കണ്ണൂർ:പകർച്ച വ്യാധികൾ പടരുമ്പോഴും മഴക്കാല ശുചീകരണം ജില്ലയിൽ കാര്യക്ഷമമല്ലെന്ന് ആക്ഷേപം.എലിപ്പനി,ഡെങ്കിപ്പനി ,എച്ച് 1 എൻ1 തുടങ്ങിയ പകർച്ചവ്യാധികൾ പടരുമ്പോഴും ഓടകളും ജലാശയങ്ങളും മാലിന്യ കൂമ്പാരവുമായി നിൽക്കുകയാണ് മിക്കയിടത്തും .നഗരത്തിലെ പല ഹോട്ടലുകളിൽ നിന്നും മലിന ജലവും മറ്റ് മാലിന്യങ്ങളും ഉൾപ്പെടെ ഓവുചാലുകളിലേക്ക് ഒഴുക്കുന്നത് ഫലപ്രദമായി തടയാനും കഴിഞ്ഞിട്ടില്ല.കോർപ്പറേഷൻ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനകളിൽ ഇത്തരം വീഴ്ച്ചകൾ ശ്രദ്ധയിൽപ്പെട്ടിരുന്നു
കൊതുകുകൾ മുട്ടയിട്ട് പെരുകുന്ന തരത്തിൽ മലിനജലം നിരവധി ഭാഗങ്ങളിൽ കെട്ടിനിൽക്കുകയാണ്. പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് മുനീശ്വരൻ കോവിലിലേക്ക് പോകുന്ന വഴിയിൽ അണ്ടർ ബ്രിഡ്ജിന് താഴെ ഓവുചാൽ പൊട്ടി മലിന ജലം റോഡിലേക്കാണ് ഒഴുകുന്നത്.മാർക്കറ്റ് റോഡ് പരിസരത്തും സിറ്റി ഭാഗത്തുമെല്ലാം ഓവുചാലുകളിൽ മാലിന്യം കെട്ടിക്കിടക്കുന്ന അവസ്ഥയുണ്ട്.മഴക്കാല ശുചീകരണത്തിനായി ഓരോ ഡിവിഷനിലും 30,000 രൂപ അനുവദിച്ചിരുന്നു.എന്നാൽ പല ഡിവിഷനുകളിലും പരിശോധന പോലും നടന്നില്ലെന്നാണ് ആക്ഷേപം.
ഭംഗിവാക്കല്ല മഴക്കാല പൂർവശുചീകരണം
കാലവർഷം ശക്തിപ്രാപിക്കുന്നതോടെ വെള്ളക്കെട്ടുണ്ടാവാൻ സാധ്യതയുള്ള സ്ഥലങ്ങൾ, വാർഡുകളിലെ പ്രത്യേക ശ്രദ്ധ കൊടുക്കേണ്ട സ്ഥലങ്ങൾ എന്നിവ സന്ദർശിക്കുക, ജലനിർഗ്ഗമനം സുഗമമാക്കാൻ വേണ്ടശുചീകരണ പ്രവർത്തനങ്ങൾ, തോടുകളിലേയും ഇടത്തോടുകളിലേയും ഓടകളിലേയും നീരൊഴുക്ക് സുഗമമാക്കൽ, ജലജന്യ രോഗ പ്രതിരോധം, കൊതുക് പ്രതിരോധത്തിനായി ഫ്യൂമിഗേഷനും ഫോഗിംഗും തുടങ്ങിയ പ്രവർത്തനങ്ങൾ മഴക്കാല പൂർവ്വ ശുചീകരണത്തത്തിന്റെ ഭാഗമാണ്.എന്നാൽ ഇതെല്ലാം പലയിടങ്ങളിലും പേരിന് മാത്രമാണ് നടന്നതെന്നാണ് ആക്ഷേപം.
എവിടെ പരിശോധന
വിവിധതരം പകർച്ചവ്യാധികൾക്കെതിരെ ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം നൽകുമ്പോഴും തദ്ദേശ സ്ഥാപനങ്ങളുടെ ഇടപെടലിന്റെ കുറവിൽ ഫലപ്രദമാകുന്നില്ലെന്നതാണ് സത്യം. പേരിനു പോലും വീടുകൾ കയറിയുള്ള പരിശോധന നടക്കുന്നില്ല.
മറക്കരുത് ചുമതലകൾ
മാലിന്യങ്ങൾ തരംതിരിച്ച് ശേഖരിക്കുന്ന സംവിധാനം ഫലപ്രദമാകണം
പൊതുസ്ഥലം, റോഡരികുകൾ എന്നിവയും മാലിന്യ മുക്തമാക്കണം
നൂറിൽ കൂടുതൽ ആളുകൾ പങ്കെടുക്കുന്ന ആഘോഷ പരിപാടികൾ തദ്ദേശസ്ഥാപനത്തിൽ രജിസ്റ്റർ ചെയ്യണം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |