മാതമംഗലം: കൈതപ്രത്ത് നടക്കുന്ന അപൂർവമായ സോമയാഗത്തിന് ഇന്ന് വൈകിട്ട് യാഗശാല കത്തിക്കുന്നതോടെ ധന്യസമാപനം കുറിക്കും. ഇന്നലെ പുലർച്ചെ രണ്ടരയോടെ സുബ്രഹ്മണ്യാഹ്വാനം, ഏകധനഗ്രഹണം, ദധി ഗ്രഹം ,അഭിഷവം വരെയുള്ള സ്തുത്യം എന്ന പേരിലുള്ള ചടങ്ങുകൾ നടന്നു. ഇവ നാളെ വൈകുന്നേരം ശാല കത്തിക്കുന്നത് വരെ തുടർച്ചയായി തുടരും.
ഉദയത്തിനു മുമ്പ് സോമാഹുതിയും നടന്നു. അടുത്ത സോമാഹുതിക്ക് വേണ്ട സോമലത പിഴിഞ്ഞ് എടുത്തു വച്ചു. യാഗത്തിലെ കർമ്മികൾക്കുള്ള സ്ഥാനങ്ങൾ നിശ്ചയിച്ചു. ഹോതാവിന് ആറ് മൈത്രാവരുണൻ , അച്ഛാവാകൻ, ബ്രാഹ്മണാച്ഛംസി. എന്നിവർക്ക് രണ്ടു വീതം ശസ്ത്രങ്ങൾ ഇന്നലെ നടന്നു. ഓരോ ശസ്ത്രങ്ങൾക്കു മുൻപ് ഋഗ്വേദ സ്തുതികൾ ചൊല്ലി. വാപാസമം, സവനീയം, പ്രസ്ഥിതാ , വാജി നേഷ്ടി , ഋതുയാഗം, , അഭിഷവം എന്നീ ചടങ്ങുകളാണ് ഇന്ന് വരെയായി നടക്കുന്നത്.
കൊണ്ടേവൂർ ജഗദ്ഗുരു നിത്യാനന്ദ യോഗാ ശ്രമം മഠാധിപതി സംപൂജ്യ ശ്രീ ശ്രീ യോഗാനന്ദ സരസ്വതി , മുൻ ഗവർണർ കുമ്മനം രാജശേഖരൻ , പ്രമുഖ വ്യവസായിയും സ്വയം സംരഭകനുമായ സദാശിവ ഷെട്ടി എന്നിവർ ഇന്നലെ ചടങ്ങുകൾക്ക് സാക്ഷിയായി. പള്ളിക്കുന്ന് മൂകാംബിക ക്ഷേത്ര സമിതി അവതരിപ്പിച്ച വേദപാരായണം, കുഞ്ഞിമംഗലം കെ.വി.ആർ.എ ഭജന സംഘത്തിന്റെ ഭജന എന്നിവയും ഇന്നലെ അരങ്ങേറി.
പ്രതിഭാസഭയിൽ ശ്രീനാരായണ പുരം അക്ഷരശ്ലോക സമിതിയുടെ അക്ഷരശ്ലോക സദസ്, ശ്രുതി ജയദേവന്റെ സംഗീത കച്ചേരി എന്നിവയും സാംസ്കാരികപരിപാടികൾക്ക് കൊഴുപ്പേകി. ഇന്നലെ നടന്ന വൈജ്ഞാനിക സഭയിൽ വേദസംസ്‌കാരം ലോകത്തിന് മാർഗരേഖ സംസ്‌കൃത സെമിനാർ ഡോ.വാരണക്കോട് ഗോവിന്ദൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു.പൈത്യകരത്നം ഡോ.കെ. ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.കൊച്ചി പതഞ്ജലി യോഗ റിസർച്ച് സെന്റർ ഡയറക്ടർ കൈതപ്രം വാസുദേവൻ നമ്പൂതിരി, ഭാഗവതാചാര്യനു ഭാരതീയ ചിന്തകനുമായ കാനപ്രം ഈശ്വരൻ എന്നിവർ വിഷയാവതരണം നടത്തി. രമേശ് കൈതപ്രം നന്ദി പ്രകാശിപ്പിച്ചു.
വൈകുന്നേരം നടന്ന കലാ സന്ധ്യയിൽ കുളമ്പ മാതൃ സമിതി അവതരിപ്പിച്ച കൈകൊട്ടിക്കളി, കൈതപ്രം ധ്വനി നൃത്ത സംഘത്തിന്റെ തിരുവാതിര, കൂത്തുപറമ്പ് അമൃത കലാകേന്ദ്രത്തിന്റെ അമൃതനടനം എന്നിവയും അരങ്ങേറി. യാഗത്തിന്റെ സമാപന ദിവസമായ ഇന്ന് കലാപരിപാടികൾ ഉച്ചയോടെ സമാപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |