കതിരൂർ: സംസ്ഥാന സർക്കാറിന്റെ നൂറുദിന കർമ്മപദ്ധതിയിൽ ഉൾപ്പെടുത്തി സാക്ഷരതാമിഷനും കൈറ്റ് കേരളയും ചേർന്ന് കതിരൂർ ഗ്രാമ പഞ്ചായത്തിൽ നടപ്പാക്കുന്ന ഇ-മുറ്റം ഡിജിറ്റൽ സാക്ഷരതാ പദ്ധതി അന്തിമഘട്ടത്തിൽ. പഞ്ചായത്തിൽ ഇ-സാക്ഷരത ഇല്ലാത്ത രണ്ടായിരത്തിൽപ്പരം ആളുകളുടെ പഠനം പൂർത്തിയായി. ഈ മാസം അവസാനത്തോടെ പദ്ധതി പൂർത്തിയാകും. ഡിജിറ്റൽ മേഖലയിൽ പ്രാഥമികമായി അവബോധം വളർത്തി ഇന്റർനെറ്റ് സാദ്ധ്യതകളെ പരമാവധി ഉപയോഗപ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.
പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കതിരൂർ ഗ്രാമപഞ്ചായത്തിൽ മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചിരുന്നു.വായനശാലകൾ, അങ്കണവാടികൾ, കുടുംബശ്രീ, അയൽക്കൂട്ടങ്ങൾ, വീടുകൾ എന്നിവ കേന്ദ്രീകരിച്ച് പരിശീലനം ലഭിച്ച ഇൻസ്ട്രക്ടർമാരുടെ നേതൃത്വത്തിൽ ക്ലാസുകൾ നൽകുന്നുണ്ട്. പഞ്ചായത്തിലെ 219 അയൽക്കൂട്ടങ്ങളിലും ഇ-മുറ്റം ക്ലാസുകൾ നടന്നുവരുന്നുണ്ട്. കതിരൂർ ഗവ.വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിലെയും ചുണ്ടങ്ങാപ്പൊയിൽ സ്‌കൂളിലെയും എൻ.എസ്.എസ് വളണ്ടിയർമാർക്ക് പരിശീലനം നൽകി പഞ്ചായത്തിലെ എല്ലാകുട്ടികളുടെയും മാതാപിതാക്കളെ ഇ-സാക്ഷരരാക്കാനുള്ള പരിശീലനവും ഇതിനോടൊപ്പം നടക്കുന്നുണ്ട്. പദ്ധതി പൂർത്തിയാകുന്ന മുറക്ക് കൈറ്റ് കേരളയുടെ നേതൃത്വത്തിൽ ഓൺലൈൻ ഇ-വാലുവേഷനും നടത്തും.
ഇ - മുറ്റം ഡിജിറ്റൽ സാക്ഷരതാ പദ്ധതി
സാധാരണക്കാരെ ഡിജിറ്റൽ മേഖലയിൽ പ്രാഥമിക അവബോധം ഉള്ളവരാക്കുക, കംപ്യൂട്ടർ, ഇന്റർനെറ്റ്, സ്മാർട്ട് ഫോൺ, മറ്റു സാമൂഹിക മാദ്ധ്യമങ്ങൾ, ദൈനംദിന പണം ഇടപാടുകൾക്കായി യു.പി.ഐ ഉപയോഗം തുടങ്ങിയവ ഉപയോഗിക്കാൻ പ്രാപ്തരാക്കുക എന്നിവയാണ് ഇ - മുറ്റം ഡിജിറ്റൽ സാക്ഷരതാ പദ്ധതിയുടെ ലക്ഷ്യം. കുടുംബശ്രീ പ്രവർത്തകർ, സന്നദ്ധ പ്രവർത്തകർ, ബിരുദ വിദ്യാർഥികൾ, ആശാ പ്രവർത്തകർ, അങ്കണവാടി പ്രവർത്തകർ എന്നിവർ 15 വയസ്സിനു മുകളിലുള്ളവർക്ക് പരിശീലനം നൽകി ഡിജിറ്റൽ സാക്ഷരത ഉറപ്പാക്കുന്നതാണ് പദ്ധതി. 14 ജില്ലകളിൽ നിന്നും ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലാണ് ആദ്യ ഘട്ടത്തിൽ പദ്ധതി നടപ്പാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |