പയ്യന്നൂർ: ഖദറിന്റെ തൂവെണ്മ പുറമെ മാത്രമല്ല, മനസ്സിനകത്തും സൂക്ഷിച്ച വലിയ വ്യക്തിത്വത്തിന് ഉടമയും അധികാര മോഹം തൊട്ടുതീണ്ടാത്ത നേതാവുമായിരുന്നു ചൊവ്വാഴ്ച രാത്രി നിര്യാതനായ കെ.എൻ. കണ്ണോത്ത് എന്ന കണ്ണോത്ത് കുഞ്ഞികൃഷ്ണൻ നായർ.
തെക്കടവൻ വലിയ വീട്ടിൽ രാമൻ നായരുടെയും കണ്ണോത്ത് പാട്ടിയമ്മയുടെയും ആൺമക്കളിൽ നാലാമനായി 1930 ജൂൺ 7ന് ജനിച്ച കുഞ്ഞികൃഷ്ണൻ നായർ യുവാവായിരുന്ന കാലത്ത്, പി.വി.കെ. നെടുങ്ങാടി പത്രാധിപരായിരുന്ന ദേശമിത്രത്തിലേക്ക് ചില ലേഖനങ്ങൾ പ്രസിദ്ധീകരണത്തിനായി നൽകിയപ്പോൾ, ലേഖന കർത്താവിന്റെ പേരിന്റെ വലുപ്പം അസൗകര്യമായി തോന്നിയ, നെടുങ്ങാടി പേരൊന്ന് ചുരുക്കി കെ.എൻ. കണ്ണോത്ത് എന്ന പേരിലാണ് ലേഖനങ്ങൾ പ്രസിദ്ധപ്പെടുത്തിയത്. പിന്നീട് ഈപേരിൽ തന്നെ അദ്ദേഹം അറിയപ്പെടുവാൻ തുടങ്ങി.
ചെറുപ്രായത്തിൽ തന്നെ സ്വാതന്ത്ര്യബോധവും കോൺഗ്രസ്സ് ആഭിമുഖ്യവും പുലർത്തിയിരുന്ന അദ്ദേഹം ക്വിറ്റിന്ത്യാ സമരകാലത്ത് വിദ്യാർത്ഥി കോൺഗ്രസ്സിന്റെ ആഹ്വാന പ്രകാരം ക്ലാസ് ബഹിഷ്കരണത്തിന്ന് നേതൃത്വം നൽകി. ഹൈസ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞ് ടി.ടി.സി. പാസ്സായി ജ്യേഷ്ഠസഹോദരൻ നാരായണൻ നായർ മാനേജർ ആയ കേളോത്ത് സെൻട്രൽ യു.പി.സ്കൂളിൽ അദ്ധ്യാപകനായി ചേർന്നു. പി.എം. കുഞ്ഞിരാമൻ നമ്പ്യാർ, ടി.സി. നാരായണൻ നമ്പ്യാർ എന്നിവരോട് ചേർന്ന് അദ്ധ്യാപക സംഘടന കെട്ടിപ്പടുക്കുകയും ഡയരക്റ്റ് പേയ്മെന്റിന്ന് വേണ്ടി സമരം നടത്തുകയും ചെയ്തു.
മെച്ചപ്പെട്ട സേവനവേതന വ്യവസ്ഥകൾ ഉള്ള റെയിൽവേയിൽ ജോലി കിട്ടിയപ്പോൾ പിന്നീട് അദ്ധ്യാപക ജോലി രാജിവച്ച് റെയിൽവേ ജീവനക്കാരനായി. അവശത അനുഭവിക്കുന്ന റെയിൽവെ തൊഴിലാളികളെ സംഘടിപ്പിച്ച് മെച്ചപ്പെട്ട സേവന വേതന വ്യവസ്ഥകൾക്കായി 1960, 68, 74 കളിൽ നടത്തിയ സമരത്തിന് നേതൃത്വം നൽകി. 1974 മേയ് 8ന് സമരം തുടങ്ങുന്നതിനുള്ള ഒരുക്കങ്ങൾക്കായി ഷൊർണൂരിലേക്ക് പോകുമ്പോൾ മേയ് ഒന്നിന് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വെച്ച് കണ്ണോത്തിനെ അറസ്റ്റുചെയ്ത് കണ്ണർ സെൻട്രൽ ജയിലിൽ തടവിലാക്കി. ഒരു മാസത്തിനുശേഷം ജയിലിൽ നിന്ന് വിട്ടയച്ചു ജോലിക്ക് ഹാജരാകുവാൻ ഉത്തരവായെങ്കിലും കൂടെ പുറത്താക്കപ്പെട്ടവരെയെല്ലാം തിരിച്ചെടുക്കുന്ന സമയത്ത് മാത്രമേ ജോലിക്ക് കയറൂ എന്ന ഉറച്ചനിലപാടാണ് അദ്ദേഹം സ്വീകരിച്ചത്.
റെയിൽവേ തൊഴിലാളി നേതാവായി പ്രവൃത്തിക്കുമ്പോൾ തന്നെ, പയ്യന്നൂരിലെ അങ്ങാടി തൊഴിലാളികളെയും ചുമട്ട്കാരെയും ഐ.എൻ.ടി.യു.സി.യുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നതിൽ മുൻകൈയെടുത്ത് പ്രവൃത്തിച്ചു. പയ്യന്നൂർ കോ ഓപ്പറേറ്റീവ് സ്റ്റോറിന്റെ പ്രസിഡന്റായി മൂന്ന് തവണ പ്രവർത്തിക്കുകയും ഈ കാലയളവിൽ ഏറ്റവും മികച്ച സ്റ്റോറിനുള്ള പുരസ്കാരങ്ങൾ നേടുകയുമുണ്ടായി. അധികാര സ്ഥാനങ്ങൾ തന്റെ പുറകെവന്നെങ്കിലും അധികാര മോഹമില്ലാത്ത കോൺഗ്രസ്സ് പ്രവർത്തകൻ എന്ന നിലയിൽ അതെല്ലാം ഉപേക്ഷിക്കുകയായിരുന്നു.
1988ൽ റെയിൽവേയിൽ നിന്ന് വിരമിച്ച ശേഷം 1996ലെ അസംബ്ലി തിരഞ്ഞെടുപ്പിൽ പിണറായി വിജയൻ ഇടതുപക്ഷ സ്ഥാനാർത്ഥിയായി പയ്യന്നൂരിൽ മത്സരിച്ചപ്പോൾ കോൺഗ്രസ്സ് സ്ഥാനാർത്ഥിയായി കെ.എൻ. കണ്ണോത്തായിരുന്നു മത്സരിച്ചത്.
കഴിഞ്ഞ കൊവിഡ് കാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ സംഭാവന നൽകി തന്റെ സാമൂഹ്യ പ്രതിബദ്ധതയും പ്രകടിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |