പാനൂർ: പൊള്ളും വെയിലിലും ആവേശമായിരുന്നു കൂത്തുപറമ്പ് നിയോജകമണ്ഡലം നവകേരളസദസ് നടന്ന പാനൂരിലെ മൈതാനത്ത്. നേരത്തെ തുടങ്ങിയ ഒരുക്കം മുഖ്യമന്ത്രിയും മന്ത്രിമാരും എത്തിയതോടെ ആവേശമായി.പങ്കാളിത്തംകൊണ്ട് ജനകീയോത്സവമായിരുന്നു ഇവിടത്തെ പരിപാടി.
രാവിലെ മുതൽ നിറഞ്ഞുതുടങ്ങിയ മൈതാനത്ത് ഗ്രാമതാളം പൂക്കോടിന്റെ വനിത ശിങ്കാരിമേളം, ദേവാഞ്ജനയുടെ നാടോടി നൃത്തം, മൊകേരി രാജീവ്ഗാന്ധി ഹയർസെക്കൻഡറി സ്‌കൂൾ വിദ്യാർഥികളുടെ ഒപ്പന, മാവിലേരി സരസ്വതി വിജയം യു.പി.സ്‌കൂളിന്റെ തിരുവാതിര, പായം ദാരാവീസിന്റെ ഗോത്ര നൃത്തം എന്നിവ ദൃശ്യവിരുന്ന് നൽകി. മന്ത്രിമാരായ പി.രാജീവ്, കെ.കൃഷ്ണൻകുട്ടി, കെ.രാധാകൃഷ്ണൻ എന്നിവരായിരുന്നു ആദ്യ പ്രാസംഗികർ. പിന്നാലെ സ്വീകരണവും പുഷ്പവൃഷ്ടിയും ഏറ്റുവാങ്ങി മുഖ്യമന്തിയും മറ്റ് മന്ത്രിമാരുമെത്തി. ആളുകളെ അഭിവാദ്യം ചെയ്ത് മുഖ്യമന്ത്രിയും സംഘവും കടന്നുവന്നപ്പോൾ ചെണ്ടമേളവും വിവിധ കഥകളി വേഷങ്ങളും അകമ്പടിയായി.സംഘാടകരുടെ ഉപഹാരം സ്വീകരിച്ചതിന് പിന്നാലെ മുഖ്യമന്ത്രിയുടെ പ്രസംഗം.
സദസ്സിൽ രാവിലെ എട്ട് മണി മുതൽ പരാതി സ്വീകരിക്കാൻ 18 കൗണ്ടറുകളാണ് ഒരുക്കിയത്. നേരത്തെ നടന്ന ആദാലത്തുകളിൽ എത്താൻ കഴിയാത്തവർക്കും ഈ സൗകര്യം ഉപകരിച്ചു. ഭിന്നശേഷിക്കാർക്കും പ്രായമേറിയവർക്കും പ്രത്യേക പരിഗണന നൽകിയിരുന്നു. കലാമണ്ഡലം മഹേന്ദ്രന്റെ ഓട്ടൻ തുള്ളൽ, വിദ്യാർത്ഥികളുടെ നാടൻപാട്ട് എന്നിവയോടെയായിരുന്നു പരിപാടി സമാപിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |