കാസർകോട് : കേരളത്തിൽ പുതുതായി സർവീസ് ആരംഭിക്കുന്ന വന്ദേഭാരത് എക്സ്പ്രസ്സ് ട്രെയിൻ നീട്ടി കേന്ദ്ര റെയിൽവേ വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവിന്റെ പ്രഖ്യാപനം വന്നതിന്റെ ആഹ്ലാദത്തിലാണ് കാസർകോട്. എം. പിയും എം എൽ എ മാരും ജനപ്രതിനിധികളും പാസഞ്ചേർസ് അസോസിയേഷനും വിവിധ സംഘടനകളും നടത്തിയ ആവശ്യങ്ങളും പ്രതിഷേധവും കണക്കിലെടുത്തും കേന്ദ്രമന്ത്രി വി. മുരളീധരന്റെ ഇടപെടലിനെയും തുടർന്നാണ് കാസർകോട് വരെ ഓടിക്കാനുള്ള തീരുമാനമുണ്ടായത്.
വന്ദേഭാരത് എക്സ്പ്രസ് കാസർകോട് വരെയും മംഗ്ളൂരു വരെയും നീട്ടണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് പ്രധാന മന്ത്രിക്കും കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനും, റെയിൽവേ ബോർഡ് ചെയർമാൻ, സി.ഇ.ഒ , ദക്ഷിണ റെയിൽവേ ജനറൽ മാനേജർ, പാലക്കാട് ഡിവിഷണൽ മാനേജർ തുടങ്ങിയവർക്ക് നിരവധി കത്തുകളാണ് ജില്ലയിൽ നിന്നും അയച്ചത്. കത്തുകൾക്ക് ഫലം കണ്ടതിൽ വളരെയധികം അഭിമാനം ഉണ്ടെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം. പിയും കാസർകോട് പാസഞ്ചേർസ് അസോസിയേഷൻ ഭാരവാഹികളായ ആർ പ്രശാന്ത് കുമാറും നാസർ ചെർക്കളവും പറഞ്ഞു. വെറും കത്തുകളയച്ചു മാറി നിൽക്കുകയാണ് താനെന്ന് ആരോപണം ഉന്നയിച്ച ചിലർക്കുള്ള മറുപടി കൂടിയാണ് ഇതെന്ന് രാജ് മോഹൻ ഉണ്ണിത്താൻ എം. പി പറഞ്ഞു. കൂടുതൽ ട്രെയിനുകൾ വേണമെന്ന കാര്യത്തിലും അനുകൂലമായ നടപടികൾ പ്രതീക്ഷിക്കുകയാണ് നേരെത്തെ പാർലമെന്റിൽ സംസാരിക്കവേ കേരളത്തിന് 15 വന്ദേ ഭാരത് ട്രെയിന്കൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. രാജ്യത്തോട്ടാകെ 400 ലധികം വന്ദേ ഭാരത് ട്രെയിനുകൾ പ്രഖ്യാപനം നടത്തിയപ്പോൾ വെറും 2 എണ്ണമാണ് സംസ്ഥാനത്തിന് ലഭിച്ചത്. ഇത് സംസ്ഥാനത്തോടുള്ള കടുത്ത അവഗണന ആണെന്നും ഇനിയും പ്രതിഷേധം തുടരേണ്ടതുണ്ടെന്നും ഉണ്ണിത്താൻ പറഞ്ഞു.
തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ മംഗളൂരുവിലേക്ക്
കർണാടകത്തിൽ നിയമസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ വന്ദേ ഭാരത് എക്സ്പ്രസ് മംഗളൂരു വരെ സർവീസ് നടത്തിയേക്കും എന്ന് സൂചന. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിലുള്ളതിനാലാണ് കേന്ദ്രമന്ത്രി മംഗളൂരുവിലേക്ക് നീട്ടുന്ന കാര്യം പറയാതിരുന്നത്. വന്ദേ ഭാരത എക്സ്പ്രസിന് വേണ്ടി മംഗളൂരു സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ പ്രത്യേക ട്രാക്കും യാർഡും നിർമ്മിക്കുന്ന ജോലികൾ നടന്നു വരുന്നുണ്ട്. തിരുവനന്തപുരം മുതൽ മംഗ്ളൂരു വരെ സർവ്വീസ് നടത്താൻ തീരുമാനിച്ച വന്ദേഭാരത് എക്സ്പ്രസ്സ് തിരുവനന്തപുരം മുതൽ കണ്ണൂർ വരെ പുനഃക്രമീകരിച്ചതിൽ വൻ പ്രതിഷേധം ഉയർന്നപ്പോഴാണ് കേന്ദ്രം തീരുമാനം മാറ്റിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |