ജില്ലാ കളക്ടർ കായലിൽ നീന്തി ഉദ്ഘാടനം ചെയ്തു
പയ്യന്നൂർ: ജല അപകടങ്ങളിൽ ജീവൻ പൊലിയാതിരിക്കാൻ ആയാസ രഹിത നീന്തൽ പരിശീലിക്കണമെന്നുമുള്ള സന്ദേശവുമായി, ചാൾസൺ സ്വിമ്മിംഗ് അക്കാഡമി ജില്ലാ ഭരണകൂടത്തിന്റെ സഹകരണത്തോടെ ബോധവത്കരണ നീന്തൽ സംഘടിപ്പിച്ചു. കവ്വായി കായലിന്റെ ഭാഗമായുള്ള രാമന്തളി ഏറൻപുഴയിൽ ഐ.എൻ.എ. ബോട്ടുജെട്ടിക്ക് സമീപം ജില്ലാ കളക്ടർ എസ്. ചന്ദ്രശേഖർ കായലിൽ നീന്തി ഉദ്ഘാടനം ചെയ്തു. റൂറൽ എസ്.പി എം. ഹേമലത ഫ്ളാഗ് ഓഫ് ചെയ്തു.
ആയാസ രഹിത നീന്തലിന്റെ ഭാഗമായി ജലോപരിതലത്തിൽ വിശ്രമിക്കുന്നതിനുള്ള ഫ്‌ളോട്ടിംഗ് പരിശീലനത്തിലൂടെയാണ് പരിപാടി തുടങ്ങിയത്. നീന്തൽപരിശീലകരായ ചാൾസൺ ഏഴിമല, മകൻ വില്യംസ് ചാൾസൺ എന്നിവരുടെ നേതൃത്വത്തിൽ അഗ്നിരക്ഷാ സേനാംഗങ്ങളുൾപ്പെടെ അൻപതോളം പേർക്കൊപ്പം ഏഴുവയസുകാരി ഫൈഹ ഫൈസൽ, എട്ടുവയസുള്ള അർണവ് പ്രവീൺ എന്നിവർ കൂടി കായലിന്റെ ഇരുഭാഗത്തേക്കുമായി രണ്ട് കിലോമീറ്ററോളം ദൂരത്തിൽ നീന്തലിൽ പങ്ക് ചേർന്നു.
നീന്തി കരക്കെത്തിയ ജില്ലാ കളക്ടർ എസ്. ചന്ദ്രശേഖറിനെ ടി.ഐ. മധുസൂദനൻ എം.എൽ.എ. പൊന്നാടയണിയിച്ച് സ്വീകരിച്ചു. ബോട്ടുജെട്ടിയിൽ ചാൾസൺ സ്വിമ്മിംഗ് അക്കാഡമി സെക്രട്ടറി ജാക്സൺ ഏഴിമലയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ , ജല അപകടങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ അനായാസ നീന്തൽ പരിശീലനത്തിലൂടെ ഓരോരുത്തരും സ്വയം ജാക്കറ്റായി മാറണമെന്ന് ഉദ്ഘാടകനായ ജില്ലാ കളക്ടർ പറഞ്ഞു. ടി.ഐ. മധുസൂദനൻ എം.എൽ.എ മുഖ്യാതിഥിയായി. രാമന്തളി പഞ്ചായത്ത് പ്രസിഡന്റ് വി. ഷൈമ, സി.പി. ഷിജു, പി. രഞ്ജിത്ത്, ടി. ഗോവിന്ദൻ, എ. വത്സല, പയ്യന്നൂർ ഫയർ സ്‌റ്റേഷൻ ഓഫീസർ പ്രഭാകരൻ, തളിപ്പറമ്പ് ഫയർ സ്‌റ്റേഷൻ ഓഫീസർ പി. രാജേഷ്, ഫയർ ഓഫീസേഴ്സ് അസോസിയേഷൻ സെക്രട്ടറി പി.വി. പവിത്രൻ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |