കണ്ണൂർ: സംസ്ഥാനത്തെ ഹയർസെക്കൻഡറി സ്‌കൂളുകളിലെ ഈ വർഷത്തെ പ്ലസ് വൺ ഏകജാലക പ്രവേശനത്തിന് 2022-23 ൽ അനുവദിച്ച 81 താൽക്കാലിക ബാച്ചുകൾ തുടരാനും മാർജിനൽ സീറ്റ് വർദ്ധിപ്പിക്കാനും തീരുമാനിച്ചത് വിദ്യാർത്ഥികൾക്ക് ആശ്വാസമാകുന്നു. തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ഏഴ് ജില്ലകളിൽ സർക്കാർ ഹയർസെക്കൻഡറി സ്‌കൂളുകളിൽ 30 ശതമാനവും എയ്ഡഡ് ഹയർസെക്കൻഡറി സ്‌കൂളുകളിൽ 20 ശതമാനവും മാർജിനൽ സീറ്റ് വർദ്ധനവ് വരുത്തും. ആവശ്യപ്പെടുന്ന എയ്ഡഡ് ഹയർസെക്കൻഡറി സ്‌കൂളുകൾക്ക് പത്ത് ശതമാനം കൂടി മാർജിനൽ സീറ്റ് വർദ്ധന അനുവദിക്കാനും മന്ത്രിസഭ യോഗം തീരുമാനിച്ചിട്ടുണ്ട്.
മികച്ച വിജയം നേടിയ ജില്ലയിൽ ഇക്കുറി ഫുൾ എ പ്ലസ് നേടിയവരും ഉപരി പഠനത്തിന് അർഹത നേടിയവരും കഴിഞ്ഞ വർഷത്തേക്കാൾ വർദ്ധിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ സീറ്രുകൾക്ക് പകരം ബാച്ചുകൾ വർദ്ധിപ്പിക്കണമെന്ന ആവശ്യം കഴിഞ്ഞ വർഷങ്ങളെ പോലെ ഈ വർഷവും ഉയരുന്നുണ്ട്. 2022-23 അദ്ധ്യയനവർഷം നിലനിർത്തിയ 18 സയൻസ് ബാച്ചുകളും 49 ഹ്യുമാനിറ്റീസ് ബാച്ചുകളും എട്ട് കോമേഴ്‌സ് ബാച്ചുകളും തുടരും. താല്ക്കാലികമായി അനുവദിച്ച രണ്ട് സയൻസ് ബാച്ചുകളും താല്കാലികമായി ഷിഫ്റ്റ് ചെയ്ത ഓരോ ഹ്യുമാനിറ്റീസ്, കൊമേഴ്‌സ് ബാച്ചുകളും കെ.കെ.എൻ പരിയാരം സ്മാരക വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിൽ താല്ക്കാലികമായി അനുവദിച്ച ഒരു കൊമേഴ്‌സ് ബാച്ചും ഒരു ഹ്യൂമാനിറ്റീസ് ബാച്ചും ഉൾപ്പെടെയുള്ള 81 താൽക്കാലിക ബാച്ചുകളാണ് തുടരുക.
നിലവിൽ ജില്ലയിൽ 34,292 പ്ലസ് വൺ സീറ്റുകളാണുള്ളത്. ഇതിനു പുറമേ വി.എച്ച്.എസ്.ഇ, ഐ.ടി.ഐ, പോളിടെക്‌നിക്ക് എന്നിവിടങ്ങളിലേക്കുള്ള പ്രവേശനത്തിന് 7500 സീറ്റുകളുമുണ്ട്. കഴിഞ്ഞ രണ്ടു വർഷങ്ങളിൽ ജില്ലയിൽ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിന് മറ്റുവഴികൾ തേടേണ്ടി വന്നിരുന്നു. ഇത്തവണ 683 സീറ്റുകളുടെ കുറവാണുള്ളത്. കഴിഞ്ഞ വർഷം 20 ശതമാനം പ്ലസ്‌വൺ സീറ്റുകളാണ് ജില്ലയിൽ വർദ്ധിപ്പിച്ചത്. ഹ്യൂമാനിറ്റീസിന് 520 സീറ്റുകളും കൊമേഴ്‌സിന് 65 സീറ്റുകളും ഉൾപ്പടെ 585 സീറ്റുകൾ വർദ്ധിപ്പിച്ചു.
ഇത്തവണ വിജയ ശതമാനം
99.94
ഉപരി പഠനം നേടിയവരും
എ പ്ലസ് നേടിയവരും കൂടി
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മുഴുവൻ എ പ്ലസ് നേടിയവരുടെ എണ്ണം ഈ വർഷം 2645 ആയി വർദ്ധിച്ചിട്ടുണ്ട്. ഇതിന് പുറമെ ജില്ലയിൽ പരീക്ഷയെഴുതിയ 34,997 വിദ്യാർത്ഥികളിൽ 34,975 പേരും ഉപരിപഠനത്തിന് അർഹത നേടിയിട്ടുണ്ട്. 6803 പേർ എല്ലാ വിഷയത്തിലും എ പ്ലസും കരസ്ഥമാക്കി. കഴിഞ്ഞവർഷം 99.77 ശതമാനമായിരുന്ന വിജയം ഇത്തവണ 99.94 ആയി ഉയർന്നു. അതുകൊണ്ട് തന്നെ ഇഷ്ട്ടപ്പെട്ട സ്കൂളിൽ ഇഷ്ട വിഷയം ലഭിക്കുന്നതിന് വലിയ പ്രയാസമുണ്ടാകാമെന്ന ആശങ്ക വിദ്യാർത്ഥികൾക്കുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |