കാസർകോട്: മാസങ്ങളായി പുലിപ്പേടിയിൽ കഴിയുന്ന മുളിയാർ ഗ്രാമപഞ്ചായത്തിലെ ബോവിക്കാനം പ്രദേശത്ത് ഭീതി തുടരുന്നു. കൂട് സ്ഥാപിച്ച് പുലിയെ പിടികൂടാൻ വനംവകുപ്പ് പരിശ്രമം തുടരുന്നതിനിടയിൽ ഇന്നലെ പുലി വനംവകുപ്പ് ഓഫീസിന് മുന്നിലെത്തി.
തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് പുലി ബോവിക്കാനം ടൗണിലെ ഫോറസ്റ്റ് ഓഫീസിന് മുന്നിലെത്തിയത്. ഇവിടെ നിന്നും റോഡിലൂടെ നീങ്ങി കെ.ബി മുഹമ്മദ് കുഞ്ഞിയുടെ വീടിന് മുന്നിലെത്തുകയായിരുന്നു. വീട്ടുകാർ ബഹളം വച്ചതോടെ പുലി ഇവിടെ നിന്നും ഓടി ബോവിക്കാനം ഗത്വ മസ്ജിദിന് സമീപത്തുമെത്തി.മസ്ജിദിന് സമീപത്തെ അബ്ദുൾഖാദർ എന്നയാൾ പുലിയെ നേരിട്ട് കണ്ടിരുന്നു. അബ്ദുൾ ഖാദറിന്റെ വീടിന് സമീപത്തെ പറമ്പിലിറങ്ങിയ പുലിയെ എതിരെ വരികയായിരുന്ന സ്‌കൂട്ടർ യാത്രക്കാരനും കണ്ടിരുന്നു.ഒടുവിൽ വനംവകുപ്പ് ഓഫീസിന്റെ പിന്നിലൂടെ ഓടി കാട്ടിലേക്ക് മറയുകയായിരുന്നു.
ജനവാസ മേഖലയിൽ സ്വൈര്യവിഹാരം
ജനവാസമേഖലയിൽ പുലിയിറങ്ങിയതോടെ പ്രദേശത്ത് ആശങ്ക വർദ്ധിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം ബോവിക്കാനത്തെ ബി.കെ.സിദ്ധിഖിന്റെ വീട്ടുമുറ്റത്തും പുലി എത്തിയിരുന്നു. ഭയന്നോടിയ സിദ്ധിഖിന് വീണ് പരിക്കേൽക്കുകയും ചെയ്തിരുന്നു. പുലിയെ പിടികൂടാൻ വനംവകുപ്പധികൃതർ നടപടി സ്വീകരിക്കണമെന്നും ജില്ലാ കളക്ടർ സ്ഥലം സന്ദർശിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. പുലിയെ പിടികൂടാൻ വനപാലകർ കൊട്ടംകുഴിയിൽ കൂട് സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ പുലി ഇതുവരെ കൂട്ടിനടുത്തേക്ക് എത്തിയിട്ടില്ല. പ്രദേശത്ത് സ്കൂൾ വിദ്യാർത്ഥികളും തൊഴിലാളികളുമെല്ലാം കടുത്ത ഭീഷണി നേരിടുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |