ചൂഷണത്തിനിരയാകുന്ന സ്ത്രീകൾക്കും കുട്ടികൾക്കും താങ്ങായ മുഴുവൻ സമയപദ്ധതി തുടങ്ങിയത് 2017ൽ
കണ്ണൂർ: ചൂഷണത്തിനിരയാകുന്ന സ്ത്രീകൾക്കും കുട്ടികൾക്കും സഹായമെത്തിക്കാൻ ജില്ല കുടുംബശ്രീ മിഷൻ ആവിഷ്കരിച്ച സ്നേഹിത ജന്റർ ഹെൽപ് ഡസ്ക് മാതൃകയാകുന്നു. നിരവധി പരാതികളാണ് ദിവസവും കണ്ണൂർ പള്ളിപ്രത്തെ സ്നേഹിത ആസ്ഥാനത്തേക്ക് എത്തുന്നത്. വ്യത്യസ്തങ്ങളായ ബോധവത്കരണ ക്ളാസുകളും കൗൺസിലിംഗുമായി പരാതിക്കാർക്ക് ആത്മവിശ്വാസം നൽകുകയാണ് ഈ കുടുംബശ്രീ പദ്ധതി.
2017 മുതൽ ജില്ലയിൽ 24 മണിക്കൂറും സ്നേഹിതയുടെ സേവനം ലഭിക്കുന്നുണ്ട് 11 ജീവനക്കാരുമായാണ് ഹെൽപ് ഡസ്കിന്റെ പ്രവർത്തനം. ചൂഷണത്തിനിരയാകുന്നവർക്ക് ഉപജീവനത്തിനും അതിജീവനത്തിനുമുള്ള സഹായവും പിന്തുണയും നൽകുക, അതിക്രമത്തിന് വിധേയമാകുന്ന സ്ത്രീകൾക്കും കുട്ടികൾക്കും അടിയന്തര പിന്തുണ നൽകുക എന്ന ലക്ഷ്യത്തോടെയായിരുന്നു പദ്ധതി തുടങ്ങിയത്. സി.ഡി.എസ് തലത്തിൽ 59 ജെന്റെർ റിസോർസ് സെന്ററുകളും ഇതിന്റെ ഭാഗമായി പ്രവർത്തിക്കുന്നുണ്ട്. കമ്മ്യൂണിറ്റി കൗൺസിലർമാരുടെ പ്രവർത്തനം അവിടെ ലഭ്യമാണ്.അവിടെ നിന്നും പരിഹാരം ലഭിക്കാത്ത പ്രധാന വിഷയങ്ങളാണ് സ്‌നേഹിതയിൽ എത്തുന്നത്. സമൂഹത്തിൽ ഒരുപാട് പേരുടെ ജീവിതത്തിന് വെളിച്ചമാകാൻ ഈ സംവിധാനത്തിന് സാധിച്ചിട്ടുണ്ട്.
3001 കേസുകളിൽ
1782 പേർക്ക് കൗൺസിലിംഗ്
681 പേർക്ക് താൽക്കാലിക അഭയം
59 ജെന്റെർ റിസോർസ് സെന്ററുകൾ
സ്നേഹിതയിലേക്ക് വിളിക്കാം
ചൂഷണങ്ങൾക്കും പീഡനങ്ങൾക്കും വിധേയരാകുന്ന ഏതു സ്ത്രീക്കോ കുട്ടികൾക്കോ സ്‌നേഹിതയിലേക്ക് വിളിക്കാം. നിയമപരമായ സഹായങ്ങളും മാനസികമായ വിഷമതകൾക്കുള്ള പരിഹാരവും സ്‌നേഹിതയിലുണ്ട്. വ്യത്യസ്തങ്ങളായ ബോധവൽക്കരണ ക്ലാസ്സുകളും കൗൺസിലിംഗും സ്‌നേഹിത നടത്തുന്നു.
പ്രവർത്തനം കോളേജുകളിലേക്കും
മരണത്തിന്റെ വക്കിലെത്തിയവരെ ജീവിതത്തിലേക്ക് തിരികെ എത്തിക്കാൻ സ്നേഹിത ഹെൽപ് ഡസ്കിന് സാധിച്ചിട്ടുണ്ട്. നിലവിൽ സ്നേഹിതയുടെ സേവനം സ്‌കൂളുകളിലേക്കും കോളേജുകളിലേക്കും വ്യാപിപ്പിക്കുന്നുണ്ട്.അയൽക്കൂട്ടങ്ങൾ വഴിയാണ് സ്‌നേഹിതയുടെ പ്രചാരണവും പ്രവർത്തനസംയോജനവും. ഗാർഹീക പീഡനങ്ങൾ നേരിട്ടവരും ശാരീരിക പീഡനങ്ങൾ അനുഭവിച്ചവരും ആരോരുമില്ലാത്തവർക്കുമെല്ലാം സ്നേഹിത ഹെൽപ് ഡസ്കിനെ സമീപിച്ച് തങ്ങളുടെ പ്രശ്നങ്ങൾ അവതരിപ്പിക്കാം.
സ്ത്രീകൾക്കും കുട്ടികൾക്കും താങ്ങാവാൻ സ്‌നേഹിതയ്ക്ക് കഴിഞ്ഞിട്ടുണ്ട്. എത്രയോ പേരുടെ ജീവിതം തിരിച്ചു പിടിച്ച സ്‌നേഹിതയുടെ പ്രവർത്തനം സമൂഹത്തിൽ വളരെ വലിയ ശ്രദ്ധ നേടിയിട്ടുണ്ട് ഇനിയും പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്- നീതു ജില്ല പ്രോഗ്രാം മാനേജർ ജെന്റർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |