കണ്ണൂർ: സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായി 97 സ്‌കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനം 23ന് രാവിലെ 11.30ന് മുഴപ്പിലങ്ങാട് ജി.എച്ച്.എസ്.എസിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. കൂടാതെ 12 സ്‌കൂൾ കെട്ടിടങ്ങളുടെ തറക്കല്ലിടലും മൂന്ന് ടിങ്കറിംഗ് ലാബുകളുടെ ഉദ്ഘാടനവും ചടങ്ങിൽ നടക്കും. നവകേരളം കർമ്മപദ്ധതി രണ്ട് വിദ്യാകിരണം മിഷനിൽ കിഫ്ബി, പ്ലാൻ ഫണ്ട്, മറ്റ് ഫണ്ടുകൾ എന്നിവ പ്രയോജനപ്പെടുത്തിയാണ് ഈ കെട്ടിടങ്ങൾ നിർമ്മിച്ചത്.
സംസ്ഥാനതല ഉദ്ഘാടന ചടങ്ങിൽ പൊതുവിദ്യാഭ്യാസതൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അദ്ധ്യക്ഷത വഹിക്കും. മന്ത്രിമാർ, എം.എൽ.എമാർ, മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവർ സംബന്ധിക്കും.
ഉദ്ഘാടനം ചെയ്യുന്ന 97 സ്‌കൂൾ കെട്ടിടങ്ങളിൽ കിഫ്ബിയുടെ അഞ്ച് കോടി ധനസഹായത്തോടെയുള്ള ഒരു സ്‌കൂൾ കെട്ടിടവും മൂന്ന് കോടി ധനസഹായത്തോടെയുള്ള 12 സ്‌കൂൾ കെട്ടിടങ്ങളും ഒരു കോടി ധനസഹായത്തോടെയുള്ള 48 സ്‌കൂൾ കെട്ടിടങ്ങളും പ്ലാൻ ഫണ്ടും മറ്റ് ഫണ്ടുകളും പ്രയോജനപ്പെടുത്തിയുള്ള 36 സ്‌കൂൾ കെട്ടിടങ്ങളും ഉൾപ്പെടും.
കണ്ണൂരിൽ ഏഴ്
ഇതിൽ കണ്ണൂർ ജില്ലയിൽ മൂന്ന് കോടി കിഫ്ബി ധനസഹായത്തോടെ നിർമ്മിച്ച കണ്ണാടിപ്പറമ്പ് ജി.എച്ച്.എസ്.എസ്, ഒരു കോടി ധനസഹായത്തോടെ നിർമ്മിച്ച ജി.വി.എച്ച്.എസ്.എസ് കാർത്തികപുരം, പ്ലാൻഫണ്ട്, മറ്റു ഫണ്ടുകൾ എന്നിവയിൽ നിർമ്മിച്ച ജി.എച്ച്.എസ്.എസ് ആറളം ഫാം, ജി.യു.പി.എസ് വയക്കര, ജി.എച്ച്.എസ്.എസ് മുഴപ്പിലങ്ങാട്, ജി.എച്ച്.എസ്.എസ് പാലയാട്, ജി.എൽ.പി.എസ് നരിക്കോട് മല എന്നിവ ഉദ്ഘാടനം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |