പഴയങ്ങാടി: മാടായി പഞ്ചായത്തിലെ ഒമ്പതാം വാർഡിൽ രാത്രിയിൽ വീണ്ടും അജ്ഞാതന്റെ ആക്രമണം. വീടിന്റെ ജനൽ ഗ്ലാസ് അടിച്ചു തകർത്തു. പഴയങ്ങാടി സദ്ദാം റോഡിന് സമീപത്തെ മഹമൂദിന്റെ വീടിന്റെ ജനൽ ഗ്ലാസ് ആണ് കഴിഞ്ഞ ദിവസം
അർദ്ധരാത്രി അജ്ഞാതൻ അടിച്ചു തകർത്തത്. ശബ്ദം കേട്ട് നാട്ടുകാർ എത്തുമ്പോഴേക്കും അജ്ഞാതൻ ഇരുട്ടിൽ ഓടി മറഞ്ഞു. നാട്ടുകാർ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കഴിഞ്ഞ കുറേ ദിവസങ്ങളായി ഒമ്പതാം വാർഡിലെ സദ്ദാം റോഡ്, കാലിക്കൽ, റെയിൽവേ സ്റ്റേഷൻ സമീപപ്രദേശങ്ങളിലായി അജ്ഞാതന്റെ ശല്യമുണ്ട്. സ്ത്രീകൾ മാത്രമുള്ള വീടുകളെ കേന്ദ്രീകരിച്ചായിരുന്നു ആദ്യ ദിവസങ്ങളിൽ പരാക്രമം. പൊലീസിൽ പരാതിയെത്തിയെങ്കിലും പരാക്രമത്തിന് ശമനമായില്ല. നാട്ടുകാർ ഉറക്കമൊഴിച്ച് കാത്തു നിൽക്കുന്നതിനിടെയാണ് വീണ്ടും അക്രമം നടന്നത്. ശല്യം ദിനംപ്രതി ഏറി വരുന്ന സാഹചര്യത്തിൽ ഉന്നത പൊലീസ് അധികൃതർക്ക് പരാതി നൽകാനുള്ള തയ്യാറെടുപ്പിലാണ് നാട്ടുകാർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |