മയ്യിൽ: മുപ്പത്തിയഞ്ച് സെന്റ് വരുന്ന മൊട്ടപ്പറമ്പിനെ ഒന്നാന്തരം കൃഷിയിടമാക്കിയ യുവകർഷകന്റെ വൈദഗ്ധ്യം നേരിൽ കാണാം കൊളച്ചേരി പഞ്ചായത്തിലെ ആറാം വാർഡായ പാടിക്കുന്നിലെ മൈലാടിയിലെത്തിയാൽ. 72 പ്ളാവുകൾ രുചിവൈവിദ്ധ്യമേറിയ ചക്കകളുമായി തലയുയർത്തി നിൽക്കുമ്പോൾ എം.പി മോഹാനാംഗൻ എന്ന മുൻ പ്രവാസിയുടെ പ്രയത്നത്തെ ആരും കൈയടിച്ച് പ്രോത്സാഹിപ്പിക്കും.
ആയൂർജാക്ക്, ചെംമ്പടുക്ക, വിയറ്റ്നാം ഏളി, ജെ 33, ടി ജാക്ക് എന്നീ ഇനങ്ങളിൽ പെട്ടതാണ് ഈ പ്ലാവുകൾ . തൃശ്ശൂർ വേലൂർ കുറുമാൽക്കുന്നിൽ ആയൂർ ജാക്ക് ഫാം കർഷകനായ വർഗ്ഗീസ് തരകനിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഇദ്ദേഹം പ്ലാവ് വച്ചുപിടിപ്പിച്ചു തുടങ്ങിയത്. പത്ത് മാസം മുമ്പാണ് പ്ളാവിൻ തൈകൾ തൃശൂരിൽ നിന്ന് എത്തിച്ചത്. നട്ട് എട്ടു മാസം കൊണ്ട് ഇവ കായ്ച്ചുതുടങ്ങി. വെള്ളവും വെളിച്ചവും എത്താത്ത ഉൾപ്രദേശത്ത് ലോറിയിൽ വെള്ളമെത്തിച്ചായിരുന്നു നനച്ചുതുടങ്ങിയത്. പിന്നീട് നല്ലൊരു തുക ജലവും വൈദ്യുതിയും എത്തിക്കാൻ ചിലവഴിച്ചു.
തന്റെ 26 വർഷത്തെ പ്രവാസ ജീവിതത്തിന് ശേഷം മനസ്സിൽ തോന്നിയ കൃഷിയോട് ചേർന്ന് സർവ്വീസ് വില്ല എന്ന ആശയത്തിൽ നിന്നാണ് 'മോസ് അഗ്രോ ഹബ്ബ് എന്നതിന് തുടക്കം കുറിച്ചത്. ചക്കയുടെ രുചിയറിഞ്ഞ് ഇഷ്ടപ്പെട്ട പ്ലാവിൻ തൈകൾ ആവശ്യക്കാർക്ക് നൽകാനുള്ള സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്.രണ്ട് മുറികളുള്ള സർവ്വീസ് വില്ലയിൽ താമസിച്ച് കൃഷിയെക്കുറിച്ച് പഠിക്കാനും കൃഷി രീതി മനസ്സിലാക്കാനും മോസ് അഗ്രോ ഹബ്ബിൽ സൗകര്യമൊരുക്കിയിട്ടുണ്ട്.
. പെട്ടെന്ന് കായ്ക്കുന്ന ഇരുപതിൽ പരം പ്ലാവിനങ്ങൾ ജനങ്ങൾക്കിടയിൽ എത്തിക്കാനും അന്യമായിക്കൊണ്ടിരിക്കുന്ന പ്ലാവിനങ്ങളെ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുകയുമാണ് മോഹനാംഗന്റെ ലക്ഷ്യം.പ്ലാവിന് പുറമെ റംബൂട്ടാൻ, കുടംപുളി, നെല്ലി, പേര, സപ്പോട്ട, തെങ്ങ്, മാവ്, പച്ചക്കറികൾ, പാഷൻ ഫ്രൂട്ട് , സൂര്യകാന്തി എന്നിവയും ഇവിടെയുണ്ട്. കൊളച്ചേരി കൃഷി ഭവൻ ഫാം പ്ലാംനിംഗ് പ്രോഗ്രാമിൽ ഫാം പ്ലാന്റ് മെമ്പറിൽ ഒരാളാണ് ഇദ്ദേഹം.കോൺഗ്രസ് മണ്ഡലം സെക്രട്ടറിയും പ്രവാസി കോൺഗ്രസ് ജില്ലാ സെക്രട്ടറിയുമായ മോഹനാംഗൻ തന്റെ കൃഷിക്കിടയിലും രാഷ്ട്രീയത്തിനും സമയം കണ്ടെത്തുന്നുണ്ട്. ഭാര്യ മഞ്ജുള. മക്കൾ: മിഥുൻ മോഹൻ, രോഹിത്ത് മോഹൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |