കാസർകോട്: ചെർക്കള കേന്ദ്രീകരിച്ച് പ്രവർത്തിച്ച കള്ളനോട്ട് സംഘം അറസ്റ്റിൽ. അരക്കോടിയിലധികം രൂപയുടെ കള്ളനോട്ടുകളുമായി പ്രസ് ഉടമ അടക്കം അഞ്ചുപേരെ ബംഗ്ളൂരു, ഹളസൂർ ഗേറ്റ് പൊലീസ് അറസ്റ്റു ചെയ്‌തു. ചെർക്കളയിലെ ശ്രീലിപി പ്രസ് ഉടമ കരിച്ചേരി പെരളത്തെ പ്രിയേഷ് (34), കാസർകോട് സ്വദേശിയെന്നു പറയുന്ന മുഹമ്മദ് അഫ്‌സൽ (34), പുതുശ്ശേരി സ്വദേശികളായ നൂറുദ്ദീൻ എന്ന അൻവർ (34), പ്രസീദ് (34),ബംഗ്ളൂരു, ശിരിഗുപ്പ, സിരിഗരെയിലെ എ.കെ.അഫ്‌സൽ ഹുസൈൻ (29) എന്നിവരാണ് അറസ്റ്റിലായത്. നേരത്തെ ഇതെ പ്രസിൽ നിന്നും അച്ചടിച്ച കള്ളനോട്ടുകളുമായി മൂന്നുപേരെ മംഗളുരൂ സിറ്റി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു.
ബംഗ്ളൂരു ആർ.ബി.ഐ അസി. ജനറൽ മാനേജർ ബീൻ ചൗധരി നൽകിയ പരാതിയിൽ അഫ്സൽ ഹുസൈനാണ് ആദ്യം പിടിയിലായത്. 25 ലക്ഷം രൂപയുടെ കള്ളനോട്ടുകളുമായി അഫ്‌സൽ ഹുസൈൻ ബാങ്കിലെത്തുകയായിരുന്നു. വിനിമയം നിർത്തിവച്ച രണ്ടായിരം രൂപയുടെ നോട്ടുകൾക്ക് പകരം 500 രൂപ വാങ്ങാനെന്ന വ്യാജേനയാണ് ഈയാൾ കള്ളനോട്ടുകളുമായി എത്തിയത്. ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ കള്ളനോട്ട് തിരിച്ചറിഞ്ഞതിനെ തുടർന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു. ഹളസൂർ ഗേറ്റ് പൊലീസെത്തി അഫ്‌സൽ ഹുസൈനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തപ്പോഴാണ് മറ്റുള്ളവരുടെ പങ്കിനെപറ്റി വിവരം ലഭിച്ചത്. തുടർന്ന് പൊലീസ് സംഘം ചെർക്കളയിലും കാസർകോട്ടും എത്തി മറ്റു നാലു പേരെ പിടികൂടുകയായിരുന്നു. സംഘത്തിൽ നിന്നും 27.72 ലക്ഷം കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.
ചെർക്കളയിലെ ശ്രീലിപി പ്രസിൽ നിന്നു അച്ചടിച്ച 500 രൂപയുടെ 427 കള്ളനോട്ടുകളുമായി കഴിഞ്ഞ ആഗസ്‌ത് 20ന് പെരിയ കുണിയയിൽ താമസക്കാരനും കർണ്ണാടക പുത്തൂർ സ്വദേശിയുമായ അബ്ദുൽ ഖാദർ (58), പുത്തൂർ, ബൽനാട് സ്വദേശി അയൂബ് ഖാൻ (51), മുളിയാർ, മല്ലം, കല്ലുകണ്ടത്തെ വിനോദ് കുമാർ (33) എന്നിവരെ മംഗ്ളൂരു സിറ്റി ക്രൈംബ്രാഞ്ച് പിടികൂടിയിരുന്നു.പിന്നാലെ മംഗ്ളൂരു പൊലീസ് ചെർക്കളയിലെത്തി പ്രസും അനുബന്ധ ഉപകരണങ്ങളും കണ്ടുകെട്ടുകയും പ്രസുടമ ചെർക്കളയിലെ ശ്രീലിപി പ്രസ് ഉടമ കരിച്ചേരി പെരളത്തെ പ്രിയേഷിനെ പിടൂകുടൂകയും ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |