കണ്ണൂർ: കുരിശുമരണത്തിന്റെ സ്മരണയുമായി ക്രിസ്തീയ ദേവാലയങ്ങളിൽ ദുഃഖവെള്ളി ആചരിച്ചു.കണ്ണൂർ നഗരത്തിലെ കത്തോലിക്കാ ദേവാലയങ്ങളായ ഹോളി ഫാമിലി ചർച്ച് തെക്കിബസാർ, ശ്രീപുരം സെന്റ് മേരീസ് ചർച്ച്, മേലെ ചൊവ്വ സെന്റ് ഫ്രാൻസിസ് അസീസി ചർച്ച്, ബർണ്ണശ്ശേരി ഹോളി ട്രിനിറ്റി കത്തീഡ്രൽ എന്നിവയുടെ നേതൃത്വത്തിൽ സംയുക്ത കുരിശിന്റെ വഴി നടത്തി.
തെക്കിബസാർ ഹോളി ഫാമിലി ചർച്ചിൽ നിന്ന് ആരംഭിച്ച കുരിശിന്റെ വഴി സ്റ്റേഡിയം കോർണറിൽ സമാപിച്ചു.കോട്ടയം അതിരൂപത സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ, കണ്ണൂർ രുപത ബിഷപ് ഡോ. അലക്സ് വടക്കുംതല തലശ്ശേരി അതിരൂപതാ ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി എന്നിവർ ദുഖവെള്ളി സന്ദേശം നൽകി.കണ്ണൂർ രൂപതയുടെ ഭദ്രാസന ദേവാലയമായ ബർണശ്ശേരി ഹോളി ട്രിനിറ്റി കത്തീഡ്രലിൽ നടന്ന ദുഃഖവെള്ളി ശുശ്രുഷകൾക്കു ബിഷപ് ഡോ.അലക്സ് വടക്കുംതല മുഖ്യകാർമ്മികത്വം വഹിച്ചു.രൂപത വികാരി ജനറൽ മോൺ. ക്ലാരൻസ് പാലിയത്ത്, വികാരി ഫാ.ജോയി പൈനാടത്ത്, ഫാ. ജോമോൻ ചെമ്പകശ്ശേരിയിൽ, ഫാ.ആഷ്ലിൻ കളത്തിൽ, ഫാ.ഐബൽ ജോൺ എന്നിവർ സഹകാർമികരായി.
കുരിശിന്റെ വഴി, പീഡാസഹന അനുസ്മരണ ശുശ്രൂഷ, ദൈവവചന പ്രഘോഷണകർമം, കുരിശിന്റെ ആരാധന, ദിവ്യകാരുണ്യ സ്വീകരണം,നഗര പ്രദക്ഷിണം എന്നിവ നടന്നു.ഇന്ന് രാത്രി 10.30ന് ബിഷപ് ഡോ.അലക്സ് വടക്കുംതലയുടെ മുഖ്യകാർമികത്വത്തിൽ പെസഹാജാഗരം, പുത്തൻ തിരിയും വെള്ളവും ആശിർവദിക്കൽ, പെസഹാ പ്രഘോഷണം, ദൈവവചന പ്രഘോഷണം, ജ്ഞാനസ്നാനവ്രതനവീകരണം, ഉയർപ്പിന്റെ ദ്യശ്യാവിഷ്കാരം തുടങ്ങിയവ ഉണ്ടായിരിക്കും. നാളെ രാവിലെ 7ന് ദിവ്യബലി, 8.30നുള്ള ദിവ്യബലിയോടെ വിശുദ്ധവാരകർമങ്ങൾ സമാപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |