ്ടർ വിതരണം ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിലാക്കും. കൊവിഡ് രൂക്ഷമായിരുന്ന സാഹചര്യത്തിൽ ജില്ലയിൽ ഓക്സിജൻ പ്രതിസന്ധി തരണം ചെയ്യുന്നതിന് ആവിഷ്‌ക്കരിച്ച പദ്ധതിയാണിത്. വ്യവസായ പാർക്കിൽ 3.50 കോടി രൂപ ചെലവിലാണ് പദ്ധതി യാഥാർത്ഥ്യമാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |